ഡബ്ലിൻ: ചെറുപ്പക്കാർക്കിടയിലും മറ്റും വർധിച്ചുവരുന്ന പുകവലി ശീലത്തിന് തടയിടാനുള്ള പദ്ധതികളുമായി ആരോഗ്യമന്ത്രാലയം. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിൽക്കുന്നവർക്ക് ഓൺ ദ സ്‌പോട്ട് പിഴ ഈടാക്കാനും വെൻഡിങ് മെഷീനുകളിലൂടെയുള്ള സിഗരറ്റ് വില്പന റദ്ദാക്കാനുമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ അനധികൃതമായി പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള കഠിന ശിക്ഷകൾ നടപ്പാക്കുന്നതിന് പുതിയ ബിൽ കൊണ്ടുവരാൻ ഡിപ്പാർട്ട്‌മെന്റിന് ആലോചനയുണ്ട്.

ബിൽ കൊണ്ടുവന്നാൽ ഇത്തരത്തിൽ പിടിക്കപ്പെടുന്ന റീട്ടെയ്‌ലർമാർക്ക് മിനിമം സസ്‌പെൻഷൻ പീരിയഡ് ഏർപ്പെടുത്തുന്ന വിധത്തിലായിരിക്കും ശിക്ഷാ നടപടികൾ. അനധികൃതമായി പുകയില വിൽക്കുന്ന റീട്ടെയ്‌ലർമാർക്ക് ശിക്ഷ നൽക്കുന്ന നിർദേശങ്ങൾ ആദ്യം മുൻ ആരോഗ്യമന്ത്രി ജെയിംസ് റീലി 2014-ൽ കൊണ്ടുവന്നിരുന്നതാണ്. പിന്നീട് വന്ന ഹെൽത്ത് മിനിസ്റ്റർ സൈമൺ ഹാരിസും ഈ നിർദേശത്തെ പിന്താങ്ങിയിരുന്നു. ഇ-സിഗരറ്റിന്റെ വില്പന നിയന്ത്രിക്കുന്നതിനും നടപടികൾ കൊണ്ടുവരാനാണ് ഉദ്ദേശം.