കൊച്ചി: ദിലീപ് കേസിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ചൂടേറിയ ചർച്ചവിഷയമായി മാറിയിട്ടുള്ള സലീഷ് വെട്ടിയാട്ടിലിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പൊലീസ് നീക്കം. ഇതിനായി കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. വിവാദ പരാമർശത്തിൽ നേരിട്ടും പരോക്ഷമായും ബന്ധമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പൊലീസ് മുന്തിയ പരിഗണ നൽകുക.

അപകടം സംബന്ധിച്ച് മുമ്പ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ പരാമർശങ്ങളും അന്വേഷണ പരധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സലീഷിന്റെ മരണത്തിൽ സംശയമുണ്ടെന്നും അതിനാൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരൻ അങ്കമാലി പൊലീസിൽ നൽകിയ പരാതി നൽകിയിരുന്നു. ഇതെത്തുടർന്നാണ് 2020 ഓഗസ്റ്റിൽ നടന്ന സലീഷിന്റെ അപകട മരത്തെക്കുറിച്ച് പൊലീസ് വീണ്ടും അന്വേഷണത്തിന് തയ്യാറായിട്ടുള്ളത്.

റൂറൽ എസ് പി കെ കാർത്തിക്കിന്റെ നിർദ്ദേശ പ്രകാരം അങ്കമാലി സി ഐ സോണി മത്തായിയായിരിക്കും കേസിൽ അന്വേഷണം നടത്തുക എന്നാണ് അറിയുന്നത്. ദീലിപ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഈ പരാതിയിൽ അന്വേഷണം നടത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്കമാലി ടെൽക്കിന് സമീപം വച്ച് ഉച്ചയോടെ സലീഷ് ഓടിച്ചിരുന്ന കാർ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് അങ്കമാലി പൊലീസിന്റെ റിപ്പോർട്ട്.

ഉറങ്ങിപ്പോയതാവാവാം അപകടത്തിന് കാരണമായതെന്ന നിഗമനവും റിപ്പോർട്ടിൽ പൊലീസ് ഉൾക്കൊള്ളിച്ചിരുന്നു. ആരും സംശയം ഉന്നയിക്കാതിരുന്നതിനാൽ അപകടമരണം എന്നതിനപ്പുറത്തേയ്ക്ക് അന്വേഷണം നീണ്ടില്ല. പുനരന്വേഷണം ആവശ്യം ഉയർന്നെങ്കിലും ഈ അപകടം സംബന്ധിച്ച് നേരത്തെയുള്ള അന്വേഷണ റിപ്പോർട്ടിൽ പൊലീസ് ഉറച്ചുനിൽക്കുന്നതായിട്ടാണ് സൂചന. എതിരെ ഒരു വാഹനം പോലും ഈ സമയം കടന്നുപോയിട്ടില്ലന്നും മീഡിയനിൽക്കയറി കാർ മറിഞ്ഞതാണ് സലീഷിന് പരിക്കേൽക്കാൻ കാരണമെന്നും സംശയത്തിന് ഇടനൽകാത്തവിധം സ്ഥിരീകരിക്കാനായതിന്റെ വെളിച്ചത്തിലാണ് നേരത്തെ കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ഈ നിലപാട് ഉയർത്തിപ്പിടിക്കാൻ കാരണമെന്നാണ് അറിയുന്നത്.

ദിലീപ് പ്രതിയായ കേസിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന മാധ്യമ വാർത്തകളാണ് സംശയങ്ങൾക്ക് ആധാരമെന്ന് സഹോദരൻ അങ്കമാലി പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുക സ്വാഭാവിക നടപടി മാത്രമാണെന്നും എല്ലാവശങ്ങളും വിശദമായി പരിശോധിക്കുമെന്നുമാണ് ഈ വിഷയത്തിൽ പൊലീസിന്റെ പ്രതികരണം. ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് നടത്തിയിരുന്നത് സലീഷിന്റെ എറണാകുളത്തെ സർവീസ് സെന്ററിലായിരുന്നു.

ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന സലീഷ് 'വെൽക്കം ടു സെൻട്രൽ ജയിൽ' അടക്കമുള്ള ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സലീഷിന്റെ മരണത്തിൽ ദുരൂഹതകൾ ഉന്നയിച്ചുള്ള പരാമർശങ്ങൾ ഉയർന്നിട്ടുള്ളത്. ചർച്ചയാക്കുന്നത്.സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നുമാണ് സലീഷിന്റെ കുടുംബത്തിന്റെ ആവശ്യം.