തൃശൂർ: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ എട്ടങ്ങാടി കോളനി സ്വദേശി കണ്ണംകുളത്ത് പറമ്പിൽ സലീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വീട്ടിൽ അതിക്രമിച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. സജീവ കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസിന്റെ സൈബർ വിംഗായ ഇന്ദിര സൈബർ കോൺഗ്രസ് എന്ന സംഘടനയുടെ തൃശൂർ ജില്ല ജനറൽ സെക്രട്ടറിയുമാണ് പിടിയിലായ സലീം.

ഫെബ്രുവരി രണ്ടാം തിയ്യതിയാണ് കേസിനാസ്പതമായ സംഭവങ്ങളുടെ തുടക്കം. സലീം നേരത്തെ പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ ആശാരിപ്പണിക്കായി വന്നിരുന്നു. ഇതേ വീട്ടിലെ ഫ്ളോർ മാറ്റുകൾ വിരിക്കുന്ന ജോലികളും സലീമായിരുന്നു ചെയ്തിരുന്നത്. ഈ സമയത്ത് പീഡനത്തിനിരയായ യുവതിയുമായി സലീം പരിചയപ്പെട്ടിരുന്നു. കേവലം സൗഹൃദം മാത്രമായിരുന്ന ഈ പരിചയത്തെ സലീം ദുരുപയോഗം ചെയ്യുകയും പിന്നീട് ഫെബ്രുവരി 2ാം തിയ്യതി വീട്ടിൽ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും രണ്ട് തവണ വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകുകയോ മാറ്റാരോടെങ്കിലും പറയുകയോ ചെയ്താൽ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പരസ്യമാക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയികുന്നു. വലിയൊരു സൈബർ ഗ്രൂപ്പിന്റെ തൃശൂർ ജില്ല ജനറൽ സെക്രട്ടറിയാണ് താനെന്നും തനിക്ക് കീഴിൽ ഫെയ്സ് ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും നിരവധി ഗ്രൂപ്പുകളുണ്ടെന്നും പീഡന ദൃശ്യങ്ങൾ ആ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുമെന്നും സലീം ഭീഷണിപ്പെടുത്തി.

സലീമിന്റെ ഭീഷണികൾ നിരവധി തവണ ആവർത്തിച്ചതോടെയാണ് യുവതി കഴിഞ്ഞ വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സലീമിനെതിരെ കേസെടുത്തിരുന്നു. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ ഉടൻ തന്നെ പ്രതി ഒളിവിൽ പോകാനായി ശ്രമിച്ചെങ്കിലും ഇന്നലെ ഇരിങ്ങാലക്കുട കോണത്തക്കുന്നിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടൂർ എസ്ഐ വിവി വിമൽ, പിജെ ഫ്രാൻസിസ്, എഎസ്ഐ ജലീൽ മാരാത്ത്, കെ അജയ്, സിപിഒമാരായ കെഎസ് ഉമേഷ് മുരുകദാസ്, ഇഎസ് ജീവൻ, അജീഷ്, ടികെ സിന്ധു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.