കൊച്ചി: നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ ദിലീപ് അഴിക്കുള്ളിലായി. ഇതോടെ താര സംഘടന പോലും നടനെ കൈവിട്ടു. അമ്മയിൽ നിന്ന് പുറത്താക്കി. തെളിവെടുപ്പ് സമയം കൂക്കി വിളികൾ. ഈ പ്രതിസന്ധി ഘട്ടത്തിൽ ദിലീപിന് പരസ്യപിന്തുണയുമായെത്തിയ വ്യക്തിയാണ് സലിം ഇന്ത്യ. ഒരു വിഷയത്തിന്റെ മറുപുറം കൂടി അറിയണമെന്ന ചിന്തയിൽ നിന്നാണ് ഇതിനു പ്രചോദനമുണ്ടായതെന്ന് സലീമിന്റെ സാക്ഷ്യം. കേരളം മുഴുവൻ ഒരുകാലത്ത് നെഞ്ചേറ്റിയ താരമാണ് ദിലീപ്. ഇതൊക്കെയാണെങ്കിലും ആപത്തു വന്നപ്പോൾ തിരിഞ്ഞുനോക്കാൻ ആരുമില്ലാതായി. മിക്കവരും കൈവിട്ടു. അത്തരമൊരവസ്ഥയിൽ നീതി നിഷേധിക്കപ്പെടരുതെന്ന ചിന്തയിൽ നിന്നാണ് എഴുത്തുകാരൻ കൂടിയായ സലിം ഇന്ത്യയുടെ പടപ്പുറപ്പാട്.

ചാലക്കുടിയിലെ ഡി സിനിമാസ് തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ ശയന പ്രദക്ഷിണമായിരുന്നു ആദ്യനടപടി. തുടർന്ന് നിരാഹാരം. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് 10 മണിക്കായിരുന്നു ചാലക്കുടി നഗരസഭാപരിസരത്തെ ശയന പ്രദക്ഷിണം. കട്ടിലും ചെറിയ ഫ്ളക്സ് ബോർഡും കൊണ്ടുവച്ചു. ദിലീപിനു പോലും അറിയാത്ത വേളയിലാണ് ആലുവ ജയിലിൽ സലിം ഓഗസ്റ്റ് 12 നു സന്ദർശനത്തിനു ചെന്നത്. ഇതിന് ശേഷം ദിലീപിനായി വാദങ്ങളുയർത്തി. പ്രധാനമന്ത്രിക്ക് കത്തെഴുതി. ദിലീപ് കുറ്റവാളിയല്ലെന്നാണ് സലിം ഇന്ത്യയുടെ പൂർണ്ണ വിശ്വാസം. മംഗളം സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലും സലിം ഇന്ത്യ ഉയർത്തിപിടിക്കുന്നത് ദിലീപിന്റെ നിരപരാധിത്വമാണ്.

മംഗളം സിനിമയിലെ സലിം ഇന്ത്യയുടെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ: നടിയെ പീഡിപ്പിട്ട യഥാർത്ഥ സംഭവത്തിലെ സൂത്രധാരനെയാണ് നിങ്ങൾ പിന്തുണച്ചത്. നടിയോട് ചെയ്ത ദ്രോഹത്തിന് താങ്കൾ എങ്ങനെ പ്രായശ്ചിത്വം ചെയ്യുമെന്ന ചോദ്യത്തോടെ സലിം ഇന്ത്യയുടെ പ്രതികരണം ഇങ്ങനെയാണ്. ഞാൻ ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ നടിക്ക് സമ്മതമാണെങ്കിൽ ഞാന് വിവാഹം കഴിക്കാം. പ്രായശ്ചിത്തമായിട്ടല്ല. ഒരു ജീവിത പങ്കാളിയെ ആവശ്യമുള്ളതു കൊണ്ടാണെന്ന് സലിം ഇന്ത്യ പറയുന്നു. ഗൂഢാലോചനക്കേസിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല. ശിക്ഷിക്കപ്പെട്ടാൽ താൻ ആത്മഹത്യ ചെയ്യുമെന്നും സലിം ഇന്ത്യ പറയുന്നു.

ഷർട്ടും ലുങ്കിമുണ്ടും. റിമാൻഡ് പ്രതിയായതു കൊണ്ട് ജയിൽ യൂണിഫോമിലായിരുന്നില്ല. സിസിടിവി ഘടിപ്പിച്ച ഗാർഡ് റൂമിലായിരുന്നു സന്ദർശനം. ജയിൽ ഉദ്യോഗസ്ഥരും ജയിൽ സുപ്രീണ്ടും മഫ്തിയിൽ പൊലീസുകാരനുമുണ്ടായിരുന്നു. ഔദ്യോഗിക മനുഷ്യവ്യൂഹത്തിന് നടുവിൽ ഞാനും ദിലീപും പരസ്പരം നോക്കി നിന്നു. കഠിന ദുഃഖം മറച്ചുവയ്ക്കാൻ ദിലീപ് ചിരിച്ചു. ദിലീപിന് എങ്ങനെ ചിരിക്കാൻ കഴികുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടു. ഞാൻ തെറ്റു ചെയ്തിട്ടില്ല ചേട്ടായെന്ന് ദിലീപ് അപ്പോൾ പറഞ്ഞെന്നും സലിം ഇന്ത്യ വിശദീകരിക്കുന്നു. എന്റെ കരം ഗ്രഹിച്ചിട്ട് ദിലീപ് പറഞ്ഞു. ആ വാക്കുകൾ എന്റെ ഹൃദയത്തെ തൊട്ടു.

മഞ്ജു വാര്യരിൽ സ്‌നേഹ നിധിയായ അമ്മയുണ്ടെന്ന് ആർക്കാണ് അറിയാത്തത്. എന്നിട്ടും ആ നല്ല അമ്മയുടെ കൂടെ പോകാതെ മഞ്ജുവും ദിലീപും പിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം താമസിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിന്റെ അർത്ഥം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരു മാതൃകാ പുരുഷൻ ദിലീപിൽ ഉണ്ടെന്നാണ്. സ്‌നേഹമുള്ള ഒരച്ഛൻ. സ്‌നേഹമുള്ള ഒരു മകൻ, സ്‌നേഹമുള്ള ഒരു ഭർത്താവ്, ഈ വ്യക്തിത്വങ്ങളെല്ലാം സമഞ്ജസമായി സമന്വയിക്കപ്പെട്ടിരിക്കുന്നു ദിലീപിൽ. പിന്നെ ദിലീപ് നിരപരാധിയാണെന്ന തെളിവുകൾ അത് ഞാൻ കോടതിയിൽ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ പറയുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ അതേ ജില്ലക്കാരനാണ് സലിം ഇന്ത്യ. നടിയെ കണ്ട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് സലിം ഇന്ത്യ പ്രതികരിക്കുന്നത് ഇങ്ങനെയാണ്‌കൊച്ചു നാൾ തൊട്ടേ പ്രതിഭയുടെ പൊൻ തിളക്കം നടിയിൽ പ്രകടമായിരുന്നു. വളർന്നപ്പോൾ അഭിനേതി എന്ന നിലയിൽ നടി ദക്ഷിണേന്ത്യ കീഴടക്കി. ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം. നടിയെ കണ്ട് സംസാരിക്കുന്നതിന് ചില പ്രശ്‌നങ്ങളുണ്ട്. ഞാനിന്ന് പരക്കെ അറിയപ്പെടുന്നത് ഒരു ദിലീപ് ഭക്തനായിട്ടാണ്. സ്‌നേഹപൂർവ്വം സംസാരിക്കാൻ അരുകിലെത്തുന്ന ഞാൻ നടിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിച്ചുവെന്ന ദുർവ്യാഖ്യാനമുണ്ടായാൽ പണി പാളുമെന്ന് സലിം ഇന്ത്യ പറയുന്നു.

ദിലീപിനെ പിന്തുണച്ചതിൽ കുറ്റബോധമൊന്നുമില്ല. എങ്കിലും ഒരു നിലപാടിന്റെ ഇരാണ് താനെന്ന് സമ്മതിക്കുന്നു. ഈ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ഒരാൾ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ശത്രുക്കൾ അജ്ഞാതരായിരിക്കട്ടേ എന്ന് കരുതിയാണ് പരാതിപ്പെടാത്തത്. ദിലീപ് ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെന്നും സലിം ഇന്ത്യ വിശദീകരിക്കുന്നു. ഇപ്പോൾ ദിലീപിന് സ്തുതി പാടുന്നവരൊക്കെ ജയിൽ വാസകാലത്ത് ദിലീപിനെ ദ്രോഹിച്ചവരാണെന്നും സലിം ഇന്ത്യ പറയുന്നു.