പയ്യന്നൂർ: തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണ വിവരം അറിയിപ്പിക്കാൻ വൈകിപ്പിച്ച സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തിൽ സംഘാടകരെയും സിനിമാ പ്രവർത്തകരെയും പിന്തുണച്ച് നടൻ സലിംകുമാർ രംഗത്ത്. മൃതദേഹം വൈകിപ്പിച്ച സംഭവത്തിൽ കോഴിക്കോടെ സിനിമ പ്രവർത്തകരെയോ കലാകാരന്മാരെയോ താരനിശയുടെ സംഘാടകരേയോ കുറ്റം പറയരുതെന്നാണ് സലീം കുമാർ അഭിപ്രായപ്പെട്ടത്. പരിപാടി നടത്തിയത് ടിഎ റസാഖ് അടക്കമുള്ള അവശ കലാകാരന്മാരെ സഹായിക്കാനാണെന്നും നന്മ മാത്രം ലക്ഷ്യമിട്ടുള്ള പരിപാടിയാണെന്നും സലീം കുമാർ പ്രതികരിച്ചു.

ഇത്തരത്തിൽ സംഭവിച്ചതിനെ പോസിറ്റീവിയി കാണണമെന്നും പരിപാടിയുടെ സംഘാടകരോട് ക്ഷമിക്കുകയും നന്ദി പറയുകയുമാണ് ചെയ്യേണ്ടതെന്നും സലീം കുമാർ പറഞ്ഞു. ഇത്തരത്തിൽ സംഭവിച്ചതിന്റെ ഇരു വശങ്ങളും പരിശോധിക്കണമെന്നും പരിപാടിയിലെ നന്മ തിരിച്ചറിയണമെന്നും സലീം കുമാർ പ്രതികരിച്ചു.

കോഴിക്കോട് ഇന്നലെ മോഹൻലാലിന് ആദരമായി മോഹനം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ മരണ വാർത്ത അറിഞ്ഞിട്ടും പരിപാടി മുടങ്ങാതിരിക്കാൻ വേണ്ടി മറച്ചുവെക്കുകയായിരുന്നു. പരിപാട് മുടങ്ങാതിരിക്കാൻ ടിഎ റസാഖിന്റെ മരണ വിവരം മനഃപൂർവ്വം മറച്ചുവച്ചുവെന്നും മൃതദേഹത്തെ റോഡരികിൽ വൈകിപ്പിച്ചു കൊണ്ട് മൃതദേഹത്തോട് കടുന്ന അവഗണന കാണിച്ചുവെന്നും സംവിധായകനായ അലി അക്‌ബർ പ്രതികരിച്ചിരുന്നു. അതേസമയം ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന് കലാകേരളം ഒരു തരത്തിലും മാപ്പർഹിക്കുന്നില്ലെന്ന് സംവിധായകൻ വിനയൻ പ്രതികരിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് ടിഎ റസാഖ് അന്തരിച്ചത്. എന്നാൽ രാത്രിയോടെ മാത്രമാണ് മരണ വിവരം പുറത്തുവിട്ടതെന്നാണ് ആരോപണം. ഇന്നുച്ചയോടെ മലപ്പുറം കൊണ്ടോട്ടിയിലാണ് ടിഎ റസാഖിന്റെ ശവസംസ്‌കാരം.