ഗായകൻ യേശുദാസിന്റെ സെൽഫി വിവാദം സോഷ്യൽമീഡിയയിൽ ആളികത്തുകയാണ്. നിരവധി പേർ യേശുദാസിനെ പിന്തുണയക്കുമ്പോഴും മറ്റ് ചിലർ ഗായകനെ വിമർശിക്കുന്നുമുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സലിം കുമാർ യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.

യേശുദാസിന് അൽപ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്നും അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ലെന്നും സലിം കുമാർ പ്രതികരിച്ചു.യേശുദാസ് നടന്നുവരുമ്പോൾ അനുവാദം ചോദിക്കാതെ എടുത്ത സെൽഫി അദ്ദേഹം വാങ്ങി ഡിലീറ്റ് ചെയ്തു. അതിലെന്താണു തെറ്റ്? കൂടെനിൽക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെൽഫി. ഒന്നുകിൽ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കിൽ അദ്ദേഹം നടന്നു വരുമ്പോൾ റെഗുലർ ഫോട്ടൊ എടുക്കാം. യേശുദാസിന്റ മേൽ കൊമ്പുകയറും മുമ്പ് അത്രയെങ്കിലും മനസിലാക്കണം. അവാർഡ് നിരസിച്ചവരുടെ നിലപാടു പോലെ തന്നെ അതു സ്വീകരിക്കാനുള്ള നിലപാടെടുക്കാൻ യേശുദാസിന് അവകാശമുണ്ടെന്നും സലിം കുമാർ പറഞ്ഞൂ.

സെൽഫി ഈസ് സെൽഫിഷ് എന്ന് പറഞ്ഞായിരുന്നു യേശുദാസ് ആരാധകനിൽ നിന്ന് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തത്. അവാർഡ് വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് മലയാളി താരങ്ങളടക്കം ബഹിഷ്‌കരിച്ച പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുക്കാനായി ഹോട്ടലിൽ നിന്നും ഗാനഗന്ധർവൻ പുറപ്പെടുമ്പോഴായിരുന്നു സംഭവം.