റ്റൊരു സംവിധായകന്റെ നായകനെ തട്ടിക്കൊണ്ടു പോകാൻ ആ നായകൻ മമ്മൂട്ടിയും മോഹൻലാലുമൊന്നും അല്ലല്ലോയെന്ന് നടൻ സലിംകുമാർ. ഭിന്നശേഷിയുള്ളവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളോടു പ്രതികരിക്കുകയായിരുന്നു സലിംകുമാർ.

ലോകത്തിലാദ്യമായി ഇത്തരം കുട്ടികളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന സിനിമ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കിൽ കയറാൻ പോവുകയാണെന്ന് നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാർ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതിനെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകൻ രാജീവ് രംഗൻ രംഗത്തെത്തിയത്. മൂന്ന് വർഷമായി ഇത്തരമൊരു സിനിമയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ട തന്നെ ഒതുക്കി പ്രശസ്തനാകാനുള്ള ശ്രമമാണ് സലിംകുമാറിന്റേതെന്ന് രാജീവ് രംഗൻ പറഞ്ഞിരുന്നു.

ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങൾ മുൻനിർത്തി സംവിധാനം ചെയ്യുന്ന 'മകൻ' എന്ന സിനിമയിലെ നായകൻ എൽദോ എന്ന വിദ്യാർത്ഥിയെ സലിംകുമാർ അദേഹത്തിന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ വേണ്ടി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് രാജീവ് രംഗൻ 'മംഗളം' ഓൺലൈനുമായി നടത്തിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഈ ആരോപണത്തോടാണ് സലിംകുമാർ പ്രതികരിച്ചത്.

രാജീവ് രംഗന്റെ സിനിമയിൽ അഭിനയിക്കുന്ന 'എൽദോ' എന്ന പയ്യനെ നേരിട്ട് കണ്ടിട്ടില്ല. അവനെ തട്ടിയെടുക്കാനുള്ള ശ്രമവും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അങ്ങിനെ തട്ടിയെടുക്കാനൊക്കെ ശ്രമിക്കണമെങ്കിൽ ആ നായകൻ മമ്മൂട്ടിയും ലാലും അടക്കമുള്ള ഏതെങ്കിലും സൂപ്പർസ്റ്റാർ ആയിരിക്കണം. എൽദോ അങ്ങിനെയുള്ള നടനൊന്നുമല്ലല്ലോ എന്നു സലിംകുമാർ മംഗളത്തോടു പറഞ്ഞു.

രാജീവ് രംഗൻ എത്ര സിനിമകൾ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കണം. മലയാള സിനിമയ്ക്ക് അയാൾ എന്തു സംഭാവനയാണ് നൽകിയിട്ടുള്ളതെന്നും പരിശോധിക്കേണ്ടതുണ്ട്. രാജീവ് രംഗന്റെ സിനിമയിൽ നായകനായി അഭിനയിക്കുന്ന വിദ്യാർത്ഥിയാരാണെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ എൽദോ എന്ന പയ്യനെ കുറിച്ച് എന്നോട് പറയുന്നത് നാദിർഷയാണ്. ആദർശ് സ്‌കൂളിൽ മികച്ച രീതിയിൽ അഭിനയശേഷി പ്രകടിപ്പിക്കുന്ന ഒരു കുട്ടിയുണ്ടെന്നും ഭിന്നശേഷിയുള്ളവരുടെ പ്രശ്‌നങ്ങൾ അനാവരണം ചെയ്യുന്ന എന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ സാധിച്ചേക്കുമോയെന്നും നാദിർഷാ ചോദിക്കുകയായിരുന്നു.

ഈ സ്‌കൂളിലെ ടീച്ചറുടെ നമ്പർ എനിക്ക് നാദിർഷാ തരികയും ചെയ്തു. ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ എൽദോയുടെ പിതാവിന്റെ നമ്പർ തരികയാണ് ടീച്ചർ ചെയ്തത്. ഇതേതുടർന്ന് ഞാൻ എൽദോയുടെ അച്ഛനേയും ഫോണിൽ വിളിച്ചു സംസാരിച്ചു. അവർക്ക് എൽദോയെ എന്റെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനായി രാജീവ് രംഗനോട് ഞാൻ ചോദിച്ച് സമ്മതം വാങ്ങിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അതെന്റെ പണിയല്ലെന്നും അതൊന്നും നടക്കില്ലെന്നും ഞാനും പറഞ്ഞു.-സലിം കുമാർ പറഞ്ഞു.

''ഞാൻ ഒരിക്കൽപ്പോലും ഈ എൽദോ എന്ന പയ്യനെ നേരിട്ട് കണ്ടിട്ടില്ല. അവന്റെ അച്ഛനമ്മമാരേയും കണ്ടിട്ടില്ല. ഫോണിലൂടെ മാത്രമാണ് അവരുമായി സംസാരിച്ചത്. മാത്രമല്ല, എൽദോ എന്റെ സിനിമയിൽ അഭിനയിക്കാൻ വന്നിരുന്നെങ്കിൽ തന്നെ നായകവേഷമൊന്നും നൽകാൻ സാധിക്കില്ലായിരുന്നു. എന്റെ സിനിമയിൽ നായകനും നായികയുമൊക്കെ നേരത്തെ തന്നെ റെഡിയായി കഴിഞ്ഞിരുന്നു. എന്തെങ്കിലുമൊരു വേഷം നൽകുമായിരുന്നുവെന്ന് മാത്രം. അങ്ങിനെ ഒരു വേഷം ചെയ്യുമ്പോൾ എൽദോ ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു ചെയ്യുക. ആ ഒരവസരമാണ് അവന് നഷ്ടമായത്. അതിനുള്ള വിഷമം അവനും അവന്റെ മാതാപിതാക്കൾക്കുമുണ്ട്. അവരത് എന്നോട് പങ്കുവച്ചിട്ടുമുണ്ട്.

പണമില്ലാത്തതുകൊണ്ട് രാജീവ് രംഗനു സിനിമ പൂർത്തീകരിക്കാൻ സാധിക്കാത്തത് എന്റെ കുറ്റമാണോ...? എന്റെ സിനിമ രണ്ട് മണിക്കൂറാണ്. പൂർണ്ണമായും എന്റെർടെയ്‌മെന്റ് തന്നെയാകും കമ്പാർട്ട്‌മെന്റ്. സുരേഷ്‌ഗോപിയും കലാഭവൻ ഷാജോണുമൊക്കെ അഭിനയിക്കുന്നുണ്ട്. എൽദോ അഭിനയിച്ചിരുന്നെങ്കിൽ അതവന് മികച്ച അവസരമാകുമായിരുന്നുവെന്നതിൽ സംശയമില്ല. അവനെ പോലുള്ള ഒരു പയ്യന് ഒന്നിനുപിറകെ മറ്റൊന്നായി കൈനിറയെ അവസരങ്ങൾ ലഭിക്കുമെന്നൊന്നും സങ്കൽപ്പിക്കാനാവില്ല. ഒന്നോ രണ്ടോ സിനിമകൾ കിട്ടിയേക്കും. അതുകൊണ്ട് തന്നെ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു വേണ്ടത്. അതിന് രാജീവ് രംഗൻ സമ്മതിച്ചില്ല. അതിന്റെ നഷ്ടം ആ പയ്യനും കുടുംബത്തിനും തന്നെയാണ്. കിട്ടുന്ന സാഹചര്യത്തിൽ പരമാവധി സിനിമകളിൽ അഭിനയിപ്പിക്കാനല്ലേ നോക്കേണ്ടത്...?

ഭിന്നശേഷിയുള്ളവരുടെ കാര്യത്തിൽ എനിക്ക് കൂടുതൽ താൽപ്പര്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു വിഷയവുമായി ബന്ധപ്പെട്ട് ഞാൻ സിനിമ ചെയ്യാൻ തയ്യാറായതും. രാജീവ് രംഗൻ എന്റെ സുഹൃത്തൊന്നുമല്ല. അയാളുമായി കൂടുതൽ പരിചയവുമില്ല. എന്നാൽ അയാൾക്ക് അവസരമുണ്ടാക്കികൊടുക്കാൻ ഞാനും ശ്രമിച്ചിട്ടുണ്ട്. 'ചാർ സൗ ബീസ്' എന്ന സിനിമ രാജീവ് രംഗനായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആദ്യ ദിവസംകൊണ്ടുതന്നെ അയാൾക്ക് സംവിധാനം അറിയില്ലെന്നും പറഞ്ഞ് നിർമ്മാതാവ് മാറ്റി. അയാളെ മാറ്റരുതെന്നും സംവിധാനം ചെയ്യാൻ ഒരവസരം നൽകണമെന്നുമൊക്കെ ഞാനും വാദിച്ചുനോക്കി. എന്നാൽ ഒന്നും അറിയാത്ത ഒരാളെ എങ്ങിനെ സംവിധാനം ഏൽപ്പിക്കുമെന്ന ചോദ്യത്തിന് എനിക്കുത്തരമുണ്ടായില്ല.''- സലിം കുമാർ പറഞ്ഞു.

ഇപ്പോൾ വിവാദവുമായി രംഗത്ത്‌വന്നതോടെ രാജീവ്‌രംഗൻ തന്നെയാണ് സ്വയം അപമാനിക്കപ്പെട്ടതെന്നും സലിം കുമാർ പറഞ്ഞു. അയാൾ സിനിമയിലേക്ക് ആളെ എടുക്കുന്നതിനായി 350 രൂപ വീതം ഫീസ് വാങ്ങി തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്നത് ഞാനല്ല; തട്ടിപ്പിന് ഇരയായവർ തന്നെയാണ് ഇതേകുറിച്ച് പോസ്റ്റിട്ടത്. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നുവത്രെ ഇയാൾ സിനിമാ മോഹവുമായി എത്തിയവരിൽനിന്ന് 350 രൂപാ വീതം പിരിച്ചത്. ഇതൊക്കെ ഇപ്പോഴാണ് പുറത്ത്‌വരുന്നത്. അയാൾ അനാവശ്യ വിവാദമുണ്ടാക്കിയതാണ് ഇത്തരം കാര്യങ്ങൾ തട്ടിപ്പിന് ഇരയാവരുടെ പോസ്റ്റിലൂടെ പുറത്ത്‌വരുന്നതിന് ഇടയാക്കിയതെന്നും സലിംകുമാർ മംഗളത്തോടു പറഞ്ഞു.