തിരുവനന്തപുരം: കറുത്ത യഹൂദൻ എന്ന സിനിമക്ക് ശേഷം മലയാളികളെ ശരിക്കും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് സലിം കുമാർ. കോമഡി വേഷങ്ങളിൽ തിളങ്ങിയ നടൻ എന്ന നിലയിൽ തുടങ്ങി ഗൗരവ വേഷങ്ങൾ ചെയ്യിപ്പിച്ച് പ്രേക്ഷകരെ കരയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ദേശീയ അവാർഡ് നേടിയ നടൻ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ഇതിന് ശേഷം തമാഴ നിറച്ച ചിത്രവുമായെത്തി മലയാളികളെ വീണ്ടും ഞെട്ടിക്കുകയാണ് സലിം കുമാർ എന്ന പ്രതിഭ.

സലിം കുമാർ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം ഗ.കുമാറാകണം' ചിത്രത്തിന്റെ ട്രെയിലർ കണ്ട് മലയാളികൾ ഇതുവരെ ചിരിനിർത്തിയിട്ടില്ല. കുടുംബഹാസ്യ ചിത്രമെന്ന വിധത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തെ സൈബർ ലോകം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ബോബി ചെമ്മണ്ണൂരിനെ അനുസ്മരിപ്പിക്കുന്ന വേഷപ്പകർച്ചയാണ് സലിംകുമാറിന്. ഈ രംഗങ്ങൾ കണ്ട് ത്രില്ലടിച്ചിരിക്കയാണ് ആരാധകർ. ബോബി ചെമ്മണ്ണൂരിന്റെ രക്തബാങ്കിന് വേണ്ടിയുള്ള ഓട്ടവും പരസ്യത്തിൽ ഫുട്‌ബോളറായി കളിക്കുന്ന രംഗങ്ങളുമെല്ലാം ഉൾപ്പെടുത്തി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ട്രെയിലറാണ് പുറത്തുവന്നത്.