ടതുകോട്ടയായ പരവൂരിൽ കോൺഗ്രസിന്റെ ശക്തനായ പ്രചാരകനായിരുന്നു നടൻ സലിം കുമാർ. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രചാരണ വാഹനങ്ങളിൽ സ്ഥിരം അനൗൺസറായിരുന്ന സലിം കുമാർ ഇക്കുറി സിനിമാ താരങ്ങളുടെ മത്സരങ്ങളിൽ ആർക്കൊപ്പമാണ്.

സലിം കുമാർ പറയുന്നത് നടൻ സിദ്ദിഖ് മത്സരിച്ചാൽ സിദ്ദിഖിനായി പ്രചാരണണത്തിന് ഇറങ്ങുമെന്നാണ്. അതേസമയം, കോൺഗ്രസ് പത്തനാപുരത്തു പരിഗണിക്കുന്ന ജഗദീഷ് തോൽക്കുമെന്നാണു സലിം കുമാർ പറയുന്നത്. കൊല്ലത്തു മുകേഷ് മത്സരിച്ചാൽ ജയിക്കുമെന്നും സലിം കുമാർ പറയുന്നു.

പത്തനാപുരത്ത് വിജയ പ്രതീക്ഷയില്ലാത്ത ജഗദീഷിനായി ഊർജ്ജം കളയാനില്ലെന്നാണു സലിമിന്റെ പ്രതികരണം. രാഷ്ട്രീയത്തിലിറങ്ങുന്നവരെല്ലാം കള്ളന്മാരാണെന്ന പൊതു ധാരണ ജനങ്ങൾക്കിടിയിൽ ഉള്ളതിനാൽ ആരെക്കൊണ്ടും തന്നെ കള്ളനെന്നു വിളിപ്പിക്കാൻ ഒരുക്കമല്ലെന്നാണ് സലീം കുമാറിന്റെ പക്ഷം. കലാഭവൻ മണി മത്സരിച്ചിരുന്നുവെങ്കിൽ കുന്നത്തുനാട്ടിൽ നൂറു ശതമാനം ജയിച്ചേനെ എന്നും സലിം കുമാർ പറയുന്നു.

കോൺഗ്രസുകാരനാണെന്ന് നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് സലിംകുമാർ. ഇത്തവണ മത്സരിക്കുമെന്ന് ഉറപ്പാക്കിയിരിക്കുന്ന ജഗദീഷിനും സിദ്ദിഖിനും ഗണേശിനും പുറമേ സിനിമയിൽ നിന്നും മുകേഷിന്റെയും കൊല്ലംതുളസിയുടേയും ലാലു അലക്‌സിന്റെയും പേർ വരെ തെരഞ്ഞെടുപ്പ് മേഖലയിൽ കേൾക്കുന്നുണ്ട്. ആലപ്പുഴയിൽ സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സിദ്ദിഖിനായി പ്രചരണം നടത്താൻ ആലപ്പുഴ ഡിസിസി പൂർണ്ണസമ്മതവും അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സിനിമാക്കാരിൽ നിന്നും പ്രചാരണത്തിനായി എത്തുന്ന മറ്റൊരാൾ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ്. താൻ മത്സരിക്കാനില്ലെന്നും എന്നാൽ ഇടതുപക്ഷത്തിന്റെ പ്രചരണത്തിനുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.