ദേശീയ അവാർഡ് കൂടിയായ നടൻ സലീം കുമാർ സംവിധായകനാകുന്നുവെന്നും ആദ്യ സിനിമ ഭിന്നശേഷിയുള്ള കുട്ടികളെ വച്ചാണെന്നു മുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ വിവാദങ്ങളും പടരുകയാണ്.

ഭിന്നശേഷിയുള്ള കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത് താനാണെന്ന സലിംകുമാറിന്റെ അവകാശവാദത്തിനെതിരെയാണ് രാജീവ് രംഗൻ രംഗത്ത് വന്നത്. ഫേസ്‌ബുക്കിലൂടെയാണ് രാജീവ് രംഗൻ സലിംകുമാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നത്.

മൂന്ന് വർഷമായി ഇത്തരമൊരു സിനിമയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ട തന്നെ ഒതുക്കി പ്രശസ്തനാകാനുള്ള ശ്രമമാണ് സലിംകുമാറിന്റേതെന്ന് രാജീവ് രംഗൻ പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രംഗൻ ഒരു ചിത്രം സംവിധാനം ചെയ്യുകയാണ്. മകൻ ദി കിഡ് എന്നാണ് രാജീവിന്റെ ചിത്രത്തിന്റെ പേര്. ഇതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനിടെയാണ് കംപാർട്ട്‌മെന്റ് എന്ന ചിത്രത്തിലൂടെ സലിംകുമാർ സംവിധായകനാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ഇതാണ് രാജീവിനെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

തന്റെ സിനിമയ്ക്കുവേണ്ടി എൽദോ എന്ന ഭിന്നശേഷിയുള്ള പതിനാറുകാരൻ വിദ്യാർത്ഥിയെ മൂന്ന് വർഷം നീണ്ട പരിശ്രമത്തിലൂടെയാണ് താൻ ഒരുക്കിയെടുത്തതെന്നും മികച്ച രീതിയിൽ അഭിനയിക്കുമെന്ന് വ്യക്തമായതോടെ സലിംകുമാർ എൽദോയുടെ വീട്ടിലെത്തി അയാളുടെ സിനിമയിൽ അഭിനയിച്ചാൽ കാൻ ഫിലിംഫെസ്റ്റിൽവരെ അവാർഡ് നേടുമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി രാജീവ് പറയുന്നു.
രാജിവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

പ്രിയപ്പെട്ട കൂട്ടുകാരേ .., അത്യധികം ഹൃദയവേദനയോടെയാണ് ഇത് ഞാൻ ഇവിടെ കുറിക്കുന്നത് . എന്നെ ഇഷ്ടപ്പെടുന്ന എന്നെ ഇന്നും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഇത് പങ്കു വെക്കുവാനും ഒരു സത്യാവസ്ഥ അറിയിക്കുവാനും വേണ്ടിയാണ് ഈ കുറിപ്പ് . കഴിഞ്ഞ കുറെ വര്ഷങ്ങളായി ഞാൻ 'ഭിന്ന ശേഷിയുള്ള ' കുട്ടികളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങളിൽ പങ്കു കൊള്ളുകയും അവരുടെ ക്ഷേമ പ്രവർ്ത്തനങ്ങളുടെ ഭാഗമായി ഒരു ചലച്ചിത്രത്തിന്റെ പണിപ്പുരയിലുമാണ്.

എന്റെ ' മകൻ ദി കിഡ്' എന്ന ചിത്രത്തിലൂടെ ഭിന്നശേഷിയുള്ള കുട്ടികൾക്കിടയിൽ ഞാൻ കണ്ടെത്തിയ എൽദോ എന്ന കുട്ടിയെ നായക കഥാപാത്രം ആക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്'. എന്റെ എൽദോ തന്നെയാണു ഇന്ത്യൻ സിനിമയിലെ ഇത്തരം കുട്ടികളിലെ ആദ്യത്തെ നായക നടൻ. പക്ഷേ എന്റെ ചിത്രം നിർമ്മിക്കപ്പെടുന്നു എന്ന് അറിഞ്ഞു കൊണ്ടു തന്നെ സലിം കുമാർ എന്നാ നടൻ ഇതേ തരം വിഷയവുമായി ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നു. ഇത്തരം ഒരു ചിത്രത്തിലൂടെ അവാർഡ് വാങ്ങുകയാണത്രേ ലക്ഷ്യം.

അദ്ദേഹം സംവിധാനം ചെയ്യുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്നാൽ അദ്ദേഹം എന്റെ സിനിമയെ കുറിച്ച് വളരെ മോശമായി പരാമർശിക്കുന്നതിൽ എനിക്ക് അതിയായ ദുഃഖം ഉണ്ട്. അവാർഡുകൾ പ്രതീക്ഷിച്ചു ഞാൻ ചെയ്യുന്ന ഒരു സിനിമ അല്ല എന്റെ സിനിമ. അവാർഡുകളൊക്കെയും അദ്ദേഹത്തിനു കിട്ടിക്കോട്ടെ '... പക്ഷെ ദയവായി എന്നെയും എന്റെ സിനിമയെയും വെറുതെ വിട്ടേക്കണം എന്ന് ' അവാർഡ് പ്രേമി ശ്രീ ' സലീം കുമാറിനോട് ഒരു അപേക്ഷയെ ഉള്ളൂ എനിക്ക് . എന്റെ എൽദോ യുടെ മികച്ച പ്രകടങ്ങളുമായി എന്റെ ചിത്രം വൈകാതെ നിങ്ങളുടെ മുന്നിൽ എത്തുമെന്നും നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും എന്നും എനിക്കുണ്ടാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.