സിനിമാ താരങ്ങൾ ബിസിനസിലും ഭാഗ്യ പരീക്ഷണം നടത്തുവരാണെന്ന് ഏവർക്കും അറിയാം. അക്കൂട്ടത്തിൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് നടൻ ധർമ്മജന്റെ മത്സ്യവ്യാപാരം. 'ധർമ്മൂസ് ഫിഷ് ഹബ്' പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ നിരവധി താരങ്ങൾ അഭിനന്ദവുമായി എത്തുകയും മത്സ്യവ്യാപാരത്തിലേക്ക് ചുവട് വയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ധർമ്മജന്റെ ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി രമേശ് പിഷാരടിയും കലാഭവൻ പ്രസാദും ചേർന്ന് ആരംഭിച്ചത് ഇപ്പോൾ ഏറെ ചർച്ചാവിഷയമാവുകയാണ്. വെണ്ണലയിൽ ആരംഭിച്ച കട നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു. കലാഭവൻ ഷാജോണും ടിനി ടോമുമടക്കമുള്ള താരനിരയാണ് ഉദ്ഘാടനത്തിന് സാക്ഷിയാകാനെത്തിയത്. ഉദ്ഘാടനത്തിന് ശേഷം നടൻ സലിം കുമാർ നടത്തിയ പ്രസംഗം ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.

ചിരി വിരുന്നുമായി സലിം കുമാർ

'പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടൻ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാൻ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യൻ ലോകത്തിൽ ആദ്യമായി മീൻ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്. മത്സ്യത്തിന്റെ കാര്യത്തിൽ ധർമജൻ ഇപ്പോൾ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാൻ പോകുന്നു. നാദിർഷായും ദിലീപും കൂടി കളമശേരിയിൽ തുടങ്ങുന്നു.

പിഷാരടി മീൻ കട തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടിൽ വളർന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവർക്കും മീൻ കറി വിളമ്പുമ്പോൾ പിഷാരടിക്ക് മാത്രം വെജിറ്റബിൾ. അങ്ങനെയുള്ള ആൾ എങ്ങനെ മീൻ കട തുടങ്ങുവെന്നായിരുന്നു അവളുടെ ചോദ്യം.

അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്നും. അപ്പോൾ ഞാൻ പറഞ്ഞു, അവൻ സൈക്കിളിലിരിക്കും ഞാൻ കോട്ടണിഞ്ഞ് മീൻ മീൻ എന്നു വിളിച്ചുപറഞ്ഞാകും ഉദ്ഘാടനം എന്നു. ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാൽ ഭാവിയിൽ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സൈക്കിളിൽ 'പെടക്കണ ചാളയുണ്ട്' എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്.' സലിം കുമാറിന്റെ വാക്കുകൾ കേൾവിക്കാരെ കുടുകുടാ ചിരിപ്പിച്ചിരുന്നു.

വർഷങ്ങളായി വേദികളിൽ ഒന്നിച്ച് നിറഞ്ഞു നിന്ന ധർമ്മജനും പിഷാരടിയും കച്ചവടത്തിലും കൈകോർക്കുന്നത് ആരാധകരിലും ആവേശമുയർത്തിയിരിക്കുകയാണ്. 'ധർമ്മജൻ ബുദ്ധിമാനാണ്. ലണ്ടനിൽ വച്ച് എന്നെ നിർബന്ധിച്ച് മീൻ തീറ്റിച്ചെന്നും അവിടെ നിന്നാണ് ഇത് തുടങ്ങുന്നതെന്നും 'പിഷാരടി പറയുന്നു.