പത്തനംതിട്ട: ഒരു മുന്നണിയാണെന്നു പറഞ്ഞിട്ടു കാര്യമില്ല. ഓരോ പാർട്ടിക്കാർക്കും തൻ പാർട്ടി പൊൻ പാർട്ടിയാണ്. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് രക്തം സിരകളുടെ പിന്നാമ്പുറത്തു കൂടി ഒഴുകുന്ന ആർഎസ്‌പിക്കാർക്ക്.

കാര്യം യുഡിഎഫിന്റെ ഭാഗമാണെങ്കിലും മനസ് എൽഡിഎഫുകാരന്റേതാണ്. അങ്ങനെ എൽഡിഎഫ് മനസുള്ള പാർട്ടി ഒരു ഡിസിസി പ്രസിഡന്റിനെ അഭിനന്ദിക്കേണ്ടതുണ്ടോ? വേണ്ട എന്നാണ് മറുപടി. ഇനി അഥവാ അഭിനന്ദിക്കണമെങ്കിൽ രഹസ്യമായി അങ്ങ് ചെയ്താൽ മതി. അല്ലാതെ ഫ്‌ളക്‌സ് ബോർഡ് വയ്ക്കുകയും പത്രപ്രസ്താവന നടത്തുകയും വേണ്ട. ഇതൊന്നും അറിയാത്ത ആർഎസ്‌പി നേതാവ് പത്തനംതിട്ടയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റിന് അഭിനന്ദനം അറിയിച്ച് ഫ്‌ളെക്‌സ്‌ബോർഡ് സ്ഥാപിച്ച് കെണിയിലായിരിക്കുകയാണ്.

സ്വന്തം പേരിലാണ് ബോർഡ് സ്ഥാപിച്ചിരുന്നതെങ്കിലും കുഴപ്പമില്ലായിരുന്നു. ഇതിപ്പോൾ പാർട്ടി ജില്ലാ കമ്മറ്റിയുടെ പേരിലാണ്. തീർന്നില്ല, മുന്നണിയിലെ ചെറുപാർട്ടികൾക്കു വേണ്ടി അഭിനന്ദനബോർഡ് വയ്ക്കാനുള്ള ക്വട്ടേഷനും നിയുക്ത ഡിസിസി പ്രസിഡന്റ് നൽകിയിരിക്കുന്നത് ഈ നേതാവിനാണ്.

ആർവൈഎഫ് ദേശീയസെക്രട്ടറി സലിം പി. ചാക്കോയാണ് നിയുക്ത ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ അഭിനന്ദിച്ച് ആർഎസ്‌പി ജില്ലാകമ്മറ്റിയുടെ പേരിൽ ബോർഡ് സ്ഥാപിച്ചത്. 2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബാബു ജോർജിനെതിരേ മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു സലിം പി. ചാക്കോ. അന്ന് സലിം വൻഭൂരിപക്ഷത്തിൽ തോൽക്കുകയും ചെയ്തു. അതിന്റെ പേരിൽ ഇരുവരും തമ്മിൽ വലിയ കലിപ്പിലുമായിരുന്നു. അത് അടുത്തിടെയാണ് പറഞ്ഞു തീർത്തത്.

പാർട്ടിയുടെ ജില്ലാ കമ്മറ്റിയോട് ആലോചിക്കാതെ ബോർഡ് വച്ചതാണ് വിവാദമായിരിക്കുന്നത്. അർഹതയ്ക്കുള്ള അംഗീകാരമെന്ന് പറഞ്ഞാണ് ബോർഡ് ടൗണിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. പണ്ട് ബാബു ജോർജുമായി അഭിപ്രായഭിന്നത പുലർത്തുകയും ഇപ്പോൾ അടുപ്പം കാണിക്കുകയും ചെയ്ത നേതാവ് സ്വന്തം ഇഷ്ടപ്രകാരം ബോർഡ് സ്ഥാപിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചാരണം കൊഴുക്കുന്നുണ്ട്.

നിലവിൽ ബാബു ജോർജ് യുഡിഎഫ് ജില്ലാ കൺവീനറാണ്. അതുകൊണ്ടാണ് ബോർഡ് വച്ചതെന്നാണ് ഒരു വിഭാഗം വിശദീകരിക്കുന്നത്. എങ്കിലും അതിനോട് യോജിക്കാത്തവരാണ് ഏറെയും. ഒരേ മുന്നണിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റൊരു പാർട്ടിയുടെ അധ്യക്ഷനെ അഭിനന്ദിച്ച് ബോർഡ് വയ്ക്കുന്ന പതിവ് പാർട്ടിക്കില്ലെന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ജില്ലാ കമ്മിറ്റിയിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിമരുന്നിട്ടേക്കും.

സലിമിനെതിരേ നടപടി വേണമെന്നു പറഞ്ഞ് ഉറച്ചു നിൽക്കുകയാണ് ഒരു വിഭാഗം. ഇതിനിടെ ജെഡിയു, ജേക്കബ് ഗ്രൂപ്പ് തുടങ്ങിയ ഘടകകക്ഷികളുടെ പേരിലും അഭിനന്ദന ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതാര് സ്ഥാപിച്ചുവെന്ന് പരസ്പരം അന്വേഷിക്കുകയാണ് ഈ പാർട്ടിയുടെ ജില്ലാ നേതാക്കൾ. ഇരു പാർട്ടികളും ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നില്ല.

നാടോടിക്കാറ്റ് സിനിമയിൽ മോഹൻലാൽ ശ്രീനിവാസനോട് പറഞ്ഞ ഡയലോഗായിരുന്നു, ...അന്നേരം നീ ആ കാറിന്റെ കാറ്റ് കുത്തി വിട്ടത് നന്നായി. അല്ലെങ്കിൽ ഞാനൊറ്റയ്ക്കായി പോയേനേം.. എന്നത്. ഏതാണ്ട് ഇതേ അവസ്ഥയിലേക്കാണ് മറ്റു പാർട്ടിക്കാരെ ആർഎസ്‌പി നേതാവ് ഒറ്റ ബോർഡ് വയ്പിലൂടെ കൊണ്ടെത്തിച്ചിരിക്കുന്നത്.