കൊച്ചി: അവരെയൊക്കെ വീണ്ടും വിളിച്ചു. ആദ്യം മലയാളത്തിലെ ആദ്യ നായകനായ വിനീതിനെയാണ്; വിളിച്ച് വീണ്ടും അഭിനയിക്കാനുള്ള മോഹം പറഞ്ഞത്. വിനീത് പ്രോത്സാഹിപ്പിച്ചു. പലരെയും പരിചയപ്പെടുത്താമെന്ന് ഏറ്റു. പിന്നെ ആര്യണകത്തിൽ ഒപ്പം അഭിനയിച്ച ദേവൻ സാർ, സെവൻസ് ആർട്‌സ് വിജയകുമാർ എന്നിവരെയും വിളിച്ചു. എല്ലാവരും പിന്തുണയ്ക്കാമെന്ന് സമ്മതിച്ചു. വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള ആവേശത്തിലാണ് ഞാനിപ്പോൾ- രണ്ടു സിനിമകളിലൂടെ മാത്രം മലയാളികളുടെ മനസിൽ കയറിക്കൂടിയ സലീമ തിരിച്ചു വരികെയാണ്.

എം ടി വാസുദേവൻ നായർ, ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നഖക്ഷതങ്ങളിലും ആരണ്യകത്തിലുമായിരുന്നു സലീമ അഭിനയിച്ചത്. നഖക്ഷതങ്ങളിലെ കേവലം മർത്യഭാഷയും ആരണ്യകത്തിലെ വള്ളിക്കുടിലും മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഗാനങ്ങളാണ്. എന്നാൽ ഈ രണ്ടു ചിത്രങ്ങൾക്കു ശേഷം സലീമയെ മലയാളികൾ കണ്ടില്ല. ആദ്യത്തെ ചിത്രത്തിനു ശേഷം നിരവധി കഥാപാത്രങ്ങളും തന്നെ തന്നെ തേടി വന്നു സലീമ പറയുന്നു. ഓരേ പോലെയുള്ള കഥാപത്രങ്ങൾ തേടിയെത്തിപ്പോഴായിരുന്നു സിനിമ വേണ്ടന്നു വച്ചത്.

മോഹൻലാൽ ചിത്രമായ വന്ദനത്തിലും മമ്മൂട്ടി നായകനായ മഹായാനത്തിലും സലീമ അതിഥി വേഷത്തിൽ എത്തി. അഭിനയത്തിൽ സജീവമല്ല എങ്കിലും മലയാള സിനിമകൾ കൃത്യമായി കാണാറുണ്ടെന്നു സലീമ പറയുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട തിരക്കുകൾ കൊണ്ടും വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടുമാണ് സിനിമയിൽ നിന്ന് മാറി നിന്നതെന്നും സലീമ പറയുന്നു.

1982 ൽ മേഘസന്ദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സലീമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്ക്, തമിഴ്, മലയാളം എന്നിവയിലായി ഒരു ഡസനോളം ചിത്രങ്ങളിലാണ് അഭിനയിച്ചത്.