കാബൂൾ: അഫ്ഗാനിസ്താനിലെ ആദ്യ വനിതാ ഗവർണർമാരിലൊരാളും താലിബാനെ നേരിടാൻ ആയുധമെടുക്കുകയും ചെയ്ത സലീമ മസാരി താലിബാന്റെ പിടിയിലായതായി റിപ്പോർട്ട്. താലിബാൻ അഫ്ഗാൻ കീഴടക്കിയതിന് പിന്നാലെ നിരവധി അഫ്ഗാൻ നേതാക്കൾ രാജ്യമുപേക്ഷിച്ച് പലായനം ചെയ്തിരുന്നുവെങ്കിലും ബൽഖ് പ്രവശ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു സലീമ മസാരി.

അവരുടെ നിലവിലെ അവസ്ഥയെന്താണെന്ന് വ്യക്തതയില്ല. അഫ്ഗാനിലെ മറ്റു നേതാക്കൾ രാജ്യം വിട്ടപ്പോഴും ബൽക്ക് പ്രവിശ്യ വീഴുന്നതു വരെ സലീമ ചെറുത്തുനിന്നിരുന്നു. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് സലീമയെ താലിബാൻ പിടികൂടിയതെന്നാണു റിപ്പോർട്ട്. രാജ്യത്തെ സ്ത്രീകൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് സലീമ.

ഏതാനും വർഷങ്ങൾക്ക് മുമ്പാണ് സലീമ മസാരി ഗവർണായി ചുമതലയേൽക്കുന്നത്. അഫ്ഗാനിസ്താനിൽ ഗവർണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളിൽ ഒരാളായിരുന്നു സലീമ മസാരി. മറ്റ് പ്രവശ്യകൾ ചെറുത്തുനിൽപ്പില്ലാതെ താലിബാന് കീഴടങ്ങിയപ്പോൾ ബൽഖ് പ്രവിശ്യയിലെ ചഹർ കിന്റ് ജില്ല ഗവർണറായ സലീമ മസാരി പിടിച്ചുനിൽക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. താലിബാനെതിരേ മികച്ച പ്രതിരോധമാണ് അവർ ഉയർത്തിയത്.



അവസാനഘട്ടത്തിൽ താലിബാന് കീഴടങ്ങാതെ നിന്ന വനിതയുടെ നേൃത്വത്തിലുള്ള ഏക മേഖലയായിരുന്നു ചഹർ കിന്റ്. സലീമയുടെ നേതൃത്വത്തിൽ ചഹർ കിന്റ് ജില്ല ശക്തമായ ഏറ്റുമുട്ടൽ നടത്തി.

കഴിഞ്ഞ വർഷം സലീമയുടെ ഇടപെടലിനെ തുടർന്ന് 100 താലിബാൻ പ്രവർത്തകർ കീഴടങ്ങിയത് വലിയ ചർച്ചയായിരുന്നു. സോവിയറ്റ് യുദ്ധകാലത്ത് അഫ്ഗാനിൽനിന്ന് ഇറാനിലേക്കു കടന്ന കുടുംബത്തിൽപെട്ടയാളാണ് സലീമ. ഇറാനിൽ ജനിച്ച അവർ ടെഹ്റാൻ സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്. തുടർന്ന് അവിടുത്തെ സർവകലാശാലകളിൽ ജോലി ചെയ്തിരുന്നു.

എന്നാൽ അഫ്ഗാനോട് ഉള്ളിലുണ്ടായിരുന്ന അടങ്ങാത്ത സ്നേഹം അവരെ വീണ്ടും നാട്ടിൽ തിരികെയെത്തിച്ചു. 2018ൽ ചഹർ കിന്റ് ജില്ലാ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. വനിതയെന്ന നിലയിൽ വിവേചനം നേരിടേണ്ടിവരുമെന്നാണ് ആദ്യഘട്ടത്തിൽ കരുതിയിരുന്നതെന്നും എന്നാൽ ജനങ്ങൾ അദ്ഭുതപ്പെടുത്തിയെന്നും സലീമ പറഞ്ഞു.



യാഥാസ്ഥിതിക നിയമങ്ങൾക്കുള്ളിൽനിന്ന് പ്രവർത്തിക്കുകയെന്നതായിരുന്നു സലീമ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പ്രാദേശിക അക്രമ ഗ്രൂപ്പുകളിൽനിന്ന് ജില്ലയിലെ ജനങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യവും സലീമ ഏറ്റെടുത്തു. 2019ൽ നാട്ടിലെ ചെറുപ്പക്കാരെ ഉൾപ്പെടുത്തി സുരക്ഷാ കമ്മിഷൻ രൂപീകരിച്ചു. ഗ്രാമീണരെയും ആട്ടിടയന്മാരെയും തൊഴിലാളികളെയും സംഘത്തിൽ ഉൾപ്പെടുത്തി.



കഴിഞ്ഞ രണ്ടു വർഷമായി പ്രാദേശിക സംഘങ്ങളെ ശക്തമായി ചെറുക്കാൻ സലീമയുടെ നേതൃത്വത്തിൽ കഴിഞ്ഞു. നിരവധി തവണ സലീമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. ദിവസങ്ങൾക്കു മുൻപ് മസാരെ ഷെരീഫ് വീണപ്പോഴും ജനങ്ങളുടെ സുരക്ഷയെക്കുറിച്ച് സലീമ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. താലിബാൻ നിയന്ത്രണത്തിലുള്ള മേഖലകളിൽ സ്ത്രീകൾ തടവുകാരായിരിക്കുമെന്നും പുറത്തിറങ്ങാൻ പോലും കഴിയില്ലെന്നുമാണ് അവർ പറഞ്ഞത്.