ലണ്ടൻ: മാഞ്ചസ്റ്ററിൽ ആത്മഹത്യാബോംബായി പൊട്ടിത്തെറിച്ച് 22 പേരുടെ മരണത്തിനും മറ്റ് നിരവധി പേർക്ക് പരുക്കേൽക്കുന്നതിനും കാരണക്കാരനായ സൽമാൻ അബേദി ജിഹാദി ആയതിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ഇയാളുടെ 18കാരിയായ സഹോദരി ജൊമാന അബേദി രംഗത്തെത്തി. തന്റെ അടുത്ത സുഹൃത്ത് വംശീയ ആക്രമണത്തിൽ മരിച്ചത് ജിഹാദിനൊരുങ്ങാൻ അബേദിക്ക് പ്രകോപനമായി വർത്തിച്ചുവെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. കൂടാതെ സിറിയയിലെ അമേരിക്ക നടത്തിയ ആക്രമണത്തിൽ നിരവധി കുട്ടികളടക്കമുള്ള നിഷ്‌കളങ്കർ പിടഞ്ഞ് മരിച്ചതിനെ തുടർന്ന് അബേദിയുടെ മനസ് നൊന്തിരുന്നുവെന്നും ഇതിന്റെ പ്രതികാരം തീർക്കാനായി അയാൾ ജിഹാദിന് കച്ച കെട്ടിയിറങ്ങുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ വിഷയങ്ങളിൽ തന്റെ പിതാവിന്റെ പരിദേവനങ്ങൾ കൂടിയായപ്പോൾ 22ാം വയസിൽ സൽമാൻ കൂട്ടക്കൊലയ്ക്ക് തിരക്കഥയെഴുതി നടപ്പിലാക്കുകയായിരുന്നുവെന്നും ജൊമാന വെളിപ്പെടുത്തുന്നു.

തന്റെ സഹോദരൻ സ്‌നേഹമുള്ളയാളായിരുന്നുവെന്നും അയാൾ മാഞ്ചസ്റ്ററിലെ അരീന ഗ്രാൻഡെയിൽ ആത്മഹത്യാബോംബായി പൊട്ടിത്തെറിച്ചുവെന്നറിഞ്ഞ് തനിക്കാദ്യം അത്ഭുതവും പിന്നീട് ഞെട്ടലുമാണുണ്ടായതെന്നും സഹോദരി വെളിപ്പെടുത്തുന്നു. അബേിദിയുടെ കാഴ്ചപ്പാടിലുള്ള അനീതികളോടുള്ള പ്രതികാരമെന്ന നിലയിലായിരുന്നു അയാൾ ജിഹാദിനിറങ്ങിത്തിരിച്ചതെന്നും ഈ സഹോദരി പറയുന്നു. കുട്ടികൾ പ്രത്യേകിച്ച് മുസ്ലിം കുട്ടികൾ എല്ലായിടത്തും മരിക്കുന്നത് അബേദിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്നും അതിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണമെന്നും ജൊമാന പറയുന്നു.

2016 മേയിൽ തന്റെ സുഹൃത്ത് മാഞ്ചസ്റ്ററിൽ വച്ച് വംശീയ ആക്രമണത്തിൽ മരിച്ചത് അബേദിയെ പ്രതികാരവാഞ്ചയുള്ളയാളാക്കി മാറ്റിയിരുന്നുവെന്നാണ് ഒരു കുടുംബ സുഹൃത്തും വെളിപ്പെടുത്തുന്നത്. ഒരു ആക്രമിസംഘം നടത്തിയ ഈ വംശീയ കൊലപാതകത്തോട് താൻ പ്രതികാരം ചെയ്യുമെന്ന് സുഹൃത്തിന്റെ ശവസംസ്‌കാരത്തോടനുബന്ധിച്ച് അബേദി പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നുവത്രെ. തുടർന്ന് അബേദി കൂടുതൽ മതപരമായി ചിന്തിക്കുകയും തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തുകയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

സുഹൃത്തിന്റെ കൊലപാതകം അബേദിയെ നന്നായി സ്വാധീനിച്ചിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അബേദിയുടെ പിതാവ് റമദാൻ അബേദിയും വെളിപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പോളിയിൽ വച്ച് ടിവി അഭിമുഖം നൽകുന്ന വേളയിലാണ് റമദാനെ മുഖംമൂടിയണിഞ്ഞെത്തിയ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആക്രമണത്തിന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് തങ്ങൾ കണ്ടപ്പോൾ അബേദി സാധാരണ നിലയിലായിരുന്നുവെന്നും നിഷ്‌കളങ്കരായവരെ കൊല്ലുന്നതിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും റമദാൻ പറയുന്നു.

അബേദിയുടെ ഇളയസഹോദരനായ ഹാഷെമിനെ ലിബിയയിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പുറത്തായിരുന്നു അറസ്റ്റ്. മാഞ്ചസ്റ്റർ ആക്രമണവുമായും ഇയാൾക്ക്‌ബന്ധമുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. സഹോദരന്റെ ആക്രമണപദ്ധതികളെക്കുറിച്ചെല്ലാം ഹാഷെമിനറിയാമായിരുന്നുവെന്നാണ് റിപ്പോർട്ട്. സൗത്ത് മാഞ്ചസ്റ്ററിലെ ചോൽടണിൽ വച്ച് അബേദിയുടെ മൂത്ത സഹോദരൻ ഇസ്മായീലിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ അബേദിയുടെ അമ്മാവനെ കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഭീകരന്റെ അമ്മയെയും പൊലീസ് കസ്റ്റഡിയെടുത്തിട്ടുണ്ടെന്ന ഊഹാപോഹങ്ങളും പടരുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ച് അബേദി അരീനയിലേക്ക് നുഴഞ്ഞ് കയറിയ സാഹചര്യം അതീവ ഗുരുതരമായ പിഴവായി കണക്കാക്കി ത്വരിത ഗതിയിലുള്ള അന്വേഷണം നടന്ന് വരുകയാണ്.