ജോദ്പൂർ: ബോളിവുഡ് താരം സൽമാൻ ഖാന് ഇനിയും ദിവസങ്ങൾ ജയിലിനുള്ളിൽ കഴിയേണ്ടി വരും. സൽമാൻ ജാമ്യഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഇതിൽ വിധി പറയാനിരുന്ന ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജിനെ രാജസ്ഥാൻ ഹൈക്കോടതി സ്ഥലം മാറ്റി. 87ജില്ലാ ജഡ്ജിമാർക്കൊപ്പമാണ് സൽമാന്റെ കേസ് കേൾക്കുന്ന രവീന്ദ്രകുമാർ ജോഷിയേയും മാറ്റിയത്. ഇന്ന് ജാമ്യ ഹർജിയിൽ തീരുമാനം എടുക്കാനിരിക്കെയാണ് മാറ്റം. ഇനിയും ദിവസങ്ങൾ സൽമാന് ജയിലിൽ കൊതുകുകടി കൊണ്ട് കഴിയേണ്ടി വരും.

കൃഷ്ണമൃഗവേട്ടക്കേസിൽ നടൻ നൽകിയ ജാമ്യ ഹർജിയിൽ ജോധ്പൂർ സെഷൻസ് കോടതിയിൽ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണ് പൊലീസ് ഹാജരാക്കിയതെന്നും പ്രതിഭാഗം വാദിച്ചു. വേട്ടയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തനായെന്നും അതിനാൽ ഈ കേസിൽ ജാമ്യം അനുവദിക്കണമെന്നും വാദമുയർന്നു. അതേസമയം, സൽമാൻ ഖാൻ സ്ഥിരം കുറ്റവാളിയാണെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. സൽമാൻ ഖാന് വേണ്ടി ഹാജരാകരുതെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചതായി നടന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അപ്പീൽ അംഗീകരിച്ച് കേസിൽ ജാമ്യം നൽകാനായിരുന്നു സാധ്യത. എന്നാൽ ജഡ്ജിയെ മാറ്റിയതോടെ സൽമാന് തീരുമാനത്തിനായി കാത്തിരിക്കേണ്ടി വരും.

വന്യജീവിസംരക്ഷണനിയമപ്രകാരം അഞ്ചുവർഷത്തെ ജയിൽ ശിക്ഷ നേരിടുന്ന സൽമാൻ ഖാനെ ജോധ്പൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ജാമ്യം കിട്ടാൻ വൈകുമെന്ന സ്ഥിതി വന്നതോടെ ബോളിവുഡ് ആശങ്കയിലാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സൽമാൻ ഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും ജോധ്പൂർ വിചാരണക്കോടതി ശിക്ഷ വിധിച്ചത്. കേസെടുത്ത് 20 വർഷത്തിനുശേഷം വന്ന വിധി നടുക്കിയത് ബോളിവുഡിനെ തന്നെയാണ്. 800 കോടിയുടെ പ്രതിസന്ധിയാണ് സിനിമയ്ക്കുണ്ടാകുന്നത്.

കേസിൽ മേൽക്കോടതി സൽമാന്റെ ശിക്ഷ റദ്ദ് ചെയ്തില്ലെങ്കിൽ ബോളിവുഡിന് നഷ്ടമാകുക 800 കോടിയോളം രൂപയാണ്. സൽമാൻ ഖാന്റെ അഞ്ചോളം ബിഗ്ബജറ്റ് ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റേസ് 3യുടെ ഷൂട്ടിങ് ഇതോടെ മുടങ്ങും. ദുബായിയിൽ സെറ്റിട്ട് ചിത്രീകരിക്കുന്ന സിനിമയ്ക്ക് ഇതുമൂലം വലിയ നഷ്ടമാണ് ഉണ്ടാകുക. അനിൽ കപൂർ, ബോബി ഡിയോൾ, ജാക്വിലിൻ ഫെർണാണ്ടസ്, ഡെയ്സി ഷാ, സഖീബ് സലീം എന്നിവരടങ്ങുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത്.

സൽമാൻ അകത്താകുന്നതോടെ ഡേറ്റ് പ്രശ്‌നവും പുലിവാലാകും. 150 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. അതിനൊപ്പം കിക്ക് 2, സാജിദ് നദിയാ വാലയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം, ദബാംഗ് 3, ൈടഗർ സിന്ദാ ഹേ, സുൽത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം അലി അബ്ബാസ് സഫറും സൽമാനും ഒന്നിക്കുന്ന 200 കോടി മുടക്കുമുതലുള്ള ചിത്രം. ഇത്തരത്തിൽ വമ്പൻ പ്രോജക്ടുകളാണ് വിധിയോടെ ആശങ്കയിലായിരിക്കുന്നത്.