ഇത് ജീവിതത്തിന്റെ റേസാണെന്ന് ടാഗ് ലൈനുമായി സൽമാൻ ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം റേസ് 3യുടെ മരണമാസ് ട്രെയിലറെത്തി. അതിസാഹസിക സംഘട്ടന രംഗങ്ങളും വമ്പൻ താര നിരയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ. റേസ് സീരിസിലെ ആദ്യ രണ്ടു ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു.

ട്രെയിലർ പുറത്തിറങ്ങി 17 മണിക്കൂറുകൾ കഴിയുമ്പോഴേക്കും ആറു ലക്ഷത്തിലധികം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് സൽമാൻ ഖാനും രമേശ് തൗരാണിയും ചേർന്നാണ്. ജൂൺ 15ന് ചിത്രം പുറത്തിറങ്ങും.



സൽമാനെ കൂടാതെ ബോബി ഡിയോൾ, അനിൽ കപൂർ, ജാക്വലിൻ ഫെർണാണ്ടസ്, ഡെയ്‌സി ഷാ, സാഖിൽ സാൽമീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യ രണ്ടു ചിത്രങ്ങളുടേയും ഭാഗമായിരുന്ന അനിൽ കപൂറും റേസ് ത്രീയിലുണ്ട്. ഇവരെക്കൂടാതെ സിദ്ധാർത്ഥ് മൽഹോത്ര, കത്രീന കെയ്ഫ് എന്നിവരും ചിത്രത്തിലുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റേസ്, റേസ് 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് അബ്ബാസ് മസ്താനല്ല മൂന്നാം ഭാഗം സംവിധാനം ചെയ്യുന്നത്. എബിസിഡി, എബിസിഡി2, ഫ്‌ളൈയിങ് ജെറ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രശസ്ത കൊറിയോഗ്രാഫറും കൂടിയായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ഷാരുഖാൻ ചിത്രത്തിലാണ് സൽമാൻ ഒടുവിൽ അഭിനയിച്ചത്.