മുംബൈ: 2002ലെ ഹിറ്റ് ആൻഡ് റൺ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് ആശ്വാസമായി സുപ്രീംകോടതി. സൽമാൻ ഖാന് എതിരായ കേസിൽ മഹാരാഷ്ട്രാ സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചെങ്കിലും കേസ് അതിവേഗം തീർപ്പാക്കണമെന്ന പ്രൊസിക്യൂഷൻ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. പ്രമുഖനായ ഒരാൾ ഉൾപ്പെട്ടു എന്നതുകൊണ്ടുമാത്രം കേസ് ഉടൻ വാദംകേൾക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ജസ്റ്റീസുമാരായ ജെഎസ് ശേഖറും അരുൺമിശ്രയുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്. കേസ് 15 വർഷം പഴക്കമുള്ളതാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും ഇതിന് പ്രത്യേക പരിഗണന നൽകാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം. 

സൽമാൻഖാന് അഞ്ച് വർഷം തടവുശിക്ഷ നൽകിയ സെഷൻ കോടതി വിധി കഴിഞ്ഞവർഷം മെയിൽ ബോംബെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കുന്നത് വരെ സൽമാന് ജാമ്യം നൽകാനായിരുന്നു കോടതി ഉത്തരവ്. വിചാരണ കോടതിയിൽ 30,000 രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയോയെയായിരുന്നു ജാമ്യം. കോടതിയുടെ അനുമതിയോടെ ആയിരിക്കണം വിദേശയാത്രയെന്നും നിർദേശിച്ചിരുന്നു. സൽമാൻഖാന്റെ ശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയിൽ എത്തിയത്. പ്രശസ്ത അഭിഭാഷകൻ കപിൽസിബിൽ ആണ് സൽമാനുവേണ്ടി കോടതിയിൽ ഹാജരായത്.

സൽമാൻ ഖാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ച മുംബൈ സെഷൻ കോടതി വിധി വന്ന് മണിക്കൂറുകൾക്കകം മുംബൈ ഹൈക്കോടതിയിൽ നിന്ന് സൽമാന്് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു സെഷൻസ് കോടതി വിധിയുടെ പൂർണ പകർപ്പ് പ്രതിഭാഗത്തിന് ലഭ്യമായില്ലെന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. താനല്ല വാഹനമോടിച്ചിരുന്നതെന്നും ഇക്കാര്യം തന്റെ ഡ്രൈവർ തന്നെ മൊഴി നൽകിയിട്ടുണ്ടെന്നുമാണ് ജാമ്യാപേക്ഷയിൽ സൽമാന്റെ പ്രധാന വാദം.

പ്രിയ നടന്റെ വസതിയിക്ക് മുമ്പിൽ പടക്കം പൊട്ടിച്ചാണ് സൽമാന്റെ ശിക്ഷ മരവിച്ച വാർത്ത ആരാധകർ ആഘോഷിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ സൽമാന്റെ ആരാധകൻ കോടതിക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.2002 സപ്തംബർ 28ന് സൽമാൻ ഖാന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ ബാന്ദ്രയിലെ അമേരിക്കൻ എക്സ്‌പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറി ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സൽമാനെ കോടതി 5 വർഷം തടവുശിക്ഷയ്ക്ക് വിധിച്ചത്.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. സംഭവം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വന്നത്. സൽമാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് മുംബൈ സെഷൻസ് കോടതി പറഞ്ഞിരുന്നു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സൽമാന്റെ വാദം കോടതി തള്ളി. മദ്യപിച്ചാണ് സൽമാൻ വാഹനമോടിച്ചിരുന്നത്. കാർ ഓടിക്കുന്ന സമയത്ത് സൽമാന്റെ കൈവശം ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

നടന്റെ അംഗരക്ഷകനും പൊലീസുകാരനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി കേസിൽ നിർണായകമായത്. സൽമാന്റെ വാഹനമിടിക്കുമ്പോൾ നടനൊപ്പം ആ വാഹനത്തിൽ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു. സൽമാൻ മദ്യപിച്ചിരുന്നുവെന്നും അപകടം നടക്കുമ്പോൾ സൽമാൻ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നുമാണ് രവീന്ദ്ര പാട്ടീൽ നൽകിയ മൊഴി. കാറിന്റെ വേഗത കുറക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തന്റെ മുന്നറിയിപ്പ് സൽമാൻ കേട്ടില്ലെന്നുമായിരുന്നു രവീന്ദ്ര പാട്ടീൽ മൊഴി നൽകി.

ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തതും ഈ പൊലീസ് കോൺസ്റ്റബിളാണ്. കേസിന്റെ വാദം നടക്കുന്നതിനിടയിൽ ക്ഷയരോഗം പിടിപെട്ട് രവീന്ദ്ര പാട്ടീൽ മരിച്ചു. അന്തരിച്ച പൊലീസുകാരന്റെ മൊഴി കേസിൽ ഉൾപ്പെടുത്തരുതെന്ന് നേരത്തെ സൽമാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതി ഇത് തള്ളിയിരുന്നു.