മുംബൈ: റിലീസ് ചെയ്ത ദിനം മുതൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ് സൽമാൻ ഖാന്റെ സുൽത്താൻ എന്ന സിനിമ. ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 35 റെക്കോർഡുകൾ ചിത്രം തകർത്തു. ഇപ്പോൾ പത്ത്് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോള തലത്തിൽ ചിത്രം നേടിയിരിക്കുന്ന കളക്ഷൻ 415 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നും പത്ത് ദിവസം കൊണ്ട് മാത്രം 320 കോടി രൂപ നേടി. ഇക്കാര്യത്തിൽ ഷാരൂഖ് ഖാന്റെ ചെന്നൈ എക്സ്‌പ്രസിന്റെ കളക്ഷൻ റെക്കോർഡാണ് സുൽത്താൻ മറികടന്നത്. ഒരുമാസം കൊണ്ട് ചെന്നൈ എക്സ്‌പ്രസ് 227 കോടി നേടിയപ്പോൾ വെറും പത്ത് ദിവസങ്ങൾ മാത്രമാണ് അത് മറികടക്കാൻ സുൽത്താന് വേണ്ടിവന്നത്.

ആഭ്യന്തര ബോക്‌സ് ഓഫീസിൽ എക്കാലത്തേയും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ആമിർ ഖാന്റെ പികെ (340.8 കോടി) ആണുള്ളത്. സൽമാന്റെ ബജ്‌റംഗി ഭായ്ജാൻ (320.34) രണ്ടാം സ്ഥാനത്തും ധൂം (284.27 കോടി) മൂന്നാം സ്ഥാനത്തുമാണുള്ളത്. ഈ നില തുടർന്നാണ് പികെയുടെ റെക്കോർഡ് മറികടക്കാൻ സുൽത്താന് അധികം സമയം വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെ ബോളിവുഡിലെ ഏറ്റവും വലിയ വിജയചിത്രമാകാനുള്ള കുതിപ്പിലാണ് സുൽത്താൻ. എല്ലാതരം പ്രേക്ഷകരേയും ആകർഷിക്കാൻ കഴിയുന്നതാണ് സിനിമയുടെ പ്രത്യേകത. അനുഷ്‌കാ ശർമ്മയാണ് സിനിമയിൽ സൽമാന്റെ നായിക. സുൽത്താൻ അടിമുടി മസാല എന്റർടെയ്‌നറാണ്. ഗുസ്തിയുണ്ട്, സ്‌പോർട്‌സുണ്ട്, സർവോപരി പ്രണയവുമുണ്ട്. 'പക്കാ പാക്കേജ്ഡ് ഡ്രാമ ആയാണ് അലി അബ്ബാസ് സഫർ എന്ന സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ഒരേസമയം ഒരു സ്പോർട്സ് സിനിമയും സൽമാൻ ഖാൻ സിനിമയുമാണ് സുൽത്താൻ.

ഹരിയാനയിലെ ഗ്രാമത്തിലെ സുൽത്താൻ അലി(സൽമാൻ ഖാൻ) എന്ന നാൽപതുകാരൻ ഏകാകിയിലൂടെയാണു സിനിമ തുടങ്ങുന്നത്. ഗുസ്തിയിലെ ഒളിമ്പിക് മെഡൽ ജേതാവും ലോകചാമ്പ്യനുമായ സുൽത്താൻ ഒരു ബ്ലഡ് ബാങ്ക് തുടങ്ങാൻ വേണ്ടി പണം പിരിക്കുന്നു. ഗുസ്തിയും, കരാട്ടെയും അടക്കമുള്ള അയോധനകലയുടെ സങ്കരമടങ്ങിയ ഒരു മാർഷൽ ആർട്‌സ് ഷോയിലേക്ക് ഇയാളെ തേടിയാണു ആകാശ് എന്ന ചെറുപ്പക്കാരൻ എത്തുന്നത്. എന്നാൽ ഗുസ്തിയിലേക്കു മടങ്ങിവരാൻ വിസമ്മതിക്കുന്ന ഗുസ്തിക്കാരന്റെ ചരിത്രമന്വേഷിക്കുന്ന ആകാശിനു കിട്ടുന്നത് ഒരു പ്രണയകഥയാണ്. ഇതാണു സുൽത്താന്റെ പ്രമേയം.

ഇന്ത്യയിൽ 4350 തിയേറ്ററുകളിലാണ് സുൽത്താൻ പ്രദർശനത്തിനെത്തിയത്. 1100 തിയേറ്ററുകളിലായി വിദേശ രാജ്യങ്ങളിലും പ്രദർശിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം 36.54 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നേടിയത്. യാഷ് രാജ് ഫിലിമിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിച്ചത്.