- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്ക രോഗിക്കായി 10 ദിവസത്തെ വേതനം മാറ്റിവച്ച് ബാർബർ; വേണുവിന്റെ നല്ല ഉദ്യമത്തിൽ പങ്കാളികളാവാൻ സ്ഥാപനത്തിലെത്തി മുടിവെട്ടി ഇടുക്കി എം പി ഡീൻ കുര്യാക്കോസും മൂവാറ്റുപുഴ എം എൽ എ മാത്യുകുഴൽനാടനും; പൈങ്ങോട്ടൂരിലെ സനീഷിന് വേണ്ടി ഒരു സുമനസുകൾ ഒരുമിച്ച കഥ
കോതമംഗലം: 10 ദിവസത്തെ തന്റെ വേതനം വൃക്ക രോഗിക്കായി മാറ്റിവച്ച് ബാർബർ. പൈങ്ങൂട്ടുരിൽ രാഹുൽ സലൂൺ നടത്തിവരുന്ന വേണുവാണ് ഇരുവൃക്കകളും തകരാറിലായ 37-കാരൻ പൈങ്ങോട്ടൂർ പാറക്കൽ സനീഷിനുവേണ്ടി തന്റെ 10 ദിവസത്തെ വരുമാനം ഒരുരൂപപോലും എടുക്കാതെ മാറ്റിവയ്ക്കാൻ തയ്യാറായിട്ടുള്ളത്.
പൈങ്ങോട്ടൂർ ശ്രീദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിർദ്ധന കുടുംബാംഗമായ സനിഷ് മരപ്പണി ചെയ്താണ് തന്റെ കുടുംബം പുലർത്തിയിരുന്നത്. തനിക്ക് സനീഷുമായി മുൻ പരിചയമോ സൗഹൃദമോ ഉണ്ടായിരുന്നില്ല. വീട്ടിലേയ്ക്ക് പോകും വഴി കണ്ടിട്ടുണ്ട്. നാട്ടുകാർ സനീഷിനുവേണ്ടി സഹായങ്ങൾ സ്വരൂപിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ദൗത്യത്തിൽ പങ്കാളിയാവാൻ തീരുമാനിക്കുകയായിരുന്നു. വേണു വ്യക്തമാക്കി.
കഷ്ടപ്പാടുകൾക്കിടയിലും സനീഷിന്റെ കുടുംബത്തിന്റെ ദുസ്ഥിതി മനസ്സിലാക്കിയാണ് തന്നാൽ കഴിയുന്ന സഹായമെത്തിക്കാൻ വേണു തീരുമാനിച്ചത്. തന്റെ തൊഴിലില്ലാതെ ഇതിനൊരുമാർഗ്ഗമില്ലന്ന തിരിച്ചറിവിലാണ് 10 ദിവസത്തെ തന്റെ മുഴുവൻ വേതനവും ഇതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. വേണുവിന്റെ നല്ല ഉദ്യമത്തിൽ പങ്കാളികളാവാൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസും മൂവാറ്റുപുഴ എം എൽ എ മാത്യുകുഴൽനാടനും വേണുവിന്റെ സ്ഥാപനത്തിലെത്തി മുടിവെട്ടാനും തയ്യാറായി.
ഈസമയം വരെ 46200 രൂപയായിരുന്നു ലഭിച്ചിരുന്നത്. ഇവരുടെ ഇടപെടൽ കൂടിയായതോടെ തുക 50001 രൂപയായി. സ്ഥാപനത്തിൽ ഒരു പെട്ടി സ്ഥാപിച്ചിരുന്നു. ഇതിലായിരുന്നു സ്ഥാപനത്തിലെത്തുന്നവരിൽ നിന്നും കിട്ടുന്ന തുക നിക്ഷേപിച്ചിരുന്നത്. ഇതിന്റെ താക്കോൽ സനീഷിനായി നാട്ടുകാർ ചേർന്ന് രൂപീകരിച്ചിരുന്ന സഹായസമിതിയുടെ ട്രഷറാറെ വേണു ഏൽപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കിയ സുമനസുകൾ വേണുവിന് സമായസയങ്ങളിൽ ഭക്ഷണമെത്തിക്കാനുമൊക്കെ തയ്യാറായി.
വേണു പൈങ്ങോട്ടൂരിൽ സ്ഥാപനം ആരംഭിച്ചിട്ട് 22 വർഷത്തിലേറെയായി. 50 സെന്റ് സ്ഥലമാണ് വേണുവിനുള്ളത്. രണ്ടുമക്കളുണ്ട്. മകളെ വിവാഹം കഴിച്ചയച്ചു. നേഴ്സായ മകൻ അടുത്തിടെ ഖത്തറിലേയ്ക്ക് പോയെങ്കിലും കാര്യമായ വരുമാനമുള്ള ജോലിയിൽ പ്രവേശിക്കാനായിട്ടില്ല. വീട് കഴിഞ്ഞിരുന്നത് വേണുവിന്റെ ഒരാളുടെ വരുമാനത്തിൽ നിന്നായിരുന്നു.ഈ സാഹചര്യത്തിലാണ് ഇദ്ദേഹം തന്റെ 10 ദിവസത്തെ മുഴുവൻ വരുമാനവും സനീഷീന്റെ ചികത്സയ്ക്കായി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വേണുവിന്റെ മകന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷം. ഈ ആഘോഷ പരിപാടിയിലേക്ക് കളിപ്പാട്ടങ്ങൾ സംഭാവന ചെയ്യുന്നതിന് പകരം സനീഷിന്‌റെ ചികിത്സാഫണ്ടിലേക്ക് പണം നൽകണമെന്നു വേണു അഭ്യർത്ഥിച്ചിരുന്നു. ഇതുവഴി സമ്മാനങ്ങൾ ഒഴിവാക്കിയപ്പോൾ ലഭിച്ച പണവും ചികിത്സക്കായി നൽകി.
മറുനാടന് മലയാളി ലേഖകന്.