ആവശ്യമുള്ളവ

  • കടല – 1 കപ്പ്
  • ചുവന്നുള്ളി – 10
  • സവാള - 1
  • ഇഞ്ചി – 1ടേ.സ്പൂൺ (അരിഞ്ഞത്)
  • വെളുത്തുള്ളി - 1 ടേ.സ്പൂൺ
  • മുളക് പൊടി - 2 ടീ.സ്പൂൺ
  • മല്ലിപൊടി – 2 ടേ.സ്പൂൺ
  • മഞ്ഞൾപ്പൊടി – ¼ ടി.സ്പൂൺ
  • ഗരം മാസലപൊടി – 1 ടീ.സ്പൂൺ
  • തേങ്ങക്കൊത്ത് - 3 ടേ.സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • കടുക് – 1 ടീ.സ്പൂൺ
  • എണ്ണ – ആവശ്യത്തിന്
  • കറി വേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം:

ടല തലേദിവസം വെള്ളത്തിൽ കുതുർത്തുവെക്കുക. കറുത്ത കടല കുതിരാൻ സമയം കൂടുതൽ വേണം. വെള്ള കടല വേഗം കുതിരും. പ്രഷർകുക്കറിൽ കുതിർന്ന കടല, മഞ്ഞൾപ്പൊടിയും, ഉപ്പും, കരിവേപ്പിലയും ചേർത്ത് വേവിക്കുക. ഒരു ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ച് ചുവന്നുള്ളി, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ നന്നായി വഴറ്റുക. കൂടെ മുളക്‌പൊടി, മല്ലിപ്പൊടി, ഗരംമാസലപ്പൊടി, ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് തേങ്ങക്കൊത്തും ചേർക്കുക. നല്ല പോലെ വെന്ത കടല കുക്കർ തുറന്നു വഴറ്റിയ മസാലയിലേക്ക് ചേർക്കുക. കടല ചാറിനു ആവശ്യമായത്ര വെള്ളം വറ്റി കഴിയുമ്പോൾ തീ അണച്ച് വാങ്ങി വെക്കുക. മറ്റൊരു ചീനിച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു വറുത്ത് കറിയിലേക്ക് ചേർക്കുക.

കുറിപ്പ്: നാടൻ കടലക്കറിയുടെ രുചിയും മണവും അതിൽ ചേർക്കുന്ന ഇറച്ചിമസാലയുടെ കൂട്ടനുസരിച്ചിരിക്കും. അതും കറുത്തകടലക്കാണ് നാടൻ രുചി കൂടുതൽ വരുക. ചിലയിടങ്ങളിൽ ഒരു നുള്ള് കായം ചേർക്കുന്നവരും ഉണ്ട്. തേങ്ങക്കൊത്ത് ഇഷ്ടാനുസരണം മൂപ്പിച്ചും, പച്ചയായും ചേർക്കാം.