ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം 'സല്യൂട്ടി'ന്റെ റിലീസ് നീട്ടി. കോവിഡ് കേസുകൾ ദിവസേന വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 14ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തിൽ മറുഭാഷകളിലെ പല ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് നീട്ടിയിരുന്നു. എന്നാൽ മലയാളത്തിൽ നിന്ന് ഒരു ചിത്രം റിലീസ് നീട്ടുന്നത് പുതിയ സാഹചര്യത്തിൽ ആദ്യമാണ്.

റിലീസ് നീട്ടാനുണ്ടായ സാഹചര്യം വിശദീകരിച്ചുകൊണ്ട് ദുൽഖർ സൽമാൻ തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകരെപ്പോലെ ഈ ചിത്രത്തിന്റെ റിലീസിന് തങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നെന്ന് ദുൽഖർ പറയുന്നു. 'പക്ഷേ സാമൂഹിക പ്രതിബന്ധതയ്ക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നു. കോവിഡ്, ഓമിക്രോൺ കേസുകളിൽ ഉണ്ടായ വർധന കണക്കിലെടുത്ത് ബുദ്ധിമുട്ടുള്ള തീരുമാനം ഞങ്ങൾക്ക് എടുക്കേണ്ടിവന്നിരിക്കുകയാണ്.

സല്യൂട്ടിന്റെ റിലീസ് നീട്ടുകയാണ്. നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇതുപോലെയുള്ള സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്ക്കുമായിരിക്കണം നാം പ്രാമുഖ്യം കൊടുക്കേണ്ടത്. കഴിയാവുന്നതിൽ നേരത്തെ ഞങ്ങൾ എത്തും. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി', ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.