മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക് 'സമാധാന ജ്വാല' പുരസ്‌കാരം ലഭിച്ചു. ആസ്ട്രിയൻ സന്നദ്ധ സേവന സംഘടനയായ 'ദ അസോസിയേഷൻ ഫോർ ദ ഫർദറൻസ് ഓഫ് പീസ്' ആണ് പ്രധാനമന്ത്രിയെ അവാർഡിനായി തെരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലെ ബന്ധം ഊഷ്മളമാക്കാനും സമാധാനത്തിനും വേണ്ടി നടത്തിയ ശ്രമങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രിക്ക് അവാർഡ് നൽകുന്നത്.

ഇതോടെ, മേഖലയിൽ ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയായി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ മാറി. വിയന്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടന 2007 മുതലാണ് ഈ അവാർഡ് നൽകിത്തുടങ്ങിയത്. സമാധാനത്തിനുപുറമെ, വ്യക്തികളും, സംഘടനകളും, രാഷ്ട്ര തലവന്മാരും സമാധാനപരമായ സഹവർത്തിത്വത്തിനും സുസ്ഥിര വികസനത്തിനും നൽകുന്ന സംഭാവനകളും പരിഗണിച്ചാണ് അവാർഡ് നൽകുക.

പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള സമാധാനശ്രമങ്ങൾക്ക് പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നൽകിയ സംഭാവനകളാണ് സംഘടന പരിഗണിച്ചത്. ബഹ്‌റൈനിലെ ബഹുസ്വര-ബഹുമത വിശ്വാസികളുടെ സൗഹാർദ്ദപരമായ ജീവിതത്തിനും പ്രധാനമന്ത്രി നൽകിയ സേവനങ്ങൾ വിലയിരുത്തപ്പെട്ടു.
ബൗദ്ധിക-കലാരംഗങ്ങളിലുള്ളവർക്കും ബഹ്‌റൈനിൽ അനുകൂല സാഹചര്യം നിലനിർത്താൻ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടിട്ടുണ്ട്. ലോകത്തെ പ്രമുഖ സർക്കാറിതര സംഘടനകളിലൊന്നാണ് 'ദ അസോസിയേഷൻ ഫോർ ദ ഫർദറൻസ് ഓഫ് പീസ്'.