പ്രവാസി മലയാളി കുട്ടികളുടെ സർഗ്ഗവാസനകൾ മാറ്റുരയ്ക്കുന്ന കേരളീയ സമാജം ബാലകലോത്സവത്തിന് കൊടിയേറി. വർണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ തുടക്കം കുറിച്ച കലാമാമാങ്കത്തിന്റെ കൊടിയേറ്റ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു. സമാജം സെക്രട്ടറി എൻ കെ വീരമണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, മുഖ്യാതിഥിയായി എത്തിയിരുന്നു. കലോത്സവം പ്രധാന പ്രായോജകായ ദേവ്ജി ജൂവലേഴ്‌സിന്റെ മാർക്കറ്റിങ് മാനേജർ കിരൺ, ജനറൽ കൺവീനർ ഒ സലീം എന്നിവരും സംബന്ധിച്ചു. കേരള സ്‌കൂൾ യുവജനോത്സവ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഈ തവണ 500 കുട്ടികളാണ് മാറ്റിരയ്ക്കുന്നത്.

കലാകാരൻ എപ്പോഴും തോൽവിയിൽ നിന്നാണ് വിജയം നേടേണ്ടത്, കഠിനാധ്വാനവും, ശ്രദ്ധയും, ആത്മവിശ്വാസവും, ഒരു കലാകാരനെ സംബനധിച്ചിടത്തോളം കൈമുതലായിരിക്കണം എന്ന് മുതുകാട് ഉദ്ഘാന പ്രസംഗത്തിൽ പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ഇദ്ദേഹം ആശംസകൾ നേർന്നു. നൃത്താവിഷ്‌കാരവും, രാജസ്ഥാനിനൃത്തവും പരിപാടിക്കു ഭാഗമായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ ശാസ്ത്രീയഗാനം, കവിതാലാപനം, ഹിന്ദികവിതാലാപനം, വെജിറ്റബിൾ കാർവിങ്, എന്നി മത്സരങ്ങളാണ് നടന്നത്. ഇന്ന് വൈകീട്ട് 7 മണിമുതൽ ഇംഗ്ലീഷ് പദ്യപാരായണം മത്സരമാണ് നടക്കുന്നത്.

കഴിഞ്ഞ വർഷത്തെ കലാതിലകം പ്രണിതനായർ, കലാപ്രതിഭ അതുൽ കൃഷ്ണ ജി. ബാലതിലകം അഫ്രീൻ ഉണ്ണികൃഷ്ണൻ, ബാലപ്രതിഭ അഡോൺ മാത്യു ആന്റണി, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.