ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭരണകക്ഷിയായ സമാജ് വാദി പാർട്ടി പിളർപ്പിലേക്കെന്ന് സൂചന. താനുൾപ്പെടെ നാലു പേരെ അഖിലേഷ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ അഖിലേഷ് യാദവിനെ നേതാവായി അംഗീകരിക്കില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാൽ യാദവ് വ്യക്തമാക്കി. തൊട്ടുപിന്നാലെ അഖിലേഷിന്റെ അനുയായി രാം ഗോപാൽ യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശിവ്പാൽ യാദവ് അറിയിച്ചു. ആറ് വർഷത്തേക്കാണ് രാംഗോപാൽ യാദവിനെ പുറത്താക്കിയത്.

മുലായം സിങ്ങും മകൻ അഖിലേഷും തമ്മിൽ നടക്കുന്ന മറനീക്കി പുറത്തുവന്നതോടെയാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ രൂക്ഷമായത്. പലതവണ അനുരഞ്ജന ശ്രമങ്ങൾ നടന്നിട്ടും കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് സമാജ്വാദി. പ്രശ്‌നപരിഹാരത്തിന് മുലായം സിങ്ങ് നാളെ എംഎ‍ൽഎ മാരുടെ യോഗം വിളിക്കാനിരിക്കെയാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നത്. അഖിലേഷിനെതിരെ മുലായം നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

രണ്ട് ദിവങ്ങൾക്കിടെ പാർട്ടിയുടെ രണ്ട് മുതിർന്ന നേതാക്കളെയാണ് പുറത്താക്കിയിരിക്കുന്നത്. അഖിലേഷിനെ പിന്തുണയ്ക്കുന്നവർ പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നാണ് വിവരം. പ്രോഗ്രസീവ് സമാജ് വാദി പാർട്ടി എന്നപേരാണ് പുതിയ പാർട്ടിക്കായി ആലോചിക്കുന്നത്. തിരഞ്ഞെടുപ്പ് ചിഹ്നമായി ബൈക്കാണ് ഇവർ തിരഞ്ഞെടുക്കുകയെന്നും വിവരമുണ്ട്. സമാജ് വാദി പാർട്ടിയുടെ ചിഹ്നമായ സൈക്കിളിന് സമാനമായ ചിഹ്നമാണ് ബൈക്ക്. അതിനിടെ രാംഗോപാൽ യാദവ് ബിജെപിയുമായി മൂന്നതവണ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ അഴിമതിക്കേസിൽ നിന്ന് തടിയൂരാനുള്ള നീക്കമാണ് രാംഗോപാൽ നടത്തുന്നതെന്ന് ശിവ്പാൽ യാദവ് ആരോപിച്ചു.

അച്ഛനും കുടുംബാംഗങ്ങളും ഒരുവശത്തും പ്രതിച്ഛായ അല്പമെങ്കിലും ബാക്കിയുള്ള മകൻ മറുവശത്തും. നിയമസഭാ തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ബാക്കിനിൽക്കെയാണ് കുടുംബകലഹം മൂർച്ഛിച്ചിരിക്കുന്നത്. രാഷ്ട്രീയം മാത്രമല്ല കലഹത്തിനടിസ്ഥാനം. സ്വത്തുതർക്കം മുതൽ സ്ഥാനമാന തർക്കം വരെയാണ് കുടുംബകലഹത്തിന് കാരണങ്ങൾ. അഖിലേഷ് മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾതന്നെ കലഹത്തിന് വിത്തുവീണിരുന്നു. മാഫിയാ ഭരണത്തിന് അഖിലേഷ് നിന്നു കൊടുത്തില്ല. ഇതോടെ ശത്രുക്കൾ കൂടി. അടുത്തിടെ മുലായവുമായി അടുത്ത രാഷ്ട്രീയദല്ലാൾ അമർസിങ്ങിന്റെയും മുലായത്തിന്റെ രണ്ടാം ഭാര്യ സാധനയുടെയും ഇടപെടലുകൾ വിഷയം രൂക്ഷമാക്കി.

അഖിലേഷിന്റെ രാഷ്ട്രീയവളർച്ചയിൽ അസ്വസ്ഥരായ ശിവപാൽ യാദവും അമർസിങ്ങുമാണ് കരുക്കൾ നീക്കുന്നത്. ഭരണത്തിലും പാർട്ടിയിലും കൈകടത്തിയ ഇവർ അച്ഛനെയും മകനെയും അകറ്റി. മുലായത്തിന് തന്നിലുള്ള മകൻ പ്രതീകിന്റെ രാഷ്ട്രീയവളർച്ചയെക്കുറിച്ച് സാധനയ്ക്കുള്ള ചിന്തയും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കി. ഈ ചക്കളത്തിപ്പോരാട്ടം ഉത്തർ പ്രദേശ് രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഉത്തർപ്രദേശിലെ സങ്കീർണ രാഷ്ട്രീയസമവാക്യങ്ങളെ ബാധിക്കും. ഇത് ഗുണകരമാക്കാൻ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സജീവമായി രംഗത്ത് എത്തും.