സിനിമ മേഖലയിൽ നടിമാർ അനുഭവിക്കുന്ന പ്രതിസന്ധികൾ തുറന്നടിച്ച് നടി സാമന്ത അക്കേനിനി. വിവാഹിതരയാ നടിമാര് അഭിനയിക്കാൻ യോഗ്യരല്ല എന്ന് പറയുന്ന രീതികൾ മാറ്റണമെന്നും അത്തരം രീതികളിൽ മാറ്റമുണ്ടാകുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും സാമന്ത പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈക്കാര്യങ്ങൾ തുറന്നടിച്ചത്. എനിക്കു മുൻപേ സിനിമയിലെത്തിയ നടിമാർപോലും ഇന്നും അവിവാഹിതകളായി കഴിയുന്നുണ്ട്.എനിക്കെന്തായിരുന്നു വിവാഹിതയാകാൻ ധൃതി എന്ന ചോദ്യവും ഞാൻ നേരിടുന്നുണ്ട്. വിവാഹശേഷവും ഞാൻ തിരക്കിലാണല്ലോ? പിന്നെന്തിനാണ് ഇങ്ങനെയൊരു ചോദ്യം? ഒരുപക്ഷേ ഞാൻ നാഗചൈതന്യയെ കണ്ടെത്താതിരുന്നെങ്കിൽ... അദ്ദേഹത്തെ പ്രണയിക്കാതിരുന്നെങ്കിൽ... ഞാനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുമോ ആവോ.

വിവാഹശേഷം ചുംബനരംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. കല്യാണത്തിനുമുമ്പ് ചുംബിച്ചപ്പോൾ ആർക്കും പ്രശ്നമായിരുന്നില്ല.എന്നെ ഒരു നടിയായി മാത്രം കാണുക. വിവാഹിതയായ നടിയാണോ അല്ലയോ എന്നതൊക്കെ അഭിനയിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് അനാവശ്യമായ വിഷയങ്ങളാണ്. സാമന്ത പറഞ്ഞു.

നായകന്മാർ എത്ര കണ്ട് പ്രായമായാലും അവർ നായകന്മാർ തന്നെയാണ്. ഉദാഹരണത്തിന് അമിതാഭ് സാറും ഋഷികപൂറും പക്ഷേ കല്യാണം കഴിഞ്ഞ ഒരു നടിയെ സംബന്ധിച്ച് മുപ്പതാം വയസ്സിൽ ത്തന്നെ അമ്മായിയായോ, അമ്മയായോ അഭിനയിക്കാനുള്ള വിധിയാണ്. സമർഥയായ ഒരു നടിക്ക് വിവാഹം കഴിഞ്ഞാൽ നായികയായി അഭിനയിക്കാനുള്ള അർഹതയില്ലാതെ വരുമോ? ഈ പ്രശ്നംമൂലം എത്രയെത്ര നടിമാരാണ് വിവാഹിതരാകാതെ കഴിയുന്നത്? ഈ സമ്പ്രദായം മാറണം. മാറിയേ പറ്റൂ. സാമന്ത കൂട്ടിച്ചേർത്തു.