ലോകം മുഴുവനും നടക്കുന്ന മീ ടൂ ക്യാംപെയ്‌ന് പിന്തുണ നൽകി നടി സാമന്ത. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന ഓരോ പെൺകുട്ടിക്കുമൊപ്പമാണെന്ന് താനെന്ന് സാമന്ത ട്വിറ്ററിൽ കുറിച്ചു.തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി സ്ത്രീകൾ മുന്നോട്ട് വരുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നും സാമന്ത ട്വിറ്ററിൽ കുറിച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ളവർ നിങ്ങൾക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഇത്തരം പരിഹാസങ്ങൾ കണ്ട് നിങ്ങൾ ഒരിക്കലും പിന്തിരിയരുത്; നിങ്ങൾ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം- സാമന്ത പറയുന്നു.

അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ താൻ നേരിട്ട ലൈംഗികപീഡനം തുറന്നു പറഞ്ഞതോടെയാണ് മീടു ക്യാംപെയ്‌നിന് തുടക്കമാവുന്നത്. പിന്നീട് തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെ അത് ബോളിവുഡിലേക്കും എത്തി. നിരവധി പേർ തനുശ്രീക്ക് പിന്തുണയുമായി രംഗത്തെു വന്നു. കങ്കണ റണാവത്ത്, രാധിക ആപ്തെ തുടങ്ങി നിരവധി താരങ്ങൾ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് മുന്നോട്ടു വന്നു.ഇന്ത്യയിൽ നിന്ന് നിരവധി പേർ 'മീ ടു' വിന് പിന്തുണയുമായി എത്തിയപ്പോൾ കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയവരും ക്യാംപെയ്ന്റെ ഭാഗമായി. എന്നാൽ എംഎൽഎയും നടനുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് രംഗത്ത് വന്നതോടെ മോളിവുഡിലും മീ ടു ക്യാമ്പെയന്റെ അലയോലികൾ ഉയരുകയാണ്.