കൊൽക്കത്ത: ഇന്ത്യൻ മുൻ ഫുട്ബോൾ ക്യാപ്റ്റൻ സമർ ബാനർജി അന്തരിച്ചു. 92 വയസായിരുന്നു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.1956ൽ മെൽബൺ ആതിഥേയത്വം വഹിച്ച ഒളിമ്പിക്സിൽ ബാനർജിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഫുട്ബോൾ ടീം നാലാം സ്ഥാനത്തെത്തി ചരിത്രം കുറിച്ചിരുന്നു.

ബദ്രു ദാ എന്ന വിളിപ്പേരിലാണ് സമർ ബാനർജി അറിയപ്പെട്ടിരുന്നത്.ഇതുവരെ ഇന്ത്യൻ ഫുട്ബോൾ ടീം മൂന്ന് തവണയാണ് ഒളിമ്പിക്സിൽ പങ്കെടുത്തത്. അതിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് ബാനർജിയുടെ ടീമാണ്. വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഇന്ത്യ അന്ന് 3-0 ന് തോൽവി വഴങ്ങി. ഇതോടെ ടീം നാലാം സ്ഥാനത്തായി. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ കാലഘട്ടമായിരുന്നു അത്.

ക്ലബ്ബ് തലത്തിലും ഏറെ ശ്രദ്ധ നേടിയ താരമാണ് ബാനർജി. മോഹൻ ബഗാന് വേണ്ടി പന്തുതട്ടിയ ബാനർജി ടീമിനൊപ്പം പ്രഥമ ഡ്യൂറന്റ് കപ്പ് (1953) കിരീടത്തിൽ പങ്കാളിയായി. 1955-ൽ ടീമിനൊപ്പം റോവേഴ്സ് കപ്പും സ്വന്തമാക്കി. രണ്ട് തവണ സന്തോഷ് ട്രോഫി കിരീടം ബംഗാൾ ടീമിനൊപ്പം സ്വന്തമാക്കാനും ബാനർജിക്ക് സാധിച്ചു.

ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം പരിശീലകനായും ബാനർജി പ്രവർത്തിച്ചു. ബംഗാൾ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ച ബാനർജി 1962-ൽ ടീമിന് സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്തു.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സെലക്ടറായി പ്രവർത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

പിൽക്കാലത്ത് അൽഷിമേഴ്സ് ഉൾപ്പെടെയുള്ള രോഗങ്ങളുടെ പിടിയിലേക്കാണ് ഈ പ്രതിഭ വീണത്. ജൂലൈ 27ന് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നാലെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.ഇന്ത്യ കണ്ട മഹാനായ ഫുട്‌ബോളറുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു