- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദുക്കളെ വിവാഹം ചെയ്യാൻ ഇസ്ലാം അനുവദിക്കുന്നുണ്ടെന്ന് പറഞ്ഞ സിപിഎം നേതാവ് ടി.കെ ഹംസക്കെതിരെ സമസ്ത; ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തു; ഇസ്ലാമിൽ നിന്ന്പുറത്താകാൻ കാരണമാകുമെന്നും സമസ്തയുടെ മുന്നറിയിപ്പ്
മലപ്പുറം: ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടെന്നും പറഞ്ഞ വഖഫ് ബോർഡ് ചെയർമാനും സിപിഎം നേതാവുമായ ടി.കെ ഹംസക്കെതിരെ സമസ്ത. ഇത് ഖുർആന്റെ ദുർവ്യാഖ്യാനമാണെന്നും ഇത്തരത്തിൽ ഇസ്ലാം അനുവദിക്കുന്നില്ലെന്നും ഇത്തരം പ്രവർത്തികൾ ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത് പോകാൻ കാരണമാകുമെന്ന കാര്യമാണെന്നും എല്ലാവരും സൂക്ഷിക്കണമെന്നും സമസ്ത മലപ്പുറം ജില്ലാ പണ്ഡിതസഭ മുന്നറിയിപ്പ് നൽകി.
ഏകദൈവ(ഇസ്ലാം) വിശ്വാസത്തിൽ അധിഷ്ഠിതമായ ഇലാഹീ ഗ്രന്ഥങ്ങൾ നൽകപ്പെട്ട മത വിശ്വാസികളായ സ്ത്രീകളെ പ്രത്യേക നിബന്ധനകൾക്ക് വിധേയമായി മുസ്ലിംകൾക്ക് വിവാഹം ചെയ്യാമെന്നതിന്റെ അടിസ്ഥാനത്തിൽ ബഹുദൈവവിശ്വാസത്തിൽ(ഇതര മതസ്ഥർ) അധിഷ്ഠിതമായ ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്ന സ്ത്രീകളെ മുസ്ലിംകൾക്ക് വിവാഹം ചെയ്യാമെന്ന ടി.കെ ഹംസയുടെ അഭിപ്രായം ഇസ് ലാമിക വിശ്വാസങ്ങൾക്ക് നിരക്കാത്തതും അത് മുസ്ലിംകൾക്ക് ബാധകമല്ലാത്തതുമാണെന്ന് മലപ്പുറത്ത് ചേർന്ന സമസ്ത ജില്ലാ മുശാവറ യോഗം ആഹ്വാനം ചെയ്തു.
പണ്ഡിത പാമര വ്യത്യാസമന്യെ ഇസ്ലാം ശരീഅത്ത് പ്രകാരം നിഷിദ്ധമാണെന്ന് സ്പഷ്ടമായി അറിയപ്പെട്ട കാര്യങ്ങൾ ഒരാളിൽ നിന്നുണ്ടായാൽ അതൊരു കുറ്റകരവും ശിക്ഷാർഹവുമായ പ്രവർത്തിയായി കണക്കാക്കപ്പെടുന്നതും എന്നാൽ പ്രസ്തുത വിധിയെ ഒരാൾ നിഷേധിക്കുകയും അവ അനുവദനീയമാണെന്ന് വാദിക്കുകയും ചെയ്താൽ അത് ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത് പോകാൻ കാരണമാകുമെന്നും ആയ്തു കൊണ്ട് അത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ എല്ലാവരും സൂക്ഷിക്കണമെന്നും സമസ്ത ജില്ലാ മുശാവറ ഉത്‌ബോധിപ്പിച്ചു. യോഗത്തിൽ പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷനായി. സമസ്ത ഗോൾഡൻ ജൂബിലി പരിപാടികൾ യോഗം വിലയിരുത്തി. ജില്ലാ ജനറൽ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി സമ്മേളന പരിപാടികൾ വിശദീകരിച്ചു.
അതേ സമയം അർഹരല്ലാത്തവർ വിശുദ്ധ ഖുർആനെ വ്യാഖ്യാനിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഹംസയുടെ പ്രസ്താവനയെ ഉദ്ദരിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞിരുന്നു. പലർക്കും ഖുർആൻ വ്യാഖ്യാനിക്കാൻ തോന്നും. ഇത് അപകടത്തിലേക്കാവും എത്തുക. ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർ അവരുടെ പണിയാണ് ചെയ്യേണ്ടത്. അല്ലാതെ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യാൻ വരരുത്. ഖുർആൻ ആർക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇതിന് പുറമെ ടി കെ ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്‌തെന്ന വിമർശവുമായി സമസ്ത പണ്ഡിത സഭാ നേതാവും ചെമ്മാട് ദാറുൽ ഹുദ ചാൻസലറുമായ ബഹാവുദ്ദീൻ നദ്വിയും രംഗത്തുവന്നു. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തതെന്നു സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽഎഴുതിയ ലേഖനത്തിൽ നദ്വി പറഞ്ഞു. മതനിരാസവും നിരീശ്വരവാദവും അടിച്ചേൽപിക്കാൻ രാഷ്ട്രീയ പരിസരങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു. മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് നദ്വി പറഞ്ഞു.
യഹൂദ,ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാൻ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ട്. ഹിന്ദുമത വിശ്വാസികളും വേദക്കാരാണെന്ന ടി കെ ഹംസയുടെ പ്രസ്താവന ഖുർആന്റെ ദുർവ്യാഖ്യാനമാണ്. മിശ്ര വിവാഹത്തെയും സ്വതന്ത്ര ലൈംഗിക വാദത്തെയും പ്രോത്സാഹിപ്പിക്കുന്നതിന് ഖുർആനെയും ഹദീസിനെയും ദുർവ്യാഖ്യാനിക്കുന്നതെന്തിനെന്നും ലേഖനം ചോദിക്കുന്നു. മതനിരാസവും നിരീശ്വരവാദവും അടിച്ചേല്പിക്കാൻ ആസൂത്രിതയമായ ശ്രമം രാഷ്ട്രീയ പരിസരങ്ങളിൽ നടക്കുന്നുണ്ട്.
ലിംഗ സമത്വത്തിന്റെ പേരിൽ ജന്റർ ന്യൂട്രല് യൂനിഫോം നടപ്പാക്കാനുള്ള ശ്രമം ഇതിന്റെ ഉദാഹരണമാണ്. മതകീയ മൂല്യങ്ങളെ ഉച്ഛാടനം ചെയ്യാനും പടിഞ്ഞാറൻ മോഡൽ പുരോഗമനവാദം അടിച്ചേലപിക്കാനുമുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് പണ്ഡിത ദൗത്യമാണ്. വിഷയം രാഷ്ട്രീയ നഷ്ടമുണ്ടാക്കുമെന്ന ഭീതിയിൽ മൗനം ഭജിച്ചാൽ സമൂഹം അധാർമികതയുടെ തമോഗർതത്തിൽ അകപ്പെടും ബഹാവുദ്ദീൻ നദ്വി ലേഖനത്തിൽ സൂചിപ്പിച്ചു. ഈയിടെ കേരളത്തിലെ ചില പണ്ഡിതന്മാർ ഹിന്ദുക്കളെവേദത്തിന്റെ അനുയായികളായി പരിഗണിക്കാം എന്നവാദമുന്നയിച്ചുകൊണ്ട് ഖുർആൻ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് ടി കെ ഹംസയുടെ പ്രസ്താവനയെന്നാണ് സമസ്തയുടെ ചൂണ്ടക്കാട്ടൽ.
ഇന്നു ചേർന്ന മലപ്പുറം ജില്ലാ പണ്ഡിതസഭായോഗത്തിൽ കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, പി.കെ ഹംസ കുട്ടി ബാഖവി ആദൃശ്ശേരി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.എ റഹ്മാൻ ഫൈസി കാവനൂർ, എംപി മുഹമ്മദ് മുസ്ലിയാർ മുടിക്കോട്, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത്, അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ, അബ്ദുൽ ലത്തീഫ് ഫൈസി പാതിരമണ്ണ, ഇ.കെ കുഞ്ഞമ്മദ് മുസ്ലിയാർ കാട്ടുമുണ്ട, എ.പി യഅ്ഖൂബ് ഫൈസി രാമംകുത്ത്, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, കെ. അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, പി.എം മൊയ്തീൻ കുട്ടി മുസ്ലിയാർ തലപ്പാറ, പി സൈതാലി മുസ്ലിയാർ മാമ്പുഴ, കാടേരി മുഹമ്മദ് മുസ്ലിയാർ, ടി അബ്ദുൽ അസീസ് ഫൈസി അരിപ്ര, സി.എച്ച് ത്വയ്യിബ് ഫൈസി, ഏലംകുളം ബാപ്പു മുസ്ലിയാർ, ഹംസ ഫൈസി ഹൈതമി നെന്മിനി, കെ.ടി മൊയ്തീൻ ഫൈസി തുവ്വൂർ, സുലൈമാൻ ഫൈസി ചുങ്കത്തറ, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, പി ഇബ്‌റാഹീം ബാഖവി എടപ്പാൾ, കെ അബ്ദുൽ ഗഫൂർ അൻവരി മുതൂർ, എം ടി അബൂബക്കർ ദാരിമി സംസാരിച്ചു.