- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിതരുടെ മൃതദേഹം കുളിപ്പിച്ചാൽ രോഗപ്പകർച്ച ഉണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല; കോവിഡ് രോഗികൾക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല താനും; മയ്യത്തുകൾക്ക് അർഹിക്കുന്ന ആദരവ് നൽകുന്നില്ല; മൃതദേഹങ്ങൾ കുളിപ്പിക്കാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ച് വിശ്വാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും നിലവിൽ മയ്യത്തുകൾക്ക് അർഹിക്കുന്ന ആദരവ് നൽകുന്നില്ലെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ. ജീവിതകാലം മുഴുവൻ മതവിശ്വാസങ്ങളും ആചാരങ്ങളും പാലിച്ചു കൊണ്ട് ജീവിച്ച വ്യക്തികൾ രോഗം ബാധിച്ച് മരിക്കുന്നതോടെ മൃഗങ്ങളെ കുഴിച്ചിടുന്ന വിധത്തിൽ സംസ്ക്കരിക്കുന്നത് ക്രൂരതയാണ്.
വേണ്ട വിധത്തിൽ പരിചരിക്കാൻ ആളില്ലാതെ ദിവസങ്ങളോളം രോഗിയായി കിടന്ന് മലവും മൂത്രവും അതേപടി ശരീരത്തിൽ നിലനിർത്തിയാണ് അടക്കപ്പെടുന്നത്. രോഗിയാവുന്നതോടെ താൻ മരണപ്പെട്ടാലുള്ള അവസ്ഥ എത്രമാത്രം ഭീകരമാണെന്ന ചിന്ത ഓരോരുത്തരെയും അലട്ടുന്നത് സ്വാഭാവികം. രോഗം മൂർച്ഛിക്കാൻ വരെ ഇതു കാരണമാകുന്നുണ്ട്. മാന്യമായ യാത്രയയപ്പ് മനുഷ്യന്റെ അവകാശമാണ്.
ഓരോ മതങ്ങളും ഇക്കാര്യത്തിൽ നിഷ്കർഷത പാലിക്കുന്നുണ്ട്. മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോള നാലു കാര്യങ്ങൾ ഒരു മൃതദേഹത്തിൽ ചെയ്യേണ്ടതുണ്ട്. കുളിപ്പിക്കുക, കഫൻ (മൂന്നു കഷ്ണം തുണി കൊണ്ട് മൃതദേഹം പൊതിയുക, മയ്യത്ത് നിസ്കരിക്കുക, മറമാടുക എന്നിവയാണത്. കുളിപ്പിക്കുക വളരെ പ്രധാനമാണെന്നും സംഘടന വ്യക്തമാക്കി. നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മൃതദേഹം കുളിപ്പിക്കാൻ അനുവദിക്കുന്നില്ല.
മൃതദേഹം കുളിപ്പിക്കുന്നതുകൊണ്ട് എന്തു രോഗപ്പകർച്ചയാണ് വരുന്നതെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിക്കുന്നതോടെ രോഗാണുക്കൾ നശിക്കുമെന്നാണ് ചില പഠനങ്ങളിൽ വ്യക്തമാക്കപ്പെട്ടത്. കോവിഡ് രോഗം പിടിപെട്ടവർക്ക് കുളിക്കാൻ ഒരു നിരോധനവുമില്ല. അവർ കുളിച്ച വെള്ളം പൊതുവായ സ്ഥലത്താണ് ഒഴിവാക്കപ്പെടുന്നത്. ഇതെല്ലാം അനുവദനീയമാണെന്നിരിക്കെ മരിച്ചാൽ ഇതൊന്നും പാടില്ലെന്നതിലെ യുക്തിയാണ് മനസിലാകാത്തത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കോവിഡ് മാർഗനിർദ്ദേശത്തിൽ കുളിപ്പിക്കരുതെന്ന് പറയുന്നില്ല. കുളിപ്പിക്കുന്നവർ പി പി ഇ കിറ്റ് ധരിക്കണമെന്നേ പറയുന്നുള്ളു. കർശനമായ വ്യവസ്ഥകളോടെ ഇതെല്ലാം ചെയ്യാൻ കഴിയും. വസ്തുതകൾ ഇതായിരിക്കെ അനാവശ്യമായ വ്യവസ്ഥകളുണ്ടാക്കി മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവ് ഖേദകരമാണ്. മുഖ്യമന്ത്രി ഇടപെട്ട് മൃതദേഹം കുളിപ്പിക്കുന്നതിന് അനുമതിയുണ്ടാക്കണമെന്നും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജന. സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്ല്യാർ എന്നിവർ ആവശ്യപ്പെട്ടു
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.