കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പൂർവ്വിക നേതാക്കളിലൂടെ കൈമാറി വന്നിട്ടുള്ള രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ സംഘടനക്കകത്ത് യാതൊരു വിധ അഭിപ്രായ വ്യത്യാസമില്ലെന്നും കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചർച്ചകൾ പ്രവർത്തകരിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണെന്നും അത് ആവർത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികളുണ്ടാകുമെന്നും യോഗം മുന്നറിയിപ്പു നൽകി.

വഖഫ് വിഷയത്തിന് ശേഷം ലീഗും സമസ്തയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമസ്ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണവും ഉണ്ടായിരുന്നു. തുടർന്നാണ് സമസ്തയുടെ പണ്ഡിത സഭയായ മുശാവറ ഇന്ന് അടിയന്തര യോഗം ചേർന്നത്. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായ യോഗത്തിൽ 26 പേർ പങ്കെടുത്തിരുന്നു.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. എം ടി അബ്ദുള്ള മുസ്ലിയാർ, പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, പി.കെ മൂസകുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്ലിയാർ, കെ.പി.സി തങ്ങൾ വല്ലപ്പുഴ, എംപി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ നെല്ലായ, വി മൂസക്കോയ മുസ്ലിയാർ, മാണിയൂർ അഹമ്മദ് മുസ്ലിയാർ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദവി കൂരിയാട്, എം മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, കെ ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്്മാൻ മുസ്ലിയാർ, കെ.കെ.പി അബ്ദുള്ള മുസ്ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, പി.കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.വി ഉസ്മാൻ ഫൈസി, കെ.എം അബ്ദുള്ള ഫൈസി, മാഹിൻ മുസ്ലിയാർ തൊട്ടി, എംപി മുസ്തഫൽ ഫൈസി, പി.കെ അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുൽ ഖാദിർ മുസ്ലിയാർ ബംബ്രാണ, എം.വി ഇസ്്മായിൽ മുസ്ലിയാർ, കാടേരി മുഹമ്മദ് മുസ്ലിയാർ സംസാരിച്ചു.

നേരത്തെ ഇടത് മുന്നണിയുമായി എൽഡിഎഫ് സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞത് ഏറെ വിവാദമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്നവർ എല്ലാവരും വിശ്വാസികൾ അല്ലാത്തവരാണെന്ന് പറയുന്നില്ല. പല സാഹചര്യങ്ങൾക്കൊണ്ട് സിപിഎമ്മുമായി സഹകരിച്ചുപോരുന്നവരുണ്ട്. ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവരുണ്ട്. ഇവർ മതവിശ്വാസികളല്ലെന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും പൂക്കോട്ടൂർ പറഞ്ഞു. സമസ്തയുടെ അഭിമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പോയവർ പള്ളിയുമായും മദ്രസകളുമായുമെല്ലാം സഹകരിച്ചുപ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകളെയൊന്നും വെറുപ്പിക്കുന്ന സമീപനം സമസ്ത മുമ്പും ഇപ്പോഴും സ്വീകരിച്ചിട്ടില്ല. സമസ്ത സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന സർക്കാരിൽ നിന്ന് ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി വിദ്വേഷ സമീപനം സ്വീകരിക്കാതെ സഹകരിച്ചുപോരുന്നുണ്ട്. അത് വിമർശിക്കപ്പെടേണ്ട സാഹചര്യമില്ല. അത് തന്ത്രപരമായ നീക്കമാണ്. കേരളം ഭരിക്കുന്നത് പൂർണ്ണമായും കമ്യൂണിസ്റ്റുകളല്ല. അതിൽ മതവിശ്വാസികളുമുണ്ട്. കാര്യങ്ങളെ വേർതിരിച്ച് കാണാനുള്ള വിവേകം ബുദ്ധിയുള്ളവർക്കുണ്ട്. ബാക്കിയുള്ളവർ വെറുതെ വിവാദമുണ്ടാക്കുകയാണെന്നും അബ്ദുസമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.

ഇടതുമുന്നണിയുമായുള്ള സഹകരണം സംബന്ധിച്ച് സമസ്തയിൽ തന്നെ ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുസ്ലിം ലീഗുമായി ഏറെ അടുപ്പം പുലർത്തുന്ന അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. നേരത്തെ വഖഫ് വിഷയത്തിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച സമീപനം സംസ്ഥാന സർക്കാരിനെ ഗുണകരമായിരുന്നു. എന്നും ഒപ്പം നിന്നിരുന്ന സമസ്തയുടെ ഈ നിലപാട് ലീഗിന് അപ്രതീക്ഷിത തിരിച്ചടിയാവുകയും ചെയ്തിരുന്നു. ഇതിനിടെ കമ്യൂണിസത്തിനെതിരേ സമസ്തയിലെ ഒരു വിഭാഗം അവതരിപ്പിച്ച പ്രമേയം ജിഫ്രി തങ്ങൾ പരസ്യമായി തള്ളിപ്പറയുകയും ചെയ്യുകയുണ്ടായി.