സിംഗപ്പൂർ: സിംഗപ്പൂരിലെ ടെലികോം ഭീമനായ സിങ്‌ടെലിന്റെ തലപ്പത്ത് ഇന്ത്യൻ വംശജനായ സാംബ നടരാജനെ നിയമിച്ചു. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിങ്‌ടെലിന്റെ ഡിജിറ്റൽ ഡിവിഷന്റെ സിഇഒ ആയാണ് നാല്പത്തിയൊമ്പതുകാരനായ സാംബ നടരാജൻ നിയമിതനായത്. ഡിജിറ്റൽ എന്റർപ്രൈസിന്റെ മാനേജിങ് ഡയറക്ടറാണ് സാംബ നടരാജൻ ഇപ്പോൾ.

ഡിജിറ്റൽ മാർക്കറ്റിങ്, റീജണൽ പ്രീമിയം വീഡിയോ, അഡ്വാൻസ്ഡ് അനലിറ്റിക്‌സ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സിങ്‌ടെലിന്റെ ഗ്രൂപ്പ് ഡിജിറ്റൽ ലൈഫ് ഇപ്പോൾ ചെയ്യുന്നത്. ബിറ്റ്‌സ് പിലാനിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയ സാംബ അഹമ്മദാബാദ് ഐഐഎമ്മിൽ നിന്ന് മാനേജ്‌മെന്റിൽ പിജി ഡിപ്ലോമയും യൂണിവേഴ്‌സിറ്റി ഓഫ് പെൻസിൽവാനിയയുടെ കീഴിലുള്ള വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. മുമ്പ് സിറ്റി ബാങ്കിലും സാംബ സേവനമനുഷ്ടിച്ചിട്ടുണ്ട്.