- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിയതിന്റെ പ്രതികാരം; ഊബർ ടാക്സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തി; കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ തിരും വരെ പ്രതികൾ പുറം ലോകം കാണില്ല; കസ്റ്റോഡിയൽ ട്രയൽ നടത്താൻ ജില്ലാ കോടതി ഉത്തരവ്; സമ്പത്തുകൊലയിൽ വിചാരണ തുടങ്ങുമ്പോൾ
തിരുവനന്തപുരം: കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിക്കൊടുത്ത പകയിൽ തലസ്ഥാനത്തെ ചാക്ക ഊബർ ടാക്സി ഡ്രൈവർ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ജനുവരി 27 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജൂൺ 29 മുതൽ റിമാന്റിൽ കഴിയുന്ന കഞ്ചാവ് കടത്തു കേസ് പ്രതികളായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി (29) , സജാദ് (26) എന്നിവരാണ് സമ്പത്തുകൊലക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ.
കേസിൽ വിചാരണ തീരും വരെ പ്രതികൾ ഇനി പുറം ലോകം കാണില്ല. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരുമ്പഴിക്കുള്ളിലിട്ട് കസ്റ്റോഡിയൽ ട്രയൽ നടത്താൻ കോടതി ഉത്തരവുണ്ട്. വിചാരണ തടവുകാരായ പ്രതികൾക്ക് ജാമ്യവും കോടതി നിഷേധിച്ചു. പ്രതികളുടെ അറസ്റ്റ് തീയതി മുതൽ 85 ദിവസം തികയുന്ന സെപ്റ്റംബർ 24 ന് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം ഫയലിൽ സ്വീകരിച്ചാണ് പ്രതികളോട് കസ്റ്റോഡിയൽ വിചാരണക്ക് തയ്യാറെടുക്കാൻ കോടതി നിർദ്ദേശിച്ചത്. പ്രതികൾക്കെതിരെ കോടതി 1860 ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 449 (മരണശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനായുള്ള ഭവന കൈയേറ്റം) , 302 (കൊലപാതകം) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പരസ്പരം ഉൽസാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) , 1989 ൽ നിലവിൽ വന്ന പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ 3 (2) (5) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയാണ് കോടതി സെഷൻസ് കേസെടുത്തത്.
സി. ഡി. ഫയലും പൊലീസ് റിപ്പോർട്ടും പരിശോധിച്ചതിൽ ഗൗരവമേറിയ കൃത്യത്തിൽ പ്രതികളുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വ്യക്തമാകുന്ന തെളിവുകൾ ഉണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിരസിച്ചത്. ക്രൂരവും മൃഗീയവുമായ രീതിയിലാണ് കൃത്യം ചെയ്തതായി കാണുന്നത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെയും കേസിന്റെ വസ്തുത അറിയാവുന്നവരേയും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാൻ സാധ്യതയുണ്ട്. ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.
2021 ജൂൺ 28 നാണ് തലസ്ഥാനം നടുങ്ങിയ അരും കൊലപാതകം നടന്നത്. തിങ്കളാഴ്ച പുലർച്ചെ ഊബർ ടാക്സി ഡ്രൈവർ പേട്ട സ്വദേശി സമ്പത്തിനെ ചാക്കയിലെ വാടക വീട്ടിനുള്ളിൽ മുഖം തിരിച്ചറിയാനാവാത്ത വിധം ശരീരത്തിൽ 60 ഓളം മുറിവുകളോടെ രക്തം വാർന്ന് മൃഗീയമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രൂര കൊലപാതകത്തിനിടെ ഒന്നാം പ്രതിയായ സനൽ മുഹമ്മദിന് കൈക്ക് പരിക്കേറ്റിരുന്നു. സനൽ ചികിത്സ തേടി സ്വകാര്യ ആശുപത്രിയിലെത്തി. ബൈക്കിൽനിന്ന് വീണെന്നായിരുന്നു ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. സനലിനെ അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് സജാദ് പിടിയിലായത്.
സമ്പത്ത് ഒറ്റിക്കൊടുത്തതിനാലാണ് ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസിൽ സജാദും സനൽ മുഹമ്മദും പിടിയിലായതെന്ന വിരോധത്താലാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്. സനൽ മുഹമ്മദ് നേരത്തെയും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ടെക്നോ സിറ്റി കേന്ദ്രീകരിച്ചുള്ള കഴക്കൂട്ടം - ആറ്റിങ്ങൽ ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് പ്രതികൾ. സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേൽ പാലത്തിന് സമീപമുള്ള പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സനൽ മുഹമ്മദ് ഉപയോഗിച്ച കത്തിയാണെന്ന കുറ്റസമ്മത മൊഴി പ്രകാരമാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന ചാക്ക വാടക വീട്ടിൽ നിന്ന് മറ്റൊരു കത്തിയും കണ്ടെടുത്തു.
സജാദാണ് കഞ്ചാവു കടത്തു വിവരം പൊലീസിന് കൈമാറിയതെന്നാണ് സനൽ മുഹമ്മദ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ തങ്ങളുടെ കൈവശം കഞ്ചാവുള്ളത് അറിയാമായിരുന്ന ഏക വ്യക്തിയായ സമ്പത്താണ് പൊലീസിന് വിവരം നൽകിയതെന്നാണ് സജാദ് സംശയിച്ചിരുന്നത്. ഇതേക്കുറിച്ച് ചോദിക്കാനാണ് രണ്ടു പേരും സമ്പത്തിന്റെ വീട്ടിലെത്തിയത്. തുടർന്നുള്ള ചർച്ചയിൽ താനാണ് പൊലീസിന് വിവരം നൽകിയതെന്ന് സമ്പത്ത് സമ്മതിക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിന് നൽകിയതായി പറയുന്ന കുറ്റസമ്മത മൊഴിയിൽ പറയുന്നത്. തുടർന്ന് ഇരുവരും ചേർന്ന് സമ്പത്തിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
പിൻവശം അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കുത്തി വീഴ്ത്തുകയായിരുന്നു. മുഖം തിരിച്ചറിയാനാവാത്ത വിധം കുത്തിക്കീറി വികൃതമാക്കി. തുടർച്ചയായ ആക്രമത്തത്തിനിടെയാണ് സനൽ മുഹമ്മദിന്റെ കൈക്ക് പരിക്കേറ്റത്. തുടർന്ന് രണ്ടു പേരും ഓടി രക്ഷപ്പെടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ