- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സുപ്രീം കോടതി വിധി: വിവാഹം ഇനി സ്വർഗ്ഗത്തിലോ ?
കഴിഞ്ഞ ജൂൺ 26-ന് അമേരിക്കയിലെ പരമോന്നത നീതിന്യായ കോടതി ആയ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിപ്രഖ്യാപനം മനുഷ്യബന്ധങ്ങളിൽ ദൂരവ്യാപകമായ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാണ്. പുതിയ വിധിപ്രഖ്യാപനത്തിലൂടെ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമപ്രാബല്യം ലഭിച്ചിരിക്കുകയാണ്. നിയമതടസം കൂടാതെയും സംസ്ഥാന നിയമങ്ങളുട
കഴിഞ്ഞ ജൂൺ 26-ന് അമേരിക്കയിലെ പരമോന്നത നീതിന്യായ കോടതി ആയ സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിപ്രഖ്യാപനം മനുഷ്യബന്ധങ്ങളിൽ ദൂരവ്യാപകമായ ചലനം സൃഷ്ടിക്കുവാൻ പര്യാപ്തമാണ്. പുതിയ വിധിപ്രഖ്യാപനത്തിലൂടെ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും നിയമപ്രാബല്യം ലഭിച്ചിരിക്കുകയാണ്. നിയമതടസം കൂടാതെയും സംസ്ഥാന നിയമങ്ങളുടെ പരിധികൾക്ക് അപ്പുറമായും ഇത്തരം വിവാഹങ്ങൾക്ക് നിയമസാധുത ലഭിച്ചു എന്നുള്ളതാണ് ഈ സുപ്രീം കോടതി വിധിയിലൂടെ കരുതപ്പെട്ടിരിക്കുന്നത്. ഈ ഉത്തരവ് വിവാഹ ബന്ധങ്ങൾക്ക് ഒരു പുതിയ മാനദണ്ഢമാണ് നൽകിയിരിക്കുന്നത്. അംഗീകൃതവും ഉൽകൃഷ്ടങ്ങളുമായ സ്ത്രീപുരുഷബന്ധങ്ങൾക്കാണ് ഇതു മൂലം ആഘാതം സംഭവിച്ചിരിക്കുന്നത്. ഈ സുപ്രീം കോടതി വിധിയിലൂടെ സ്തീപുരുഷബന്ധത്തിന്റെ പവിത്രമായ മന്ത്രച്ചരടുകൾ പൊട്ടിയേക്കാവുന്ന അവസ്ഥയിലേക്ക് ഈ മനുഷ്യസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്.
സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം ദൈവീക വരദാനമാണ്. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ദൈവം സ്ത്രീപുരുഷ ബന്ധത്തിന്റെ കാർമ്മികതയും നടത്തപ്പെട്ടു.
പുരുഷനെ സൃഷ്ടിച്ച ദൈവം അവനു ജീവിതസഖിയായി തെരഞ്ഞെടുത്തത് ഒരു സ്ത്രീയേയാണ്. ആദം എന്ന ആദ്യ മനുഷ്യനു ഒരു ജീവിത സഖിയായി അന്നു സൃഷ്ടിക്കപ്പെട്ട ജീവജാലകങ്ങളിൽ നിന്നും ആകാമായിരുന്നു. ഇതിനുള്ള അധികാരവും അവകാശവും ആദ്യമനുഷ്യനുണ്ടായിരുന്നു. എങ്കിലും സൃഷ്ടികർത്താവിന്റെ സൃഷ്ടി പ്രക്രിയയിൽ ഭാഗമാകുവാൻ വേണ്ടി, തുല്യ സ്വാതന്ത്ര്യത്തോടും, അധികാരത്തോടും, കർത്തവ്യത്തോടും കൂടി ഹൗവ്വ എന്ന ജീവിതസഖിയെയാണ് ദൈവം അവനായി കൊടുത്തത്. മഹത്തായ വിവാഹ ബന്ധത്തിന്റെ ആരംഭം ഇവിടെയാണ് തുടങ്ങിയത്.
സൃഷ്ടികർത്താവിന്റെ സൃഷ്ടിപ്രക്രിയ ഈ ദമ്പതികളിലൂടെ ആരംഭിച്ചത് ഇന്നും തുടരുകയാണ്. ഈ ദൈവനിയമം സകല ജീവചരാചരങ്ങളിലും ഉൽകൃഷ്ടമായ വംശവർദ്ധനവിന്റെ നിദാനമായി കാണപ്പെട്ടു. സകല ജീവജാലങ്ങളുടെയും നിലനിൽപ്പും വംശവർദ്ധനയും ക്രമീകൃതമായി ക്രമപ്പെടുത്തിയ ദൈവം സൃഷ്ടിഗണത്തെ മുഴുവനും ആണും, പെണ്ണുമായി നിജപ്പെടുത്തി.
കാറ്റിൽ പറക്കുന്ന ആയിരക്കണക്കിന് പൂമ്പൊടികൾ എന്തുകൊണ്ട് ക്രമം തെറ്റി സംയോജിക്കുന്നില്ല. ആൺ ആനയും പെൺ കുതിരയും ബന്ധങ്ങൾ ഉണ്ടാക്കിയതായി കാണുന്നുമില്ല. ഇവയെല്ലാം സൃഷ്ടികർമത്തിന്റെ ക്രമീകൃതമായ നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീപുരുഷബന്ധവും ഇതുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മനുഷ്യബന്ധങ്ങൾക്കും സൃഷ്ടി മാനദണ്ഡങ്ങൾക്കും വില കൊടുക്കാതെ മുന്നോട്ടു ഗമിക്കുന്ന ഒരു സമൂഹത്തിന്റെ ഗതി എന്തായി തീരും എന്ന് ഊഹിക്കുവാൻ നമുക്കു സാധിക്കും. മാനുഷിക ബന്ധങ്ങളിൽ ഉള്ള സാംസ്‌കാരികതയും തുല്യതയും നഷ്ടമാകും. മൃഗീയമായ മ്ലേച്ഛത മനുഷ്യബന്ധങ്ങളിൽ സംജാതമാകും. സനാതനങ്ങളായ ധർമ്മങ്ങളും വിശ്വാസങ്ങളും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നകാലം വിദൂരമല്ല.
സ്വവർഗ്ഗ വിവാഹങ്ങളെ തുണയ്ക്കാത്ത വ്യക്തികളേയും, സമൂഹത്തേയും നിയമവിരുദ്ധരായി പ്രഖ്യാപിക്കവാനും പുതിയ നിയമത്തിനു സാധിക്കും. പരിപാവനമായ വിവാഹബന്ധം പൂർത്തീകരിക്കപ്പെടുന്നത് സ്വർഗ്ഗത്തിൽ ആണെന്ന വിശ്വാസമാണ് ഇവിടെ തകർക്കപ്പെടുന്നത്. ഏതു തരത്തിലുള്ള ബന്ധവും സ്വീകാര്യവും നിയമാനുസൃതം ആയിത്തീരുമ്പോൾ ഒരു വലിയ സംസ്‌കൃതിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. ജീവിതം എന്തുമാകാം, എങ്ങനെയുമാകാം എന്ന ശൈലിയാണ് ഇപ്പോൾ ലോകത്തിൽ കാണപ്പെടുന്നത്. ശരിയും തെറ്റും തമ്മിലുള്ള നേർ വരമ്പുകൾക്ക് ഇന്ന് വിഘ്‌നം സംഭവിച്ചിരിക്കുന്നു. എത്രമാത്രം ശാസ്ത്രസാങ്കേതിക രംഗത്ത് മനുഷ്യൻ വളരുന്നുവോ, ഉയരുന്നുവോ, അത്രകണ്ട് ഈ പ്രപഞ്ചത്തെ ഒരുക്കിയ നാഥന്റെ അസ്ഥിത്വത്തെപ്പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഞാൻ, ഞാൻ എന്ന ഭാവവും സ്വയം പര്യാപ്തമെന്ന ചിന്തയും അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് എത്തിയിരിക്കുന്നത്. ഈ കാലഘട്ടത്തിൽ അനുവദനീയമെന്നോ, അനു അനുവദിനീയമെന്നോ, വിഹിതമെന്നോ, അവിഹിതമെന്നോ ഒന്നും തന്നെയില്ല. എല്ലാം അനുവദനീയം. എല്ലാം വിഹിതം.
ഈ ലോകത്തിന്റെ പരിരക്ഷയ്ക്കും നിലനിൽപ്പിനും മനുഷ്യവർഗ്ഗത്തിന്റെ വംശവർദ്ധനവിനും വേണ്ടി സർവ്വേശ്വരൻ നമുക്കു തന്ന വരദാനമാണ് വിവാഹം എന്ന കൂദാശ. മനുഷ്യ ജീവിതം സുകൃതവും, പരിപാവനവും, പരിശുദ്ധവും ആത്മീയവുമാക്കി തീർക്കാൻ ഈ കൂദാശ നമുക്കു നൽകിയപ്പോൾ, വികലങ്ങളായ ചിന്തകളും ജീവിതശൈലികളും, സ്വവർഗ്ഗ ബന്ധങ്ങളും വിവാഹം എന്ന ബന്ധത്തെ തച്ചുടച്ചു കളയുകയാണ്. ഇത്തരത്തിലുള്ള സുപ്രീംകോടതി വിധികളോട് നാം നിസ്സംഗതയും മൗനവും പുലർത്തുമ്പോൾ വിളയിക്കുന്നത് സാമൂഹ്യവിരുദ്ധവും, സ്വാഭാവിക വിരുദ്ധങ്ങളുമായ സംസ്‌കൃതിളാണ്. ഈ മൗനത കാണുമ്പോൾ ഉയർന്ന ചോദ്യം 'നമ്മുടെ ആദ്ധ്യാത്മീകത വെറും കാപട്യമാണോ'?
പ്രതികരിക്കേണ്ടിടത്തു നാം പ്രതികരിക്കപ്പടുന്നില്ലെങ്കിൽ, നാം നഷ്ടമാക്കുന്നത് ഒരു വിശ്വാസവും ആചാരങ്ങളും മാത്രമല്ല, മനുഷ്യകുലത്തിന്റെ നിലനിൽപ്പു തന്നെയാണ്. കാലസമ്പൂർണതയിലേക്കുള്ള ഊറ്റുനോവിന്റെ ആഴം അത്രേ ഉള്ളൂ എന്നു ചിന്തിക്കുക.
[Fr.Joseph Varghese is a freelance writer and Executive Director of Institute of or Religious Freedom and Tolerance(IRFT) in NewYork]