മുംബൈ: ലഹരിമരുന്നു കേസിൽ ബോളിവുഡ് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കുരുക്കി വിവാദ ചുഴിയിൽപ്പെട്ടതോടെ അന്വേഷണ ചുമതലയിൽനിന്നു മാറ്റിനിർത്തപ്പെട്ട സമീർ വാങ്കഡെയ്ക്ക് ഒടുവിൽ സ്ഥലംമാറ്റം. ചെന്നൈ ടാക്‌സ്‌പേയർ സർവീസ് ഡയറക്ടറേറ്റിലേക്കാണു സ്ഥലം മാറ്റിയത്. ലഹരിമരുന്നു കേസിൽ ആര്യന് ക്ലീൻ ചിറ്റ് ലഭിച്ചതിനു പിന്നാലെയാണ് സമീർ വാങ്കഡെയുടെ സ്ഥലം മാറ്റമെന്നത് ശ്രദ്ധേയം.

ആര്യൻ ഖാന്റെ അറസ്റ്റോടെ ബോളിവുഡിന്റെ പേടിസ്വപ്നമായി മാറിയ സമീർ കേസ് അന്വേഷണത്തിലെ പിഴവുകളിലും വിവാദങ്ങളിലും അകപ്പെട്ടതോടെ കരിയറിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
ആദ്യം ലഹരിക്കേസിന്റെ അന്വേഷണ ചുമതലയിൽനിന്നു മാറ്റിനിർത്തപ്പെട്ട വാങ്കഡെയെ, അതിന്റെ തുടർച്ചയായാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

അശ്രദ്ധമായി കേസ് അന്വേഷിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വാങ്കഡെയ്ക്ക് എതിരെ നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനമന്ത്രാലയത്തിനു നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വാങ്കഡെയുടെ സ്ഥലം മാറ്റ വാർത്ത എത്തുന്നത്.

കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിനാണ് ആഡംബരക്കപ്പലിലെ ആര്യൻ ഖാൻ അടക്കം ചിലരെ എൻസിബി അറസ്റ്റ് ചെയ്തതോടെയാണ് സമീർ വാങ്കഡെ എന്ന പേര് വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ചർച്ചയായി ഉയർന്നുകേട്ടത്.

യാത്രക്കാരെന്നപോലെ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ ആഡംബരക്കപ്പലിൽ കയറിയ 22 ഉദ്യോഗസ്ഥരാണ് ലഹരിവേട്ട നടത്തിയത്. വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരിമരുന്ന് ഉപയോഗം, ഗൂഢാലോചന, രാജ്യാന്തര ഇടപാടുകൾ എന്നീ കുറ്റങ്ങൾ ആരോപിച്ച് ആര്യനെ അറസ്റ്റ് ചെയ്തത്. ബോളിവുഡിനെ ഞെട്ടിപ്പിച്ചുകൊണ്ടായിരുന്നു സമീറിന്റെ പിന്നീടുള്ള നീക്കങ്ങൾ

എന്നാൽ അറസ്റ്റിന് പിന്നാലെ ആരോപണങ്ങളും വിവാദങ്ങളും സമീർ വാങ്കഡയെ ചുറ്റപ്പറ്റി ഉയർന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു. വാങ്കഡെയെ ആര്യൻ ഖാൻ ഉൾപ്പെട്ടത് അടക്കം ആറ് ലഹരി മരുന്നു കേസുകളുെട അന്വേഷണത്തിൽനിന്ന് ഒഴിവാക്കി. വാങ്കഡെയ്‌ക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച നവാബ് മാലിക്കിന്റെ മരുമകൻ കുറ്റാരോപിതനായ ലഹരിക്കേസായിരുന്നു അതിലൊന്ന്. ശേഷിക്കുന്നവയെല്ലാം ബോളിവുഡ് ബന്ധമുള്ള കേസുകളും. തുടർന്നാണ്, ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡൽഹി സംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു.

26 ദിവസത്തോളം കസ്റ്റഡിയിൽ കഴിഞ്ഞ ആര്യന് ഒക്ടോബർ 28ന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെ ഒക്ടോബർ 30 ന് മോചിതനായി. കിങ് ഖാന്റെ മകനെ 'തൊട്ടതിനു' ശേഷം വാങ്കഡെയുടെ കരിയറിൽ സംഭവിച്ചതിലധികവും തിരിച്ചടികളായിരുന്നു.

ആര്യന്റെ പിതാവും നടനുമായ ഷാറുഖ് ഖാനോട് മകനെ കേസിൽ നിന്നൊഴിവാക്കാൻ കോടികൾ ചോദിച്ചെന്നുള്ള ആരോപണത്തിലായിരുന്നു തുടക്കം. കേസ് ഒതുക്കാൻ ഇടനിലക്കാർ വഴി 25 കോടി രൂപ ആവശ്യപ്പെട്ടെന്നും പിന്നീട് അത് 18 കോടിയിൽ ഒതുക്കിയെന്നും സാക്ഷികൾ വെളിപ്പെടുത്തി. അതിൽ എട്ടു കോടിയും സോണൽ ഡയറക്ടർ വാങ്കഡെയ്ക്കു വേണ്ടിയാണെന്നായിരുന്നു സാക്ഷിമൊഴി.

ഒരേയാളെ പല കേസുകളിൽ സാക്ഷിയാക്കി, ലഹരി റെയ്ഡുകളിൽ തട്ടിപ്പുകാരെ ഒപ്പം കൂട്ടി, എന്തിനെന്നു പറയാതെ വെള്ളക്കടലാസിൽ ഒപ്പിടുവിച്ചശേഷം ലഹരിക്കേസ് സാക്ഷിയാക്കി തുടങ്ങി വിവിധ ആരോപണങ്ങൾ അനുബന്ധമായെത്തി.

ബിജെപിയുടെ പാവയാണ് സമീർ വാങ്കഡെയെന്നും ആരോപണമുയർന്നു. ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ഏതാനും വർഷങ്ങൾക്കുള്ളിൽ വാങ്കഡെയുടെ ജോലി നഷ്ടമാകുമെന്നും കള്ളക്കേസ് ചുമത്തിയതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നുമായിരുന്നു ആരോപണം.

ഇതിനിടെ, ബാർ ലൈസൻസ് കിട്ടാനായി വ്യാജരേഖ ചമച്ചുവെന്ന ആരോപണവും ഉയർന്നു. തുടർന്ന് വാങ്കഡെയ്‌ക്കെതിരെ താനെ പൊലീസ് കേസെടുത്തു. നവിമുംബൈയിലെ വാശിയിലെ ബാറിന്റെ ലൈസൻസുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇതിന്റെ ലൈസൻസ് അടുത്തിടെ എക്‌സൈസ് വകുപ്പ് റദ്ദാക്കിയിരുന്നു.

1997 ൽ, സമീർ വാങ്കഡെക്ക് 18 വയസ്സു പൂർത്തിയാകും മുൻപാണ് ബാർ ലൈസൻസ് എടുത്തതെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി വക്താവുമായ നവാബ് മാലിക് വെളിപ്പെടുത്തിയിരുന്നു. വ്യാജരേഖകൾ ചമച്ചാണ് വാങ്കഡെ ലൈസൻസ് നേടിയതെന്നും കേന്ദ്ര സർക്കാരിൽ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ ബാർ നടത്തുന്നത് ചട്ടലംഘനമാണെന്നും മാലിക് ആരോപിച്ചു.

വാങ്കഡെ വ്യാജ രേഖ ചമച്ചാണു പട്ടികജാതി ക്വോട്ടയിൽ ജോലി നേടിയതെന്നായിരുന്നു ഏറ്റവും ഗുരുതരമായ ആരോപണം. ഇക്കാര്യം ഉന്നയിച്ച നവാബ് മാലിക്, ഇതു സൂചിപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പുറത്തുവിട്ടു.

1986 ജൂൺ 27ലെ പ്രൈമറിസ്‌കൂൾ മാറ്റ രേഖകളിൽ സമീർ ദാവൂദ് വാങ്കഡെയെന്നാണ് പേരെന്നും മുസ്ലിം എന്നാണു രേഖപ്പെടുത്തിയതെന്നും മാലിക് പറഞ്ഞു. സ്‌കൂളുകളിലും മുംബൈ മുനിസിപ്പൽ കോർപറേഷൻ രേഖകളിലുമുള്ള വിവരങ്ങളാണിതെന്നും വ്യക്തമാക്കി. അതേസമയം, ജാതിരേഖ തിരുത്തിയിട്ടില്ലെന്നും തങ്ങൾ ദലിതരാണെന്നുമാണു വാങ്കഡെ കുടുംബം വാദിച്ചത്

ആദ്യഭാര്യ ഷബാന ഖുറേഷിയും കുടുംബവും ആരോപണങ്ങൾ ഉന്നയിക്കാതിരിക്കാൻ അവരുടെ ബന്ധുവിനെ വാങ്കഡെ ലഹരിക്കേസിൽ കുടുക്കിയെന്നും മാലിക് ആരോപിച്ചു. മുസ്‌ലിമായ ഷബാനയിൽനിന്നു 2016ൽ വിവാഹമോചനം നേടിയ ശേഷമാണു വാങ്കഡെ പിറ്റേവർഷം മറാഠി നടി ക്രാന്തി രേദ്കറെ വിവാഹം കഴിച്ചത്.

വാങ്കഡെയുടെ സംഘം ഷബാനയുടെ ബന്ധുവായ യുവാവിനെ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ചു കേസിൽ കുടുക്കുകയായിരുന്നു. പ്രതികരിച്ചാൽ മുഴുവൻ കുടുബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്നു യുവാവിന്റെ കുടുംബത്തെ വാങ്കഡെ ഭീഷണിപ്പെടുത്തിയിരുന്നതായും നവാബ് മാലിക് അവകാശപ്പെട്ടു.

ആരോപണങ്ങൾ ഒന്നൊന്നായി ഉയരുന്നതിനിടെ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലെ പാളിച്ചകൾ തുറന്നുകാട്ടി എൻസിബി ഡയറ്കടർ ജനറൽ എസ്.എൻ.പ്രധാൻ. കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ 'ചില ക്രമക്കേടുകൾ' സംഭവിച്ചെന്നു സമ്മതിച്ച എൻസിബി ഡയറ്കടർ അതിനിടയാക്കിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

ആര്യൻ ഖാൻ രാജ്യാന്തര ലഹരി മാഫിയയുടെ കണ്ണിയാണെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) കഴിഞ്ഞ ദിവസം തിരുത്തിയതും കപ്പലിലെ ലഹരിവിരുന്നു കേസിൽ ആര്യനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതും. അറസ്റ്റിലായ 20 പേരിൽ 6 പേർക്കെതിരെ തെളിവ് ഇല്ലെന്നും അതിനാലാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്താത്തതെന്നും അന്വേഷണസംഘം പ്രത്യേക കോടതിയിൽ സമ്മതിച്ചിരുന്നു.

അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ 'അശ്രദ്ധ' കാട്ടിയ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് ധന മന്ത്രാലയത്തോടു നിർദ്ദേശിച്ചെന്ന വാർത്ത പിന്നാലെയെത്തി. പിന്നാലെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ ഡയറക്ടറെന്ന നിലയിൽ മുംബൈ നഗരത്തെയും ബോളിവുഡിനെയും വിറപ്പിച്ച സമീർ വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലം മാറ്റിയെന്ന വാർത്ത ഏറ്റവും ഒടുവിലും!

ആരെയും അസൂയപ്പെടുത്തുന്ന കരിയർ ഒടുവിൽ വീഴ്ച

2008 ഐആർഎസ് ബാച്ചിലെ ഉദ്യോഗസ്ഥൻ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഓഫിസറായി ആദ്യ പോസ്റ്റിങ്. വിദേശനാണ്യം ഉപയോഗിച്ചു വാങ്ങിയ വസ്തുക്കളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരുന്നതിനാൽ വിമാനത്താവളത്തിൽ ചില സെലിബ്രിറ്റികളുടെ വസ്തുവകകൾക്കു ക്ലിയറൻസ് നൽകാതിരുന്നതിലൂടെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്.

മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസിൽ പ്രവർത്തിച്ചപ്പോൾ സ്വീകരിച്ച പഴുതടച്ച നടപടികളെത്തുടർന്ന് എയർ ഇന്റലിജൻസ് യൂണിറ്റിൽ (എൻഐഎ) എത്തി. 2011ൽ ലോകകപ്പ് ക്രിക്കറ്റിന്റെ സ്വർണക്കപ്പ് പിടിച്ചുവച്ച് ഡ്യൂട്ടി അടപ്പിച്ചതും വാർത്തയായി. ഈ കാലയളവിൽ, നികുതി വെട്ടിപ്പു നടത്തിയ 2,000 ൽ അധികം സെലിബ്രിറ്റികൾക്കെതിരെ ഇദ്ദേഹം കേസെടുത്തിട്ടുണ്ട്.

എൻഐഎയിൽനിന്ന് ഡയറക്ടറേറ്റ്് ഓഫ് റവന്യൂ ഇന്റലിജൻസിൽ ഡപ്യൂട്ടി കമ്മിഷണറായി. തുടർന്നായിരുന്നു എൻസിബിയിലേക്കുള്ള യാത്ര. ചുമതലയേറ്റതിനു പിന്നാലെ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് വലിയ ചർച്ചയായി. സുശാന്തിന്റെ മരണവും ലഹരി ഇടപാടുകളുമായുള്ള ബന്ധവും പുറത്തുകൊണ്ടുവന്നതും നടന്റെ കാമുകി റിയ ചക്രവർത്തിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും വാങ്കഡെയാണ്.

നടിമാരായ ദീപിക പദുകോൺ, രാകുൽ പ്രീത് സിങ്, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെ ചോദ്യം ചെയ്തു. വിവേക് ഒബ്റോയ്, രാംഗോപാൽ വർമ തുടങ്ങിയവരുടെ വീടുകളിൽ പരിശോധന നടത്താനും മടികാട്ടിയില്ല. മറാഠി നടി ക്രാന്തി രേദ്കറാണ് സമീറിന്റെ ഭാര്യ.