- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സമീർ വാങ്കഡെ ജന്മനാ മുസ്ലിം; എന്റെ മകളെ വിവാഹം കഴിച്ച കാലത്തും അദ്ദേഹം പള്ളിയിൽ പോകുമായിരുന്നു; വാങ്കഡെ കുടുംബം മുസ്ലീങ്ങളാണ്': നവാബ് മാലിക്കിന്റെ ആരോപണം സ്ഥിരീകരിച്ച് സമീറിന്റെ ആദ്യ ഭാര്യാപിതാവ്; വാങ്കഡെയെ കുടുക്കാൻ വ്യാജരേഖാ വിവാദവും
മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്തതോടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ വിശ്വാസ്യത തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. കോടികൾ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ, സമീർ വാങ്കഡെ മുസ്ലിം ആണെന്ന വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. എസ്സി സംവരണാനുകൂല്യം കൈപ്പറ്റുന്ന വാങ്കഡെ ഹിന്ദുവല്ലെന്നും വ്യാജരേഖ ചമച്ചാണ് ജോലി തേടിയതെന്നും ആണ് എതിരാളികളുടെ ഭാഷ്യം. ഇതിന് ബലം പകരാൻ, സമീർ വാങ്കഡെ മുസ്ലിമായിരുന്നുവെന്ന വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ആദ്യഭാര്യയുടെ പിതാവ് രംഗത്ത് എത്തി.
സമീർ വാങ്കഡെ ജന്മനാ മുസ്ലിമാണെന്നും തന്റെ മകളെ വിവാഹം കഴിച്ച ശേഷവും അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നുവെന്നുമാണ് ആദ്യഭാര്യ ഡോ. ശബാനയുടെ പിതാവ് ഡോ. സഹീദ് ഖുറേഷി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 'വാങ്കഡെ കുടുംബത്തെ തനിക്ക് നേരത്തെ അറിയാം. അവർ മുസ്ലീങ്ങളാണ്. ദാവൂദ് എന്നാണ് സമീറിന്റെ പിതാവിന്റെ പേര്. ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണ് വാങ്കഡെ ഹിന്ദുവായെന്ന വിവരം താൻ കേൾക്കുന്നത്' -ഡോ. സഹീദ് ഖുറേഷി പറഞ്ഞു.
മുസ്ലിമായി ജനിച്ച്, ഇസ്ലാമിക നിയമപ്രകാരം മുസ്ലിമിനെ നികാഹ് ചെയ്ത സമീർ വാങ്കഡെ, ഹിന്ദു പട്ടികജാതി വിഭാഗത്തിൽ പെട്ടയാളാണെന്ന് കാണിക്കാൻ ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെ വ്യാജ രേഖകൾ ചമച്ചത് സംവരണ ക്വോട്ടയിൽ ജോലി ലഭിക്കാനാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ആരോപണം ഉന്നയിച്ചിരുന്നു.
തന്റെ പിതാവ് ജ്ഞാനദേവ് കച്ച് രുജി വാങ്കഡെ ഹിന്ദുവാണെന്നും അന്തരിച്ച അമ്മ സഹീദ മുസ്ലിമായിരുന്നെന്നും നവാബിന്റെ ആരോപണത്തോട് സമീർ വാങ്കഡെ പ്രതികരിച്ചിരുന്നു. എന്നാൽ, ഇത് തെറ്റാണെന്നാണ ഡോ. സഹീദ് ഖുറേഷി പറയുന്നത്.
'വാങ്കഡെ കുടുംബം മുസ്ലിങ്ങളാണെന്ന കാര്യം ഞങ്ങൾക്ക് നേരത്തേ അറിയാമായിരുന്നു. അച്ഛൻ ദാവൂദ് വാങ്കഡെയെ എനിക്ക് അറിയാം. സമീറിന്റെ അമ്മ സഹീദയുമായുള്ള ബന്ധം കാരണമാണ് എന്റെ മകൾ ഡോ. ശബാനയും സമീറുമായുള്ള വിവാഹത്തിന് ഞങ്ങൾ സമ്മതിച്ചത്. 2006 ലാണ് അറേഞ്ച്ഡ് വിവാഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചനം നേടി. ഇത് വേദനാജനകമായ അധ്യായമായിരുന്നു. ആ കാര്യം മറവിക്ക് വിട്ടുകൊടുത്തു ഞങ്ങൾ ഞങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്' - അദ്ദേഹം പറഞ്ഞു.
സമീർ വാങ്കഡെയും അദ്ദേഹത്തിന്റെ ജനന സർട്ടിഫിക്കറ്റും സംബന്ധിച്ച വിവാദം ഉടലെടുത്തതോടെയാണ് ഹിന്ദുവാണെന്ന വാങ്കഡെയുടെ അവകാശവാദത്തെ കുറിച്ച് തങ്ങൾ അറിയുന്നതെന്ന് ഖുറേഷി പറഞ്ഞു. 'ജന്മനാ ഹിന്ദുവാണെന്ന സമീറിന്റെ അവകാശം വാദം പുറത്തുവന്നപ്പോൾ, എന്റെ മകളെ ഹിന്ദുവിന് വിവാഹം കഴിച്ചുകൊടുത്തതെങ്ങനെയെന്ന് പലരും എന്നോട് ചോദിച്ചു. എനിക്കും എന്റെ കുടുംബത്തിനും അത് അഭിമാന പ്രശ്നമായി. ഈ സാഹചര്യത്തിലാണ് ശബാനയും സമീറും തമ്മിലുള്ള വിവാഹം നടക്കുമ്പോൾ വരൻ ഇസ്ലാം മതവിശ്വാസിയായിരുന്നുവെന്ന കാര്യം ഞാൻ വ്യക്തമാക്കുന്നത്' -വിഷയത്തിൽ ഇപ്പോൾ മൗനം വെടിയാനുള്ള തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് സഹീദ് പറഞ്ഞു,
ശബാനയുമായുള്ള വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് സമീറിന് സർക്കാർ ജോലി ലഭിച്ചത്. സംവരണ ക്വാട്ടയിലാണോ ജോലി നേടിയതെന്ന് അറിയില്ലെന്ന് ഖുറേഷി പറഞ്ഞു. 'ജോലി ലഭിച്ചുവെന്നതല്ലാതെ അത് എങ്ങനെ ലഭിച്ചുവെന്ന് ആരും അന്വേഷിച്ചിട്ടില്ല. പൊതുവെ മറ്റൊരാളുടെ ജീവിതത്തിലേക്ക് അത്ര ആഴത്തിൽ പോകാറില്ല. ഏതെങ്കിലും ക്വാട്ടയിലൂടെയാണോ ജോലി ലഭിച്ചത് എന്ന് കണ്ടെത്തുക അന്ന് എളുപ്പമായിരുന്നില്ല.' -അദ്ദേഹം പറഞ്ഞു.
സമീറിന്റെ പിതാവ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണെന്നും ഖുറേഷി വ്യക്തമാക്കി. തന്റെ പേര് ദാവൂദ് എന്നല്ല, ജ്ഞാനദേവ് എന്നാണെന്ന് സമീർ വാങ്കഡെയുടെ പിതാവ് പറഞ്ഞിരുന്നു. എന്നാൽ, ഇതിന് തെളിവായി അദ്ദേഹം കാണിച്ച രേഖകൾ ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പുള്ളതാണെന്ന് ഖുറേഷി പറഞ്ഞു. 'ജ്ഞാനദേവ് വാങ്കഡെ എന്ന പേരിൽ കാണിച്ച രേഖകളെല്ലാം സഹീദയുമായുള്ള വിവാഹത്തിന് മുമ്പുള്ളതാണ്. അദ്ദേഹം ഇസ്ലാം സ്വീകരിച്ചാണ് സഹീദയെ വിവാഹം കഴിച്ചത്. ശേഷം ഒരു സാധാരണ മുസ്ലിം ആയാണ് ജീവിതം നയിച്ചത്' -ഖുറേഷി പറഞ്ഞു.
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് 2006ൽ താൻ ഡോ. ഷബാന ഖുറേഷിയെ വിവാഹം കഴിച്ചതെന്ന് സമീർ വാങ്കഡെ നേരത്തെ പറഞ്ഞിരുന്നു. 2016ൽ സിവിൽ കോടതി വഴി ഇരുവരും വിവാഹമോചനം നേടി. പിന്നീട് 2017ൽ നടി ക്രാന്തിയെ വിവാഹം കഴിച്ചു.
മറുനാടന് മലയാളി ബ്യൂറോ