തിരുവനന്തപുരം: മെഴുകുചേർത്ത് സ്വർണംവിറ്റ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആകെ നാണക്കേടിലായ കല്യാൺ ജുവലേഴ്‌സിന് ഒടുവിൽ സ്വൽപം ആശ്വാസം. മെഴുകിന് സ്വർണത്തിന്റെ വിലയീടാക്കി വിറ്റ സംഭവത്തിൽ കേസെടുക്കാതെ വിട്ടിട്ടും സംഭവം പുറത്തറിഞ്ഞതിന് കാരണക്കാരനായി എന്ന് ജുവലറിക്കാർ കരുതുന്ന തമ്പാനൂർ എസ്‌ഐക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ തന്നെയുള്ള പേരൂർക്കട സ്റ്റേഷനിലേക്കാണ് തമ്പാനൂർ എസ്‌ഐ സമ്പത്ത് കുമാറിനെ മാറ്റിയിട്ടുള്ളത്. തിരികെ പേരൂർക്കട എസ്‌ഐ ശ്രീകുമാർ തമ്പാനൂരിൽ എത്തും.

മെഴുകുചേർത്ത സ്വർണം വിറ്റുവെന്ന് ജുവലറിക്ക് എതിരെ പരാതിയുമായി നെയ്യാറ്റിൻകര സ്വദേശിയായ ഉപഭോക്താവ് എത്തിയത് തമ്പാനൂർ സ്റ്റേഷനിലായിരുന്നു. കേസെടുക്കുമെന്ന ഘട്ടംവന്നപ്പോൾ ഒത്തുതീർപ്പായി അധികമായി വാങ്ങിയ പണം ഉപഭോക്താവിന് നൽകി ജുവലറി തടിതപ്പി. എന്നാൽ വിഷയം പിന്നീട് മറുനാടനിലൂടെ വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാവുകയും ചെയ്തു.

മുൻനിര മാധ്യമങ്ങളെല്ലാം കല്യാണിനെ സോപ്പിടുന്ന വാർത്തകൾ നൽകി ലാഭംകൊയ്‌തെങ്കിലും സോഷ്യൽമീഡിയ ഇക്കാര്യം ഏറ്റെടുത്തതോടെ ജുവലറി ശരിക്കും നാണംകെട്ടു. തമ്പാനൂർ പൊലീസ് കേസെടുത്തില്ലെങ്കിലും ഇത്തരമൊരു ഒത്തുതീർപ്പ് നടന്നുവെന്നെ വിവരം മറുനാടനോട് സ്ഥിരീകരിച്ചത് സ്‌റ്റേഷനിലെ പൊലീസാണ്. ഇതോടെ സമ്പത്തിനെതിരെയായി കല്യാൺ മുതലാളി.

സമ്പത്തിനെ തമ്പാനൂരിൽ നിന്ന് തെറിപ്പിക്കാൻ എല്ലാ ചരടുവലികളും നടത്തി. അതേസമയം, സംഭവത്തിൽ കേസെടുക്കാതെ തട്ടിപ്പു നടത്തിയ ജുവലറിയെ ഒഴിവാക്കിയതും ചർച്ചയായി. തമ്പാനൂർ എസ് ഐ സമ്പത്തിനെതിരെ നടപടിയെടുക്കാൻ പൊലീസിലെ ഉന്നതൻ നീക്കം നടത്തിയത് കല്യാണിനെതിരെ കേസെടുത്തില്ലെന്ന ന്യായം പറഞ്ഞായിരുന്നു. എന്നാൽ കല്യാണിലെ മെഴുക് സ്വർണ്ണവാർത്ത പുറത്തുവന്നതിന്റെ പ്രതികാരമായിരുന്നു സമ്പത്തിനെതിരായ നീക്കം.

ഇത് മറുനാടൻ പുറത്തുവിട്ടതോടെ സമ്പത്തിന്റെ സ്ഥലം മാറ്റം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിച്ചു. അതിനിടെ കല്യാണിന് വേണ്ടിയാണ് സമ്പത്തിനെതിരെ നടപടിക്ക് ഒരുങ്ങിയതെന്ന സൂചനയും സോഷ്യൽ മീഡിയയിൽ എത്തി പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ഇടപെടുന്ന സാമൂഹിക പ്രവർത്തകയായ ധന്യാ രാമനാണ് കല്യാൺ ജ്യൂലേഴ്സിന്റെ ഇടപെടൽ വ്യക്തമാക്കി രംഗത്തെത്തിയത്.

അവർ ഇപ്രകാരം സോഷ്യൽ മീഡിയയിൽ കുറിച്ചു: കല്യാൺ ജൂവലറി മെഴുകു വിറ്റിട്ട് പരാതിനൽകിയ ഉപഭോക്താവിന് തമ്പാനൂർ എസ ഐ പരിശോധന ക്കു ശേഷം മായം കലർന്നെന്നു കണ്ടുപിടിക്കുകയും നഷ്ടപെട്ട തുക തിരികെ വാങ്ങി നൽകി. Kalyan jewellery management നാലഞ്ച് പ്രാവശ്യം Police Head Quarters പോയി DGPയോട് SI യെ Suspension നൽ കണം എന്ന് ആവശ്യപ്പെട്ടിരുന്നു. DGP, Kalyan Management നെ കണ്ടം വഴി ഓടിച്ചതായി അറിയാൻ കഴിഞ്ഞു.

മറിച്ചൊരു തീരുമാനം ഈ SI ക്കെതിരെ ഉണ്ടാവില്ല Home minister Office നെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കട്ടെ.#support SAMPATH#-എന്ന ധന്യാ രാമന്റെ പോസ്റ്റിലുള്ളത് നീതി നടപ്പാക്കിയ എസ് ഐയെ ഓടിക്കാൻ കല്യാൺ മാനേജ്മെന്റ് ശ്രമിച്ചുവെന്നതാണ്. ഫലത്തിൽ കല്യാണിനെതിരെ മെഴുകുവിറ്റുവെന്ന ആരോപണം സ്ഥിരീകരിക്കുക കൂടിയാണ് ധന്യാരാമനെ പോലെ അറിയപ്പെടുന്ന ദളിത് മനുഷ്യാവകാശ പ്രവർത്തകയുടെ പോസ്റ്റും. നടപടിക്ക് ഡിജിപി ലോക് നാഥ് ബെഹ്റയ്ക്ക് മുകളിൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും ധന്യയുടെ പോസ്റ്റിൽ നിറയുന്നു.

ലുലു മാളിലെ ജൂലറിയുടെ ഷോ റൂം ഉദ്ഘാടനത്തിന് എത്തിയ പൊലീസിലെ ഉന്നതന്റെ സ്വാധീനമാണ് എസ് ഐയ്ക്കെതിരെ നടപടിക്ക് കല്യാൺ ഉപയോഗിച്ചതെന്നാണ് സൂചന. എന്നാൽ സോഷ്യൽ മീഡിയ സമ്പത്തിന് അനുകൂലമായ പ്രതികരണങ്ങളുമായെത്തി. മറുനാടൻ വാർത്ത വലിയ തോതിൽ ചർച്ചയായി. ഇതോടെയാണ് എസ് ഐയുടെ സ്ഥലം മാറ്റ ഉത്തരവ് ആദ്യം പിൻവലിച്ചത്. ഇത്തരത്തിൽ സമ്പത്തിനെ ബലിയാടാക്കാൻ സ്പെഷ്യൽ ബ്രാഞ്ചിനെ പോലും പൊലീസിലെ ഉന്നതൻ കരുവാക്കി. കല്യാൺ സമ്പത്ത് കേസെടുക്കാത്തത് വലിയ കുറ്റമാണെന്നതരത്തിൽ സപെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നതായാണ് സൂചന. ഈ സാഹചര്യത്തിലാണ് നടപടിയുമായി മുന്നോട്ട് പോയത്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് മുതലാളിക്ക് തന്നെ വിനയാകുമായിരുന്നു.

സമ്പത്തിനെ മാറ്റുന്നതിനൊപ്പം കല്യാണിനെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നതായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട. ഇതും മറുനാടൻ വാർത്തയോടെ പുറംലോകത്ത് എത്തി. മുതലാളിക്കെതിരെ കേസെടുക്കാതിരിക്കാൻ സമ്പത്തിനെ സ്ഥലം മാറ്റുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തു. സിപിഎം നേതൃത്വവുമായി ഏറെ അടുപ്പമുള്ള എസ് ഐയാണ് സമ്പത്തെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു സമ്പത്ത്.

അത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെ പോലും നീങ്ങാൻ സാമ്പത്തിക കരുത്തുള്ളവർക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്ഥലമാറ്റ ഉത്തരവ്. എന്നാൽ ഡിജിപിയുടെ തീരുമാനംപോലും മറികടന്ന് ന്ടന്ന ചരടുവലിയിലൂടെയാണ് ഇപ്പോൾ സമ്പത്തിനെ മാറ്റിയതെന്നാണ് വിവരം. എന്നാൽ തലസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിലേക്ക് തന്നെയാണ് മാറ്റമെന്നതിനാൽ വലിയ പ്രതിഷേധം ഉണ്ടാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, സ്വർണ മുതലാളിക്കുവേണ്ടി ഉദ്യോഗസ്ഥനെ മാറ്റേണ്ടിവന്ന സാഹചര്യം സർക്കാരിന് വിശദീകരിക്കേണ്ടിവരും. സമ്പത്തിനെ മാറ്റരുതെന്ന ആവശ്യമുയർത്തി ആയിരങ്ങളാണ് സപ്പോർട്ട സമ്പത്ത് ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി എത്തിയത്.

അഞ്ച് വർഷം മുൻപ് വാങ്ങിയ അഞ്ചര പവൻ സ്വർണം പണയം വെക്കാൻ കൊണ്ടു പോയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ അളവ് വെറും ഒന്നര പവൻ മാത്രംമായിരുന്നു എന്ന് കണ്ടതോടെയാണ് ഉപഭോക്താവ് കല്യാണിനെതിര പരാതിയുമായി എത്തുന്നത്. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാക്കി മുഴുവൻ മെഴുകായിരുന്നുവെന്നും 4 പവൻ സ്വർണത്തിന്റെ എന്ന് കരുതി നൽകിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിൻകര സ്വദേശികൾ തിരിച്ചറിഞ്ഞതോടെ ആണ് പരാതി ഉയർന്നത്. തിരുവനന്തപുരം നഗരത്തിലെ കല്യാൺ ജൂവലേഴ്‌സിൽ നിന്നും വാങ്ങിയ സ്വർണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്.

എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നൽകി തടി തപ്പി ജുവല്ലറി ഉടമകൾ. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്യാൺ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ സംസാരിച്ച് പണം നൽകാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തില്ലെന്നും എന്നാൽ പരസ്പര ധാരണയിൽ പണം നൽകി പ്രശ്‌നം അവർ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂർ പൊലീസ് മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ വാർത്ത സ്ഥിരീകരിച്ച സമ്പത്തിനെതിരെ കല്യാൺ തിരിയുകയായിരുന്നു.