- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാംപിൾ സർവ്വേ മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടല്ലെന്ന് സംസ്ഥാന സർക്കാർ; സർവ്വേ നിർത്തിവെയ്ക്കണമെന്ന എൻഎസ്എസിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി; സമഗ്ര സർവെ നടത്തണമെന്ന കമ്മീഷൻ ശുപാർശയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശം
കൊച്ചി: സംസ്ഥാന സർക്കാർ ഉത്തരവിട്ട മുന്നോക്ക സമുദായങ്ങളുടെ സാംപിൾ സർവ്വേ നിർത്തിവെയ്ക്കണമെന്ന നായർ സർവ്വീസ് സൊസൈറ്റിയുടെ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. മുന്നോക്ക സമുദായങ്ങളുടെ സാംപിൾ സർവ്വേയ്ക്ക് മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് അനുവദിച്ച പത്ത് ശതമാനം സംവരണവുമായി ഒരു തരത്തിലും ബന്ധമുള്ളതല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
സാംപിൾ സർവ്വേയുടെ നിഗമനങ്ങളെ 10 ശതമാനം സാമ്പത്തിക സംവരണം നിർണ്ണയിക്കാൻ അടിസ്ഥാനമായി പരിഗണിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഇതു റദ്ദാക്കാൻ എൻ എസ് എസ് കോടതിയെ സമീപിച്ചത്. എന്നാൽ ഇങ്ങനെ ഒരു ഉദ്ദേശവുമില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഹർജി നടപടികൾ മുന്നോട്ടു കൊണ്ടുപോകേണ്ട എന്ന് തീരമാനിച്ചത്.
അതേ സമയം എന്തിനാണ് സാംപിൾ സർവ്വേ നടത്തുന്നത് എന്ന എൻ എസ് എസിനെ പ്രതിനിധീകരിച്ച അഭിഭാഷകരുടെ ചോദ്യത്തിന് മറുപടി നല്കാൻ സർക്കാർ അഭിഭാഷകന്് കഴിഞ്ഞില്ല. കേരളത്തിലെ വിവിധ സമുദായങ്ങളുടെ സാമുഹിക, സാമ്പത്തിക, ജനസംഖ്യാ സമഗ്ര സർവ്വേ നടത്തണം എന്ന എൻ എസ് എസിന്റെ ആവശ്യത്തോടു സർക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്ങ് മൂലം സമർപ്പിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
എ വി രാമകൃഷ്ണ പിള്ള കമ്മീഷൻ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
സമഗ്ര സർവെ നടത്തണമെന്നായിരുന്നു രാമകൃഷ്ണപിള്ള കമ്മീഷൻ ശുപാർശ. ഇത് സംബന്ധിച്ച റിപോർട്ട് ജനുവരി 31 ന് മുമ്പ് കോടതിയിൽ സമർപ്പിക്കണമെന്നാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. സാംപിൾ സർവേക്കെതിരെ എൻ എസ് എസ് നൽകിയ ഹർജി അടുത്ത മാസം 31 ന് വീണ്ടും പരിഗണിക്കും.
അതേ സമയം സാമ്പിൾ സർവേ സംബന്ധിച്ച് എൻ എസ് എസ് ഉയർത്തിയ രണ്ട് വാദമുഖങ്ങളും ഹൈക്കോടതി അംഗീകരിച്ചുവെന്ന് ജി സുകുമാരൻ നായർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഭരണഘടന വിഭാവനം ചെയ്യുന്ന മുന്നാക്കത്തിലെ പിന്നാക്ക വിഭാഗത്തിന് നൽകുന്ന സംവരണത്തെ സാമ്പിൾ സർവെ ബാധിക്കരുതെന്നും ജസ്റ്റിസ് രാമകൃഷ്ണൻപിള്ള കമ്മീഷൻ പറഞ്ഞിരിക്കുന്നത് പോലെ ആകെ ജനസംഖ്യയുടെയും സമഗ്ര സാമൂഹിക - സാമ്പത്തിക - സാമുദായിക സർവേയ്ക്കോ ഓരോ സമുദായത്തിന്റെയും കണക്കെടുപ്പിനോ പകരം ആയിരിക്കരുത് ഈ സാമ്പിൾ സർവേ എന്നും കോടതി നിർദേശിച്ചു എന്ന് പത്രക്കുറിപ്പിൽ പറയുന്നു. സാമ്പിൾ സർവയെക്കുറിച്ച് എൻ എസ് എസിന്റെ ഭയാശങ്കകൾ പൂർണമായും അകറ്റുന്ന ഉത്തരവാണ് കോടതിയുടേതെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഒരു വാർഡിലെ അഞ്ച് കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള നിലവിലെ കമ്മീഷന്റെ സാമ്പിൾ സർവേ തെറ്റായ വിവരങ്ങൾ നൽകുമെന്നും മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സാമ്പത്തികാവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം വേണമെന്നുമായിരുന്നു എൻ എസ് എസിന്റെ ഹർജിയിലെ ആവശ്യം.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള സർവേയിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം മാറ്റണമെന്ന ആവശ്യത്തോട് സർക്കാർ മുഖം തിരിച്ചതോടെ എൻഎസ്എസ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. അശാസ്ത്രീയ സാംപിൾ സർവേയാണ് സർക്കാർ നടത്തുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നൽകിയ ഹർജിയിൽ പറയുന്നു. സർവേ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.
മുന്നാക്കക്കാരിലെ യഥാർഥ പിന്നോക്കക്കാരെ കണ്ടെത്താൻ സാംപിൾ സർവേ ഫലപ്രദമല്ലെന്നാണ് ഹർജിയിൽ പറയുന്നത്. യഥാർഥ പിന്നോക്കക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നഷ്ടമാവാൻ ഇത് ഇടവരുത്തും. പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സർവേയിൽ ഇല്ലെന്നും അതുകൊണ്ടുതന്നെ ഫലം കാണില്ലെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നേരത്തെ അശാസ്ത്രീയമായ സാംപിൾ സർവേ നടപടികൾ നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് മുന്നാക്ക വിഭാഗ കമ്മിഷന് കത്തയച്ചിരുന്നു. കുടുംബശ്രീ വോളന്റിയർമാരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. 20,000 തദ്ദേശ വാർഡുകളിലെ 5 വീടുകളിൽ വീതം നേരിട്ടെത്തിയാണ് സർവേ. വാർഡുകളിലെ അഞ്ച് കുടുംബങ്ങളുടെ മാത്രം വിവരം ശേഖരിച്ചാൽ സമഗ്രമാകില്ലെന്നും യോഗ്യരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ലെങ്കിൽ സർവേ പ്രഹസനമാകുമെന്നും എൻഎസ്എസ് കുറ്റപ്പെടുത്തിയിരുന്നു.
ആകെ ഒരു ലക്ഷം വീടുകളിൽ നിന്നു ശേഖരിച്ച് അപ്പോൾ തന്നെ മൊബൈൽ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തി അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ ഡിസംബർ അവസാനത്തോടെ റിപ്പോർട്ടിന്റെ രൂപത്തിലാക്കും. ഇതിൽ നിന്നു കണ്ടെത്തുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ മുന്നോക്ക സമുദായത്തിനു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിർദേശിക്കുന്ന സമഗ്രമായ റിപ്പോർട്ട് ഫെബ്രുവരിയിൽ കമ്മിഷൻ സർക്കാരിനു സമർപ്പിക്കും.
75 ലക്ഷം രൂപയാണ് സാംപിൾ സർവേയ്ക്ക് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ട എല്ലാ കുടുംബങ്ങളിലെയും വിവരങ്ങൾ ശേഖരിക്കാത്ത സർവേ അശാസ്ത്രീയമാണെന്നാണ് എൻഎസ്എസ് പറയുന്നത്. രാജ്യത്ത് സെൻസസ് എടുക്കുന്ന മാതൃകയിൽ യോഗ്യരായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സർവേ നടത്തേണ്ടത്. അല്ലാത്തപക്ഷം പ്രഹസനമായിത്തീരും.
മുന്നോക്ക സമുദായങ്ങളെ സംബന്ധിച്ചായാലും സർക്കാരിനെ സംബന്ധിച്ചായാലും സർവേ ഭാവിയിൽ ആധികാരിക രേഖയായി മാറേണ്ടതാണെന്ന കരുതൽ വേണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അഭിപ്രായപ്പെട്ടിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും 10 ശതമാനം സംവരണം നൽകുന്നതിന്റെ ഭാഗമായാണ് സർവേ.
മറുനാടന് മലയാളി ബ്യൂറോ