മനാമ: ബഹ്‌റിന്റെ സാംസ്‌കാരിക ഭൂമികയിൽ ഒരു പുത്തൻ കൂട്ടായ്മ കൂടി. 'സാംസ' സാംസ്‌കാരികസമിതി. ജനാധിപത്യം, കരുണ, സുതാര്യത, അർപ്പണബോധം, ഐക്യം എന്നീ അഞ്ചു മുദ്രാവാക്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒറ്റപ്പെട്ടുപോയ കലാകാരന്മാരെ, സാഹിത്യകാരന്മാരെ, സാമൂഹ്യ പ്രവത്തകരെ, യാതനകൾ അനുഭവിക്കുന്ന പാവപ്പെട്ട തൊഴിലാളികളെ അവർക്ക് ഒരു കൈത്താങ്ങായി നിന്ന് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് ഈ സംഘടനയുടെ ലക്ഷ്യം.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 69-മത് വാർഷിക ദിനാചരണവും സാംസയുടെ ഔപചാരിക ഉദ്ഘാടനവും 14ന് വൈകുന്നേരം  കോൺകോർഡ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തി. രക്ഷാധികാരി ഡോ. മുഹമ്മദ് റഫീകിന്റെ സാന്നിദ്ധ്യത്തിൽ സാംസ പ്രസിഡണ്ട് ശൈലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സാംസ് ട്രഷറർ വത്സരാജൻ സ്വാഗതം പറഞ്ഞു. സാംസ ജനറൽ സെക്രട്ടറി സുനിൽ പാപ്പച്ചൻ സംഘടനയെ സദസിനു പരിചയപ്പെടുത്തി.

ഗൾഫ് മാദ്ധ്യമം ബ്യൂറോ ചീഫ് ഐ.വി. ഷെറിൻ നിലവിളക്ക് കൊളുത്തി സാംസയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. പുതിയ സാമൂഹ്യ ക്രമത്തിൽ കൂണുകൾ പോലെ മുളച്ചു വരുന്ന മലയാളീ സംഘടനകൾ വളർച്ചയുടെ വാതായനങ്ങൾ തുറക്കപ്പെടുമ്പോൾ ഉദേശങ്ങളും ലക്ഷ്യങ്ങളും മറന്ന്, സ്വാർത്ഥമായ വികാര വിചാരങ്ങൾക്ക് അടിമപ്പെടുന്ന പൊതു സമീപനം സാംസ എന്ന ഈ പുതിയ കൂട്ടായ്മയ്ക്ക് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രത്യാശ ഷെറിൻ  പ്രകടിപ്പിച്ചു. തുടർന്ന് ബഹറിനിലെ വിവിധ  സംഘടനാ പ്രതിനിധികളെയും സാമൂഹ്യ പ്രവർത്തകരെയും പ്രധിനിധീകരിച്ചു കൊണ്ട് ഡോ.ബാബു രാമചന്ദ്രൻ, അരുൾ ദാസ്, സിദ്ദിഖ്, സാംസ ഉപദേശക സമിതി അംഗം ബാബുരാജ്.എൻ, മുരളി എന്നിവർ ആശംസകൾ അർപ്പിച്ചു  സംസാരിച്ചു.

രാജു കല്ലുംപുറം സ്വാതന്ത്ര ദിന സന്ദേശ പ്രസംഗം നടത്തി. ചടങ്ങിൽ സംസാരിച്ചച്ച എല്ലാവരും പൊതു യോഗത്തിൽ പങ്കെടുത്ത 200 ൽ പരം ആൾക്കാരും സാംസ എന്ന ഈ  കൂട്ടായ്മക്കും  ഭാവി പ്രവർത്തങ്ങൾക്കും എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചു. തുടർന്ന്, ശാസ്ത്രീയ നൃത്തങ്ങൾ. സംഘ നൃത്തം, ഗാനമേള, സാംസ എക്‌സിക്യൂട്ടീവ് അവതരിപ്പിച്ച ദേശഭക്തി ഗാനം. വിവിധ കുസൃതി മത്സരങ്ങൾ, മെഗാ റാഫിൾ എന്നിവയും പരിപാടികൾക്ക് കൊഴുപ്പേകി. യോഗ നടപടികൾ നിയന്ത്രിച്ചത് സാംസ എന്റർടൈന്മെന്റ് സെക്രട്ടറി സന്തോഷ് കുഞ്ഞപ്പനായിരുന്നു. വനിതാ വിഭാഗം ജോയിന്റ് കൺവീനർ ഷേർളി അജി  നന്ദി പ്രകാശിപ്പിച്ചു.