- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാഹ്മണ്യത്തിനും പുരുഷാധിപത്യത്തിനുമെതിരെ: തമിഴ്‌സാഹിത്യത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങൾ
കേരളത്തിൽ ജീവിക്കുന്ന, തമിഴകത്തിന്റെ സാംസ്‌കാരിക അംബാസഡറാണ് ടി.ഡി. രാമകൃഷ്ണൻ. സമകാല തമിഴ്‌സാഹിത്യം മുതൽ തമിഴ്‌ദേശീയതയുടെ ഭൂഖണ്ഡാന്തര രാഷ്ട്രീയവിപര്യയങ്ങൾ വരെ ഏതും ഇത്രമേൽ വിശദവും വിമർശനാത്മകവുമായി മലയാളിക്കു ബോധ്യപ്പെടുത്തി നൽകിയ മറ്റൊരാളില്ല. തന്റെ ഏറ്റവും ശ്രദ്ധേയമായ നോവൽതന്നെയും രാമകൃഷ്ണൻ എഴുതുന്നത് ശ്രീലങ്കൻ തമിഴ് വിമോചനപ്പോരാട്ടങ്ങളുടെ ചരിത്രം സമഗ്രമായുൾപ്പെടുത്തിക്കൊണ്ടാണ്. സമകാല തമിഴ്‌സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ പതിനേഴ് എഴുത്തുകാരുമായി രാമകൃഷ്ണൻ നടത്തിയ ദീർഘമായ അഭിമുഖങ്ങൾ 2004-2006 കാലത്ത് മാദ്ധ്യമം, മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. അവയുടെ പുസ്തകരൂപമാണ് ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച 'സംഭാഷണങ്ങൾ'. പൊതുവെ നിലവാരമുള്ള അഭിമുഖങ്ങൾ വിരളമായ മലയാളത്തിൽ ഒരു അന്യഭാഷാസാഹിത്യത്തിന്റെ സമഗ്രമായ സാംസ്‌കാരികാനുഭവം പകർന്നുതരുന്ന ഇത്തരമൊരു ഗ്രന്ഥത്തിന്റെ പ്രസക്തി അനല്പമാണ്. വിശേഷിച്ചും രാഷ്ട്രീയ ജാഗ്രതയും ചരിത്രബോധവും നിറഞ്ഞുനിൽക്കുന്ന സമീപനത്തോടെ അവതരിപ്പിക്കപ്പെടുന്ന ഇത്തരം
കേരളത്തിൽ ജീവിക്കുന്ന, തമിഴകത്തിന്റെ സാംസ്‌കാരിക അംബാസഡറാണ് ടി.ഡി. രാമകൃഷ്ണൻ. സമകാല തമിഴ്‌സാഹിത്യം മുതൽ തമിഴ്‌ദേശീയതയുടെ ഭൂഖണ്ഡാന്തര രാഷ്ട്രീയവിപര്യയങ്ങൾ വരെ ഏതും ഇത്രമേൽ വിശദവും വിമർശനാത്മകവുമായി മലയാളിക്കു ബോധ്യപ്പെടുത്തി നൽകിയ മറ്റൊരാളില്ല. തന്റെ ഏറ്റവും ശ്രദ്ധേയമായ നോവൽതന്നെയും രാമകൃഷ്ണൻ എഴുതുന്നത് ശ്രീലങ്കൻ തമിഴ് വിമോചനപ്പോരാട്ടങ്ങളുടെ ചരിത്രം സമഗ്രമായുൾപ്പെടുത്തിക്കൊണ്ടാണ്. സമകാല തമിഴ്‌സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരായ പതിനേഴ് എഴുത്തുകാരുമായി രാമകൃഷ്ണൻ നടത്തിയ ദീർഘമായ അഭിമുഖങ്ങൾ 2004-2006 കാലത്ത് മാദ്ധ്യമം, മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. അവയുടെ പുസ്തകരൂപമാണ് ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച 'സംഭാഷണങ്ങൾ'. പൊതുവെ നിലവാരമുള്ള അഭിമുഖങ്ങൾ വിരളമായ മലയാളത്തിൽ ഒരു അന്യഭാഷാസാഹിത്യത്തിന്റെ സമഗ്രമായ സാംസ്‌കാരികാനുഭവം പകർന്നുതരുന്ന ഇത്തരമൊരു ഗ്രന്ഥത്തിന്റെ പ്രസക്തി അനല്പമാണ്. വിശേഷിച്ചും രാഷ്ട്രീയ ജാഗ്രതയും ചരിത്രബോധവും നിറഞ്ഞുനിൽക്കുന്ന സമീപനത്തോടെ അവതരിപ്പിക്കപ്പെടുന്ന ഇത്തരം അഭിമുഖങ്ങൾക്ക്.
മൂന്നു നിലപാടുകളാണ് ഈ അഭിമുഖങ്ങളെ കാലിക പ്രസക്തമാക്കുന്നത്. ഒന്ന്, തമിഴ്‌സാഹിത്യത്തിനും സംസ്‌കാരത്തിനും ആധുനികാനന്തര സന്ദർഭത്തിൽ സംഭവിച്ച സ്വത്വവാദപരമായ രാഷ്ട്രീയമാറ്റങ്ങളുടെ സൂക്ഷ്മമായ നിർധാരണം. സ്ത്രീ, ദലിത് സ്വത്വബോധങ്ങളുടെയും വാദങ്ങളുടെയും സാന്നിധ്യത്തെ സമഗ്രമായി സമീപിക്കുകയും ചരിത്രപരമായും ഭാഷാപരമായും ഉപജീവനപരമായുമൊക്കെ മലയാളിയുടെ ഏറ്റവും അടുത്ത അയൽപക്കമായിട്ടും നമുക്ക് എത്രമേൽ അജ്ഞാതമാണ് തമിഴരുടെ സാംസ്‌കാരികാനുഭവങ്ങൾ എന്ന ധാരണയോടെ അവയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു, രാമകൃഷ്ണൻ.
രണ്ട്, ദ്രാവിഡ ദേശീയതക്കുണ്ടായിരുന്ന പ്രാദേശികവും വംശീയവുമായ സ്വത്വബോധത്തെ വരേണ്യ, ദേശീയ, ബ്രാഹ്മണ്യ വ്യവസ്ഥകളോടുള്ള രാഷ്ട്രീയ കലഹമായി വികസിപ്പിക്കുന്ന ആധുനികാനന്തരതയുടെ സാംസ്‌കാരിക ഭാവുകത്വത്തെ മൂല്യനിർണയം ചെയ്യുകയാണ് രാമകൃഷ്ണൻ. സ്ത്രീ, ദലിത്, രാഷ്ട്രീയങ്ങളാകട്ടെ, ദ്രാവിഡ, ആധുനികതാവാദങ്ങളുടെ നിരാകരണമാകട്ടെ, ന്യൂനപക്ഷ, കീഴാള ശാക്തീകരണങ്ങളാകട്ടെ, ഇടതുപക്ഷത്തിന്റെ വിശ്വാസത്തകർച്ചയാകട്ടെ ഏതും ആധുനികാനന്തരതയുടെ രാഷ്ട്രീയമെന്ന നിലയിൽ സാഹിത്യമണ്ഡലത്തിൽ ചെലുത്തുന്ന പ്രഭാവങ്ങൾ രാമകൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു.
മൂന്ന്, ശരീരം, ലൈംഗികത, പ്രണയം, ദാമ്പത്യം, മാതൃത്വം, കുടുംബം, ദേശീയത, രാഷ്ട്രം, മതപൗരോഹിത്യം, ജാതിവ്യവസ്ഥ, ഭരണകൂടം, പ്രത്യയശാസ്ത്രങ്ങൾ, ബഹുരാഷ്ട്ര മുതലാളിത്തം, സാമ്രാജ്യത്തം എന്നിങ്ങനെ അധികാരത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും നിശിതമായി പൊളിച്ചെഴുതുന്ന രാഷ്ട്രീയ ജാഗ്രതയാണ് സമകാല തമിഴ്‌സാഹിത്യത്തിന്റെ ഊർജ്ജം എന്ന തിരിച്ചറിവ് രാമകൃഷ്ണനുണ്ട്. സ്ത്രീകളോ പുരുഷന്മാരോ; സ്വത്വവാദികളോ സമത്വവാദികളോ; ദലിതരോ അദലിതരോ; തദ്ദേശീയരോ പ്രവാസികളോ; പാരമ്പര്യവാദികളോ പാരമ്പര്യനിഷേധികളോ; പ്രാദേശികവാദികളോ ആഗോളവാദികളോ ആരുമാകട്ടെ, സമകാല തമിഴ്‌സാഹിത്യത്തിന്റെ പ്രമുഖ വക്താക്കളായി ഈ പുസ്തകം പരിചയപ്പെടുത്തുന്ന പതിനേഴെഴുത്തുകാരും ജീവിതത്തിന്റെ രാഷ്ട്രീയ പ്രയോഗമെന്ന നിലയിൽ സാഹിത്യത്തെയും സംസ്‌കാരത്തിന്റെ ഇതര രൂപങ്ങളെയും സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവരാണ് എന്നു തെളിയിക്കുന്നു രാമകൃഷ്ണൻ.
കുട്ടിരേവതി, ലീനാ മണിമേഖലൈ, മാലതി മൈത്രി, ഫഹീമജഹാൻ, സൽമ, പാമ, കനിമൊഴി എന്നീ എഴുത്തുകാരികൾ. ചാരുനിവേദിത, മനുഷ്യപുത്രൻ, അഴകിയപെരിയവൻ, രമേഷ്, പ്രേം, എസ്. രാമകൃഷ്ണൻ, വ.ഐ.സ. ജയപാലൻ, രവികുമാർ, കുറിഞ്ചിവേലൻ, ഷോഭാശക്തി എന്നീ എഴുത്തുകാരന്മാർ.
ഇവരിൽ ഏറ്റവും കൂടുതൽപേർ അണിനിരക്കുന്നത് 1980കൾ തൊട്ട് വികസിച്ചുവന്ന സ്ത്രീവാദ-സ്ത്രീപക്ഷ സാഹിത്യത്തിന്റെ വക്താക്കളെന്ന നിലയിലാണ്. മുഴുവൻ എഴുത്തുകാരികളും, എഴുത്തുകാരന്മാരിൽ ചിലരും ഇക്കൂട്ടത്തിൽ പെടുന്നു. പല കാര്യങ്ങളിലും തമ്മിൽ തമ്മിൽ ഭിന്നങ്ങളായ നിലപാടുകളുണ്ട് ഇവർക്കെന്നത് വസ്തുതയാണെങ്കിലും പുരുഷാധിപത്യ, ബ്രാഹ്മണ്യ, ദേശീയതാവാദങ്ങളുടെ അധീശ, ചൂഷണ യുക്തികളോട് കലഹിക്കുന്നതിൽ ഇവർ ഒറ്റക്കെട്ടാണ്. ശരീരം, പ്രണയം, ലൈംഗികത, ദാമ്പത്യം, മാതൃത്വം, കുടുംബം സദാചാരം തുടങ്ങിയവയെ രാഷ്ട്രീയമായി അപനിർമ്മിക്കുന്നതിലാണ് മറ്റിടങ്ങളിലേതുപോലെ തമിഴിലും സ്ത്രീവാദികൾ ഐക്യപ്പെടുന്നത്. സ്ത്രീക്കുമേൽ പുരുഷൻ ചെലുത്തുന്ന ആധിപത്യത്തിന്റെ അയുക്തികൾ തുറന്നുകാണിച്ചും സയുക്തികം വിമർശിച്ചും ഇവർ മുന്നോട്ടുവയ്ക്കുന്ന നിലപാടുകൾ മിക്കപ്പോഴും സാമ്പ്രദായിക മൂല്യങ്ങൾക്കും പരമ്പരാഗത സദാചാരവാദികൾക്കും യാഥാസ്ഥിതികർക്കും ഞെട്ടലുണ്ടാക്കുംവിധം സ്വതന്ത്രവും പ്രകോപനപരവുമാണ്. മുഖ്യമായും ശരീരത്തിൽ തങ്ങളുടെ വ്യക്തി, ലിംഗസ്വാതന്ത്ര്യത്തിന്റെ കലയും രാഷ്ട്രീയവും ആലേഖനം ചെയ്യാനാണ് ഇവരുടെ ശ്രമം. 'മുലൈകൾ' എന്ന കവിതയിലൂടെ കൊടുങ്കാറ്റിളക്കിവിട്ട കുട്ടിരേവതി പറയുന്നതു കേൾക്കൂ:
'മുലൈകൾ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ബിംബമായിട്ടാണ് ഞാൻ ഉപയോഗിച്ചിരിക്കുന്നത്. അത് വെറുമൊരു ജൈവരൂപം മാത്രമല്ല, പുരുഷാധിപത്യ സമൂഹത്തിലെ ഉൽപാദനവുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് ബിംബം കൂടിയാണ്. സ്ത്രീശരീരത്തിലൂന്നിനിൽക്കുന്ന കമ്പോള വ്യാപാരതന്ത്രങ്ങളിൽ സൗന്ദര്യത്തിന്റേയും പുരുഷാകർഷണത്തിന്റെയും കേന്ദ്രമാണിത്. ആകൃതി, വലിപ്പം, ഭംഗി തുടങ്ങിയ ഘടകങ്ങൾ അതിന് ജീവശാസ്ത്രപരമല്ലാത്ത പ്രാധാന്യം നൽകുകയും പരസ്യമാദ്ധ്യമങ്ങളിലും സിനിമയിലും ഒളിഞ്ഞും തെളിഞ്ഞുമായി പരമാവധി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. എന്റെ ആദ്യ കവിതാസമാഹാരമായ 'പൂനൈയെ പോലെ അലയും വെളിച്ചം' തന്ന ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കവിത എഴുതുന്നത്. സമൂഹത്തിലും കുടുംബത്തിലും ഗൗരവവും ബുദ്ധിപരവുമായ കാര്യങ്ങളിൽ പെണ്ണിന്റെ അഭിപ്രായം ഒഴിവാക്കുന്നതും അവഗണിക്കുന്നതും എന്റെ എഴുത്തിലെ ഒരു പ്രധാന പ്രശ്‌നമാണ്. അച്ഛന്റെ മരണം എന്റെ ജീവിതത്തിൽ വലിയ ഒരാഘാതമേൽപ്പിച്ചു. അതേസമയത്താണ് എനിക്കേതാണ്ടതുപോലെ തന്നെ പ്രധാനമായിരുന്ന പ്രണയം പരാജയപ്പെടുന്നത്.
അച്ഛന്റെ മരണത്തിൽ മാനസികമായി തകർന്ന എനിക്കയാൾ തുണയായില്ല. ആ കാലത്താണ് മുലൈകൾ എന്ന സമാഹാരത്തിലെ മിക്ക കവിതകളുമെഴുതിയത്. അപ്പോൾ നഗരത്തിലെ തിരക്കിനിടയിലുള്ള ഭീകരമായ ഏകാന്തതയിൽ എനിക്കീ ലോകം മുഴുവനും ഇരുണ്ടതായി തോന്നി. പ്രണയം ആന്റി ഫെമിനിസ്റ്റ് ആണെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. സ്‌നേഹത്തിലൂടെ സ്ത്രീയുടെ ശരീരത്തിലവകാശം സ്ഥാപിക്കാൻ പുരുഷനുപയോഗിക്കുന്ന തന്ത്രമാണ് പ്രണയം. പ്രണയത്തിലകപ്പെടുന്ന സ്ത്രീ തന്റെ ശരീരം, അധികാരം, അവകാശങ്ങൾ, സ്വപ്നങ്ങൾ തുടങ്ങി സാമ്പത്തികവരുമാനം വരെ പുരുഷന് അടിയറ വെക്കേണ്ടിവരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരുടെ കുടുംബങ്ങളിൽപോലും സ്ത്രീ അധ്വാനിച്ചുനേടുന്ന വരുമാനം ചെലവഴിക്കാനുള്ള അവകാശം പുരുനാണ്. എനിക്കെന്റെ സ്വാതന്ത്ര്യമാണ് പ്രധാനം. എന്നെ സംബന്ധിച്ചിടത്തോളം പ്രണയമൊക്കെ ഒരു ചതിക്കുഴിയാണ്'.
ഏതാണ്ടിതേ നിലപാടും സമീപനവുമാണ് മിക്ക സ്ത്രീപക്ഷ എഴുത്തുകാർക്കുമുള്ളത്. ദലിത് എഴുത്തുകാരിയായ പാമക്ക്, ലിംഗപരമെന്നതുപോലെ ജാതിപരവുമായ ചൂഷണത്തിനു വിധേയരാകുന്ന ജനതയെക്കുറിച്ച് അവബോധമുള്ളതിനാൽ കുറെക്കൂടി തീവ്രവും അടിസ്ഥാനപരവുമാണ് ഈ വീക്ഷണം. ദ്രാവിഡ ദേശീയത, തായ്മിത്ത്, ദലിത്-കീഴാള-ന്യൂനപക്ഷ സ്വത്വങ്ങൾ, ശരീരരാഷ്ട്രീയം, കുടുംബ-ലൈംഗികതാമൂല്യങ്ങൾ തുടങ്ങിയവയിലൊക്കെ കനിമൊഴിക്കുള്ളതാകട്ടെ, അത്രമേൽ 'സ്‌ഫോടനാത്മക'-മല്ലാത്ത വീക്ഷണങ്ങളാണ്. ലീനാമണിമേഖലൈ, സിനിമയിലേക്കുകൂടി തന്റെ നിലപാടുകൾ വ്യാപിപ്പിക്കുമ്പോൾ ഫഹീമയും സൽമയും ശ്രീലങ്കൻ, ഇന്ത്യൻ തമിഴ് മുസ്ലിം സ്ത്രീകളുടെ മത, രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നാണ് സംസാരിക്കുന്നത്. കടുത്ത ആത്മിനിഷ്ഠതയോടെയാണ് ഓരോ സ്ത്രീയും തന്റെ സ്ത്രീപക്ഷ നിലപാടുകൾ രൂപപ്പെടുത്തുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയം. സ്വന്തം ജീവിതാനുഭവങ്ങൾ, സാമൂഹ്യസ്ഥാപനങ്ങളും മൂല്യവ്യവസ്ഥകളും തനിക്കുമേൽ ചെലുത്തിയ അധികാരങ്ങൾ തുടങ്ങിയവയിൽ നിന്നാണ് ഇവർ സാഹിത്യമുൾപ്പെടെയുള്ള സാംസ്‌കാരികാനുഭൂതികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഊർജ്ജം നേടിയത്.
സ്ത്രീപക്ഷ സാഹിത്യം സൃഷ്ടിക്കേണ്ട 'സ്‌ത്രൈണഭാഷ'യെക്കുറിച്ചുള്ള മാലതി മൈത്രിയുടെ നിരീക്ഷണം നോക്കുക:
'കവിതയിലെ പെൺമൊഴി എന്താണ് എന്ന് വ്യക്തമായി നിർവചിക്കുകയും അതിനുവേണ്ട സിദ്ധാന്തങ്ങൾ രൂപവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീയുടെ ലൈംഗികാവയവങ്ങളെപ്പറ്റിയുള്ള വാക്കുകളുപയോഗിക്കുകയോ പുരുഷ ശരീരത്തെപ്പറ്റിയുള്ള ലൈംഗിക കനവുകളെപ്പറ്റിയെഴുതുകയോ ചെയ്താൽ പെൺമൊഴിയുണ്ടാവുകയില്ല. പെൺമൊഴിയെന്നതൊരു രാഷ്ട്രീയമാണ്. സ്ത്രീകളുടെ ഇന്നത്തെ അവസ്ഥയിൽ അവർക്കെതിരായ നിയമങ്ങളെയും അളവുകോലുകളെയും തകർക്കുന്നതും അതിന്റെ അക്രമത്തിനെതിരായി ശബ്ദമുയർത്തുന്നതുമാണ് പെൺമൊഴിയുടെ ബദൽ രാഷ്ട്രീയം. പുരുഷാധിപത്യ സമൂഹത്തിന്റെ അതിർത്തികളെ തകർത്ത് ഭാഷ പിരിച്ചെടുത്താൽ മാത്രമേ പെൺമൊഴിയുണ്ടാക്കാൻ കഴിയൂ. ഈ പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്റെ പ്രണയത്തിനും അംഗീകാരത്തിനുമായി സ്ത്രീ കാത്തുനിൽക്കുന്നത് അവന്റെ നിയമങ്ങളെ അനുസരിക്കുന്ന മനോനിലയുടെ ലക്ഷണമാണ്. പ്രപഞ്ചസ്വരൂപിയായ സ്ത്രീ ഒരു മാനുഷിക സാമൂഹിക അംഗീകാരവും എഴുത്തിൽക്കൂടി ആവശ്യപ്പെടുന്നതിനെ ഞാനെതിർക്കുന്നു. കൃത്യമായ രാഷ്ട്രീയമുള്ള കവിതകളെഴുതപ്പെടുമ്പോഴാണ് സ്ത്രീഭാഷ അല്ലെങ്കിൽ സ്ത്രീപക്ഷ ഭാഷ ഉണ്ടാവുക'.
പാമയിലേക്കു വരുമ്പോൾ ഈ ഭാഷക്ക് അതിതീവ്രമായ വാമൊഴി-പ്രാദേശികമൊഴിസ്വരൂപംകൂടി കൈവരുന്നു. ടി.ഡി. രാമകൃഷ്ണൻ തന്നെ പറയുന്നതുപോലെ, 'സാഹിത്യത്തിൽ ബ്രാഹ്മണമേധാവിത്വത്തിന്റെ അടയാളമായ വരേണ്യഭാഷയുടെ അപനിർമ്മാണത്തിലൂടെ മാത്രമേ ദലിത് എഴുത്തുകാർക്ക് സ്വന്തമായൊരു ഇടം പിടിച്ചെടുക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് പാമയെ തമിഴിലെ ഏറ്റവും ശ്രദ്ധേയമായ ദലിത് സ്ത്രീപക്ഷ എഴുത്തുകാരിയാക്കുന്നത്. അധീശവർഗം ഭാഷയുടെ ഉപയോഗത്തിന് നിശ്ചയിച്ചിരിക്കുന്ന വ്യാജമാന്യതയേയും വ്യാകരണകോടതികളേയും തട്ടിത്തകർത്തുകൊണ്ടാണ് 1992ൽ പ്രസിദ്ധീകരിച്ച 'കരുക്ക്' എന്ന ആത്മകഥാപരമായ നോവലുമായി അവർ തമിഴ് സാഹിത്യവേദിയിലേക്ക് കടന്നുവരുന്നത്. തമിഴ് 'ഇലക്കിയ അഗ്രഹാര'ങ്ങളിലെ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും 'ഛേ, ഇതെന്തൊരു ഭാഷ' എന്നു പറഞ്ഞ് കണ്ണും കാതും പൊത്തിയെങ്കിലും 'കരുക്കും' 'സംഗതിയും' വളരെയധികം വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും പരിഭാഷപ്പെടുത്തപ്പെട്ട ഈ കൃതികൾ ലോക കറുപ്പ് സാഹിത്യത്തിൽ (Black Literature) ഇന്ത്യയുടെ പ്രധാന സംഭാവനകളായി കണക്കാക്കപ്പെടുന്നു'.
ചാരുനിവേദിത മുതൽ ഷോഭാശക്തി വരെയുള്ള പുരുഷ എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ ഒന്നിനൊന്നു ഭിന്നമായ രാഷ്ട്രീയ, സ്വത്വമണ്ഡലങ്ങൾ വെളിപ്പെടുത്തുന്നു. സമകാല തമിഴ്‌സാഹിത്യത്തിലെ സ്ഥാപനവൽക്കരിക്കപ്പെട്ടു കഴിഞ്ഞ പല പ്രവണതകളുടെയും മറനീക്കൽ കൂടിയാണിവ. ദലിത്, സ്ത്രീ രാഷ്ട്രീയങ്ങളോട് യോജിച്ചും വിയോജിച്ചും നിലപാടെടുക്കുന്നവർ, സാഹിത്യത്തിന്റെ രാഷ്ട്രീയശേഷിയെ വിധ്വംസകമായുപയോഗിക്കുന്നവർ, വിവർത്തകർ, കടുത്ത രാഷ്ട്രീയപ്രവർത്തകർ, പ്രവാസികൾ എന്നിങ്ങനെ ഇവരുടെ ലോകം പെണ്ണെഴുത്തുകാരികളുടേതിൽ നിന്നു കുറെക്കൂടി പ്രതിജനഭിന്നവും വിചിത്രമാർഗത്തിലുള്ളതുമാകുന്നു. ചില സമാനതകളും ഇല്ലെന്നില്ല. പാമയെപ്പോലെതന്നെ ദലിത്‌വാദിയാണ് അഴകിയ പെരിയവൻ. ഫഹീമയെപ്പോലെയും സൽമയെപ്പോലെയും ശ്രീലങ്കൻ തമിഴ് മുസ്ലിം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു, മനുഷ്യപുത്രൻ. കുട്ടിരേവതി, മാലതി മൈത്രി, ലീനാ മണിമേഖലൈ എന്നിവരെപ്പോലെ ശരീരത്തെയും ലൈംഗികതയെയും സാംസ്‌കാരികമായ ആഘാതശേഷിയോടെ പ്രയോഗിക്കുന്നു, ചാരുനിവേദിത.
മുഴുവൻ വ്യവസ്ഥകളോടും സ്ഥാപനങ്ങളോടും കലഹിക്കുന്ന അരാജകവാദിയും നിഷേധിയുമാണ് ചാരു. അളവില്ലാത്ത ആത്മപ്രശംസയിലും വീമ്പടിയിലും മലയാള സാഹിത്യത്തോടുള്ള പുച്ഛത്തിലും ജയമോഹനെപ്പോലും തോല്പിക്കും ഈ പുമാൻ. മലയാളസാഹിത്യം, സിനിമ തുടങ്ങിയവയെക്കുറിച്ചുള്ള ചാരുവിന്റെ ഈ നിരീക്ഷണം വായിച്ചാലറിയാം, എത്രമേൽ നിരുത്തരവാദപരമാണ് ഇയാളുടെ ധാരണകൾ എന്ന്.
'മലയാളസാഹിത്യം എൺപതുകളിൽ ഉറച്ചുപോയതാണ്. എഴുതിയതുതന്നെ വീണ്ടും എഴുതുന്ന അവസ്ഥ. മരിയോ വർഗസ്സ് യോസയെ വായിക്കുമ്പോൾ മനസ്സ് തുടിക്കും. റോളാങ് ബാർത്ത് പറയുന്ന Pleasure of the text ഇതാണ്. ഈ Pleasure സക്കറിയയെ വായിക്കുമ്പോഴാണുണ്ടാകുന്നത്. കവിത തമിഴിലേക്ക് തർജമ ചെയ്തത് വച്ചുനോക്കുമ്പോൾ ഒരു തൃപ്തിയും തരുന്നില്ല. തമിഴിൽ പ്രമിൾ എന്നൊരു കവിയുണ്ടായിരുന്നു നോബൽ സമ്മാനം നേടിയ ജോസഫ് ബ്രോഡ്‌സ്‌കിയെക്കാൾ മനോഹരമായ കവിതയെഴുതുന്നയാൾ. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു കവിയാണ് നകുലൻ. ഇവരുടെ നിലയിലേക്ക് ഉയരണമെങ്കിൽ മലയാള കവിത ഇനിയും 20-30 വർഷം സഞ്ചരിക്കണം.
മലയാള സിനിമയിലും എനിക്ക് തൃപ്തിയില്ല (തമിഴ് സിനിമ ഒരു ചവറ്, അതിവിടെ കണക്കാക്കുന്നേയില്ല). ജോൺ എബ്രഹാം എന്ന അപൂർവ്വ പ്രതിഭയുടെ തുടർച്ചയെവിടെയാണ്? അദ്ദേഹത്തിനുശേഷം കേരളത്തിൽ പാവ്‌ലോ പസോളിനിയെപ്പോലൊരു പ്രതിഭ ഉണ്ടാകേണ്ടതല്ലേ? എന്തുകൊണ്ടാണത് സംഭവിക്കാഞ്ഞത്? അടൂർ ഗോപാലകൃഷ്ണനെന്ന ആർട്ട് ഫിലിം മേക്കർ ഒരു കലാവ്യാപാരിയാണ്. എന്താണിതിന് കാരണം? നിങ്ങളുടെ സീരിയസ് സിനിമ സത്യജിത്‌റേയുടെ പാരമ്പര്യത്തെയാണ് മുറുകെ പിടിക്കുന്നത്. ഋതിക് ഘട്ടക്കിന്റെ പാരമ്പര്യം ജോൺ എബ്രഹാമിൽ അവസാനിച്ചു. ബൊളീവിയൻ സംവിധായകനായ Jorge sanjine െന്റെ ചിത്രങ്ങൾ കണ്ടുപിടിച്ചുകാണൂ. ഞാൻ പറയുന്നത് നിങ്ങൾക്ക് ശരിയായി മനസ്സിലാകും.
മലയാളി സാഹചര്യത്തിന്റെ ഒരു പ്രധാനപ്രശ്‌നം നിലവാരമില്ലായ്മയെ (Mediocrity) ആഘോഷിക്കുന്നതാണ്. അല്ലെങ്കിൽ നകുലനെ ഒഴിവാക്കി സുന്ദരരാമസ്വാമിയെ സ്വീകരിക്കുമോ? നകുലന്റെ നവീനൽഡയറി, നിനൈവു പാതൈ എന്നീ രണ്ടു നോവലുകൾ വിവർത്തനം ചെയ്ത് വായിക്കൂ'.
ദലിത് പാന്തേഴ്‌സ് പാർട്ടി നേതാവായ രവികുമാറാണ് തമിഴ്‌സാഹിത്യത്തിന്റെ സമകാല രാഷ്ട്രീയ പ്രവണതകളെ തികച്ചും നിരാകരിക്കുന്ന മറ്റൊരാൾ. ദലിത്‌സാഹിത്യം, സ്ത്രീസാഹിത്യം തുടങ്ങിയവയെ തീർത്തും എതിർക്കുന്ന സമീപനമാണ് രവികുമാറിന്റേത്.
അതേസമയം മനുഷ്യപുത്രൻ, അഴകിയ പെരിയവൻ, രാമകൃഷ്ണൻ തുടങ്ങിയവർ സംതുലിതവും പക്വവും രാഷ്ട്രീയബദ്ധവുമായ സമീപനങ്ങളോടെയും വിശകലനബുദ്ധിയോടെയും തമിഴ്‌സാഹിത്യത്തെ കാണുന്നു. അഴകിയ പെരിയവൻ ദലിത്‌സാഹിത്യത്തിന്റെ ഏറ്റവും പ്രമുഖനായ വക്താവുകൂടിയാണ്. സാഹിത്യത്തിനുണ്ടാവേണ്ട മാനവികതാ രാഷ്ട്രീയത്തെക്കുറിച്ച് ഇവർ പ്രകടിപ്പിക്കുന്ന ജാഗ്രതയാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. രാമകൃഷ്ണൻ തമിഴ്‌നാട്ടിലെ 'കുറ്റവാളി ഗോത്ര' നിയമങ്ങളെക്കുറിച്ചെഴുതിയ 'നെടുംകുരുതി'യെന്ന നോവലിന്റെ പശ്ചാത്തലം നോക്കുക :
'ഇത് ഇന്ത്യയിലെ പരമ്പരാഗത കുറ്റവാളികളെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷുകാർ നടപ്പാക്കിയതാണ്. പ്രധാനമായും മഹാരാഷ്ട്ര, ബംഗാൾ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇതു നടപ്പാക്കിയത്. തമിഴ്‌നാട്ടിൽ 1916-ൽ മദ്രാസ് ഗവൺമെന്റ് വടുവാർപ്പട്ടി കുറവന്മാർക്കെതിരായാണ് ഈ നിയമം ആദ്യമായി പ്രയോഗിച്ചത്. പിന്നീട് രാമനാഥപുരം ജില്ലയിലെ 'കല്ലർ' വർഗ്ഗക്കാർക്കെതിരെയും ഉപയോഗിച്ചു. ഈ നിയമത്തിന് കീഴിൽ നൂറുകണക്കിന് ഗ്രാമങ്ങളെ ഉൾപ്പെടുത്തി അവിടുത്തെ എല്ലാവരെയും കുറ്റവാളികളായി കണക്കാക്കി അവരുടെ വിരലടയാളമെടുത്തിരുന്നു. എല്ലാ പുരുഷന്മാരും രാത്രിമുഴുവൻ പൊലീസ് സ്റ്റേഷന്റെ മുന്നിലുള്ള ഒരു മൈതാനത്തിൽ വന്നിരിക്കണം. പ്രഭാതത്തിലേ അവരെ വിടൂ. ഇതായിരുന്നു സി.ടി. ആക്റ്റ് അനുസരിച്ച് വിജ്ഞാപനം ചെയ്തിട്ടുള്ള ഗ്രാമങ്ങളിലുള്ളവർക്കുള്ള ശിക്ഷ. ഈ നിയമം അംഗീകരിക്കാതെ വിരലടയാളം രേഖപ്പെടുത്താൻ വിസമ്മതിച്ച 'പെരുംകാമനെല്ലൂർ' എന്ന ഗ്രാമത്തിൽ ബ്രിട്ടീഷ് പൊലീസ് വെടിവെയ്പ് നടത്തിയതിൽ 12 പേർ മരിച്ചു. ഇതിനുശേഷം പല ഗ്രാമങ്ങളും ബ്രിട്ടീഷുകാരെ എതിർക്കാൻ തുടങ്ങി. ചില സ്ഥലങ്ങളിൽ പൊലീസ് സ്റ്റേഷന് തീവയ്പ്. തടവുകാർ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. ഇരുപത് വർഷത്തോളം സി.ടി. ആക്റ്റിന് എതിരായ സമരങ്ങൾ നടന്നിരുന്നു. തുടർന്ന് ഈ നിയമം അല്പാല്പമായി പിൻവലിക്കുകയും അവസാനം സ്വാതന്ത്ര്യത്തിന് ശേഷം 1952-ൽ പൂർണ്ണമായും റദ്ദാക്കപ്പെടുകയും ചെയ്തു'.
രമേഷ്, പ്രേം എന്ന രണ്ടെഴുത്തുകാർ തങ്ങളുടെ രചനകൾ ഒറ്റ വ്യക്തിയുടേതല്ല, ഇരുവരുടേതുമാണ് എന്ന കാഴ്ചപ്പാടു സ്വീകരിച്ച് അവതരിപ്പിക്കുന്ന സമീപനമാണ് ഈ അഭിമുഖങ്ങളിൽ വേറിട്ടുനിൽക്കുന്ന ഒന്ന്. ഹിന്ദുത്വവാദത്തിനെതിരായി സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇവരുടെ ഈ സമീപനത്തെ രാഷ്ട്രീയമായി പ്രസക്തമാക്കുന്നത്.
മറ്റൊന്ന് മലയാളത്തിൽനിന്ന് മുപ്പതിലധികം കൃതികൾ തമിഴിലേക്കു വിവർത്തനം ചെയ്ത കുറിഞ്ചിവേലന്റെ നിരീക്ഷണങ്ങളാണ്. എന്നാൽ ഏറ്റവും ശ്രദ്ധേയവും രാഷ്ട്രീയതീവ്രവും ക്ഷോഭകരവുമായ കാഴ്ചപ്പാടുകളവതരിപ്പിക്കുന്നത് മേല്പറഞ്ഞ എഴുത്തുകാരാരുമല്ല, അത് വ.ഐ.സ. ജയപാലനും ഷോഭാശക്തിയുമാണ്. ആദ്യഭാഗത്ത് ഫഹീമ ജഹാന്റെയും സൽമയുടെയും അഭിമുഖങ്ങളിലും മനുഷ്യപുത്രന്റെ ചില നിരീക്ഷണങ്ങളിലും നാം കേട്ട ശ്രീലങ്കൻ തമിഴ്‌രാഷ്ട്രീയത്തിന്റെ, ഭിന്നമാനങ്ങളും തലങ്ങളുമുള്ള ദുരന്താനുഭവങ്ങളുടെ പൊട്ടിത്തെറികളാണ് ഈ അഭിമുഖങ്ങളിലുള്ളത്. ശ്രീലങ്കൻ സിംഹള ഭരണകൂടങ്ങളോടും തമിഴ് വിമോചനപ്പോരാട്ട സംഘടനകളോടും ഇന്ത്യൻ ഭരണകൂടത്തോടും ഒരേസമയം കലഹിക്കേണ്ടിവരുന്ന പോരാളികളും പ്രവാസികളും പലായികളും അഭയാർഥികളുമൊക്കെയായ ശ്രീലങ്കൻ തമിഴരാണ് ജയപാലനും ഷോഭാശക്തിയും. ഫഹീമയുടെ കവിതകൾ അവതരിപ്പിക്കുന്ന ശ്രീലങ്കൻ മുസ്ലിങ്ങളുടെ അവസ്ഥകൾപോലെതന്നെ തീവ്രമാണ് ജയപാലന്റെയും ഷോഭാശക്തിയുടെയും രചനകളും. എൽടിടിഇ പോരാളികൂടിയായിരുന്ന ഷോഭാശക്തി തന്റെ സംഘടനയെപ്പറ്റി രാമകൃഷ്ണനോടു പറയുന്നതു കേൾക്കൂ:
'സിംഹള വംശീയ ഭരണകൂടത്തിന്റെ തുടർച്ചയായ അടിച്ചമർത്തലുകളും പീഡനങ്ങളുമാണ് 'വിടുതലൈ പുലികൾ' ഉണ്ടാകാനുള്ള കാരണമെന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല. എന്നാൽ ഭരണകൂടത്തിന്റെ പീഡനങ്ങളെ നേരിടാനായി തുടങ്ങിയ വിടുതലൈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? വിടുതലൈ പുലികൾ ഇന്ന് പൂർണ്ണമായും ഒരു വലതുപക്ഷസംഘടനയായി മാറിയിരിക്കുന്നു. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഓരോ ഉത്തരവുകളും അവർ അനുസരിക്കുന്നു. തങ്ങളുടെ സാമ്പത്തിക വ്യവസ്ഥ ഒരു തുറന്ന സാമ്പത്തിക വ്യവസ്ഥയാണെന്ന് പുലികളുടെ തലവൻ തന്നെ പ്രസ്താവിച്ചിരിക്കുന്നു. ഇപ്പോൾ പ്രഭാകരനുള്ളത് ഒരു വിമോചനപ്രസ്ഥാനത്തിന്റെ നേതാവിന്റെ സ്ഥാനമല്ല, അയാളൊരു യുദ്ധപ്രഭു (War lord) മാത്രമാണ്. ഇന്ന് വിമോചന പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള ഒരു പ്രശ്‌നത്തിലും എൽ.ടി.ടി.ഇക്ക് താൽപര്യമില്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ എന്ത് ക്രൂരത ഉപയോഗിച്ചും നിലയുറപ്പിക്കാനുള്ള ശ്രമങ്ങളൊഴികെ മറ്റൊരു പദ്ധതിയും പുലികൾ ചിന്തിക്കുകയോ നടപ്പാക്കുകയോ ചെയ്യുന്നില്ല. വിടുതലൈ പുലികളുടെ കലാസാംസ്‌കാരിക വിഭാഗത്തിന്റെ ഭാരവാഹികൾ അമ്മനെ വാഴ്‌ത്തി പുസ്തകങ്ങളെഴുതി പ്രസിദ്ധീകരിക്കുന്നു.
ലജ്ജാവഹം! അതിനു പുറമേ കാലാകാലമായി ഈഴം തമിഴരോടൊരുമിച്ച് ജീവിച്ചുവരുന്ന മുസ്ലീങ്ങളോട് മാപ്പർഹിക്കാത്ത അക്രമങ്ങളാണ് അവർ നടത്തിയത്. വടക്കൻ പ്രവിശ്യകളിൽ താമസിച്ചിരുന്ന എല്ലാ മുസ്ലീങ്ങളേയും ഒരൊറ്റ രാത്രികൊണ്ട് പുലികൾ ആ പ്രദേശത്തുനിന്നും പുറത്താക്കി. അത് ചെയ്തതെങ്ങനെയാണെന്നോ? അവരുടെ സ്വത്ത് മുഴുവനും കൊള്ളയടിച്ചതിനുശേഷം വിരട്ടിയോടിച്ചു. ആട്ടിയോടിച്ചപ്പോൾ അഞ്ഞൂറുരൂപ മാത്രമാണ് കൂടെ കൊണ്ടുപോകാൻ അവരെ അനുവദിച്ചത്. മൂന്നുവർഷങ്ങൾക്കുമുമ്പ് ശ്രീലങ്കൻ ഭരണകൂടവും പുലികളും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ഇത് സമാധാനകാലമാണെന്ന് ഇരുവിഭാഗങ്ങളും അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഈ കാലഘട്ടത്തിൽ മറ്റ് തമിഴ് സംഘടനകളിലെ അംഗങ്ങളായ മുന്നൂറോളം പേരെ പുലികൾ കൊലപ്പെടുത്തിയിട്ടുണ്ട്'.
(ഫഹീമ, ജയപാലൻ, ഷോഭാശക്തി എന്നിവരുടെ നിരീക്ഷണങ്ങളിലും നിലപാടുകളിലും നിന്നു നേരിട്ടൊരു വഴിയുണ്ട്. ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്ന നോവലിലേക്ക്)
ശരീരത്തിന്റെയും ആത്മാവിന്റെയും സ്വാതന്ത്ര്യം കൊതിക്കുന്ന മനുഷ്യാവസ്ഥക്കുമേൽ നാനാതരം അധീശാധിനിവേശങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്ന ബ്രാഹ്മണ്യം മുതൽ പുരുഷാധിപത്യം വരെയുള്ള വ്യവസ്ഥകൾക്കെതിരെ സമകാല തമിഴ്‌സാഹിത്യത്തിൽ രൂപംകൊള്ളുന്ന മനുഷ്യകേന്ദ്രിതവും ജീവിതബദ്ധവും സമരതീക്ഷ്ണവുമായ ഭാവുകത്വങ്ങളുടെ രാഷ്ട്രീയസ്വരൂപം വിശദവും സൂക്ഷ്മവുമായടയാളപ്പെടുത്തുന്ന മലയാളത്തിലെ ഏക പുസ്തകം എന്ന നിലയിൽ 'സംഭാഷണങ്ങൾ'ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.
പാമയുമായുള്ള അഭിമുഖത്തിൽനിന്ന്
ഞങ്ങളുടെ നാട്ടിലെ ഗ്രാമങ്ങളിൽ ഓരോ ജാതിക്കും ഓരോ ഇടമുണ്ട്. ഞാൻ കുട്ടിയായിരുന്ന കാലത്ത് താമസിച്ചിരുന്ന ഗ്രാമത്തിന്റെ കിഴക്കുഭാഗമായിരുന്നു ഞങ്ങളുടേത്. അവിടെ നിന്നും പടിഞ്ഞാറോട്ട് പോകുംതോറും ജാതി അല്പാല്പമായി ഉയർന്ന് വരും. ഞാൻ കണ്ടിട്ടുള്ള എല്ലാ ഗ്രാമത്തിലും അങ്ങനെത്തന്നെയായിരുന്നു. അതിനു പറയുന്ന കാരണം വളരെ രസകരമാണ്. എപ്പോഴും കാറ്റ് വീശുന്നത് പടിഞ്ഞാറ് നിന്നും കിഴക്കോട്ടായിരിക്കും. ആദ്യം അത് ഉയർന്ന ജാതിക്കാരെ തൊട്ടതിനു ശേഷം മാത്രമേ ഞങ്ങളെ തൊടാൻ പാടുള്ളൂ. ഞങ്ങൾ പടിഞ്ഞാറുഭാഗത്ത് താമസിച്ചാൽ കാറ്റ് ഞങ്ങളെ തൊട്ടതിനു ശേഷമാണ് അവരെ തൊടുക അപ്പോൾ അവർ അശുദ്ധമാകും. അതുകൊണ്ടാണ് അങ്ങനെ വച്ചിരുന്നത്. കിഴക്കുഭാഗത്ത് എല്ലാ താഴ്ന്ന ജാതി വിഭാഗങ്ങളും ഉണ്ടാകും. പറയർ, കല്ലർ അങ്ങനെയെല്ലാവരും. ഏറ്റവും ഉയർന്ന ജാതിക്കാർ ഏറ്റവും പടിഞ്ഞാറായിരിക്കും. അവരെ തൊട്ട കാറ്റ് ഞങ്ങളെ വന്ന് തൊടും. ഞങ്ങളെല്ലാം ഒരേ ഗ്രാമത്തിലാണെങ്കിൽപോലും അവർക്കും ഞങ്ങൾക്കും തമ്മിൽ ഒരു ബന്ധവുമുണ്ടാകില്ല. കിഴക്കേയറ്റം ഒരു ദ്വീപ് പോലെയാണ്. ഞങ്ങൾക്ക് അവിടെ മാത്രമേ നടക്കാൻ പാടുള്ളൂ. ഗ്രാമത്തിന്റെ മറ്റുഭാഗങ്ങളിലേക്കൊന്നും പോകാൻ പാടില്ല. ചുരുക്കത്തിൽ സഞ്ചാരസ്വാതന്ത്ര്യം പോലുമുണ്ടായിരുന്നില്ല.
എങ്കിലും ഗ്രാമത്തിലെ പൊതു സാമ്പത്തിക പ്രവർത്തനങ്ങളിൽ പങ്കില്ലേ?
ഉണ്ട്. പക്ഷെ, ഭൂമിയെല്ലാം അവരുടെ കൈയിലായിരിക്കും. ജോലി ചെയ്യാൻ മാത്രമാണ് ഞങ്ങൾ. അവരുടെ വീട്ടിൽ പോയാൽ പുറത്തുനിൽക്കണം. അകത്തുകടക്കാൻ പാടില്ല. മാടിനെ നോക്കുക, അങ്ങനെയുള്ള ജോലിയൊക്കെ ചെയ്യണം. പഴയ ആഹാരം വല്ലതും തരും. അത്രതന്നെ. എന്റെ പാട്ടിയൊക്കെ അങ്ങനെ വാങ്ങിക്കഴിച്ചവരാണ്. ചെറിയ കുട്ടിയായിരിക്കുമ്പോൾ ഞാനും കൂടെ പോയിട്ടുണ്ട്. പുറത്തുനിർത്തി എന്തെങ്കിലും എടുത്തുതരും. വീട്ടിൽ തിരിച്ചെത്തുമ്പോൾ അതൊന്നും വാങ്ങാൻ പാടില്ലായിരുന്നു എന്ന് തോന്നും. എന്നാൽ പാട്ടി അവരല്ലാതെ നമുക്കാരാണുള്ളത് എന്നു ചോദിക്കും. അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. എന്നാൽ അപ്പോൾ എന്തുകൊണ്ട് നമ്മളവിടെ പോകാൻ പാടില്ല? അവരെന്തുകൊണ്ട് ഇവിടെ വരുന്നില്ല? എന്നൊന്നും ചോദിക്കാൻ എനിക്കറിയില്ലായിരുന്നു.
ചെറിയ കുട്ടിയായിരിക്കുമ്പോഴുള്ള എന്റെ ഒരനുഭവം പറയാം. ഞാൻ വൈകുന്നേരം സ്‌കൂളിൽ നിന്ന് വരികയായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലേക്ക് കടക്കുന്ന സ്ഥലത്ത് ഒരു വിശാലമായ പറമ്പുണ്ട്. അവിടെ നെല്ല് കൊയ്തുകൂട്ടിയിട്ട് മെതിക്കുകയായിരുന്നു. സ്ഥലത്തിന്റെ ഉടമസ്ഥൻ ഒരു ഉയർന്ന തറയിൽ ഇരിക്കുന്നു. ഞങ്ങളുടെ ആളുകളെല്ലാം ജോലിചെയ്യുകയാണ്. സമയം ഏകദേശം നാലുമണി. സ്‌കൂൾ ഗ്രാമത്തിന്റെ മറ്റേ അറ്റത്തായിരുന്നു. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും ഞങ്ങളാണെങ്കിലും സ്‌കൂൾ, ചർച്ച് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഗ്രാമത്തിന്റെ പടിഞ്ഞാറേ പകുതിയിലായിരിക്കും. ഞങ്ങളുടെ ഭാഗത്ത് ഒന്നുമുണ്ടാകില്ല. എല്ലാ കാര്യങ്ങൾക്കും ഞങ്ങൾക്കും അങ്ങോട്ടു പോകണം. എല്ലാം ഉയർന്ന ജാതിക്കാരുടെ സൗകര്യത്തിനായി അപ്പുറത്താണ് വച്ചിരുന്നത്. റേഷൻകട, ചർച്ച്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് എല്ലാം. എന്തെങ്കിലും ഈ ഭാഗത്ത് തുടങ്ങാൻ ശ്രമിച്ചാൽതന്നെ അവരത് അനുവദിക്കുകയില്ല. ഞാൻ സ്‌കൂളിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ തെരുവിലെ ഒരു താത്ത (വയസ്സായ മനുഷ്യൻ) കൈയിലൊരു ഭക്ഷണപ്പൊതിയുമായി വരുന്നു. പൊതി ഒരു നൂലിൽകെട്ടി നൂലിന്റെ അറ്റമാണ് പിടിച്ചിരിക്കുന്നത്. അദ്ദേഹം ചെറിയ കുട്ടികളെപ്പോലെ കളിക്കുകയാണെന്നാണ് ഞാൻ വിചാരിച്ചത്. ഈ പ്രായമുള്ള ഒരാൾ ഇങ്ങനെ ചെയ്യുന്നത് കണ്ട് ഞങ്ങൾ കളിയാക്കിച്ചിരിച്ചു. നഝലഴിഞ്ഞുപോയാൽ വടയൊക്കെ താഴെ വീഴില്ലേ? താത്ത തറയിലിരിക്കുന്ന ഭൂവുടമയുടെ മുന്നിൽ വന്ന് വളഞ്ഞുകനിഞ്ഞു നിന്ന് പൊതി നൂലിന്റെ അറ്റത്തുപിടിച്ച് അയാൾക്ക് കൊടുത്തു. ഞാനാദ്യമായിട്ടായിരുന്നു ഇങ്ങനെ കാണുന്നത്. അയാൾ പൊതി വാങ്ങി തുറന്ന് ഇഡ്ഢലിയും വടയുമൊക്കെ എടുത്തുകഴിച്ചു. ആഹാരം ഒരു വാഴയിലയിൽ വച്ച് കെട്ടി ഒരു ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. ആഹാരത്തിൽ നേരിട്ടു തൊടുന്ന പ്രശ്‌നമേയില്ല. എന്നിട്ടും ആ പൊതി നൂലിൽകെട്ടി വേണം പിടിക്കാൻ. അതെന്തിനാണെന്നെനിക്ക് മനസ്സിലായില്ല. താത്ത തമാശ കളിക്കുകയാണെന്ന് കരുതി ഞാൻ വന്ന് അണ്ണയോടു പറഞ്ഞു. 'തമാശകളിയൊന്നുമല്ല, അവർ കഴിക്കുന്ന ആഹാരം നമ്മൾ തൊടാൻ പാടില്ല' എന്ന് അണ്ണൻ പറഞ്ഞു. എനിക്കപ്പോൾ കടുത്ത ദേഷ്യം വന്നു. എന്തിനാണ് നമ്മൾ ഇവർക്കിങ്ങനെ വഴങ്ങിക്കൊടുക്കുന്നത്? അത്ര തൊടാൻ പാടില്ലെങ്കിൽ അയാൾക്കുതന്നെ പോയി വാങ്ങിക്കഴിച്ചുകൂടെ എന്നൊക്കെ മനസ്സിൽ തോന്നി. ആരോടും പറയാൻ കഴിഞ്ഞില്ല. ബസ്സിൽ യാത്രചെയ്യുകയാണെങ്കിൽ അവർ നമ്മുടെ അടുത്തിരിക്കില്ല. ഇപ്പോഴല്ല... ഞാനൊക്കെ പഠിക്കുന്ന കാലത്ത് അവർക്ക് ഞങ്ങളെ അറിയാം. ഞങ്ങളുടെ അടുത്ത് സീറ്റ് കാലിയുണ്ടെങ്കിലും അവർ അതിലിരിക്കാതെ നിന്നുകൊണ്ട് യാത്രചെയ്യും. നമ്മൾ അവരുടെയടുത്ത സീറ്റിൽ ചെന്നിരുന്നാൽ ഉടനെ ചാടിയെഴുന്നേൽക്കും. ഞാനൊക്കെ വേണമെന്നുവച്ചുതന്നെ അടുത്തുപോയി ഇരിക്കാറുണ്ട്.
സംഭാഷണങ്ങൾ
ടി.ഡി. രാമകൃഷ്ണൻ
ലോഗോസ് ബുക്‌സ്
2016, വില : 240 രൂപ