ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റ് സംഘടിപ്പിച്ച 'ആർദ്രനിലാവ്' മലയാള കവിതാലാപന മത്സരം കവിതയെ നെഞ്ചിലേറ്റിയ ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും മത്സരാർത്ഥികളുടെ അവതരണ മികവ് കൊണ്ടും ഏറെ പുതുമ നിറഞ്ഞതായി. പ്രാഥമിക ഘട്ടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 പേർ മാറ്റുരച്ച ഫൈനൽ മത്സരം കാണുവാൻ അൽഖോർ, വക്ര തുടങ്ങി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് ആസ്വാദകരാണ് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ ഒഴുകിയെത്തിയത്.

ഒഎൻ വിയുടെയും, വയലാറിന്റേയും, കടമ്മനിട്ടയുടെയും, സച്ചിതാനന്ദന്റേയും, സുഗതകുമാരിയുടേയും, മുരുഗൻ കാട്ടാക്കടയുടേയും കവിതകൾ ആലപിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് ഖത്തറിലെ കവിതയെ സ്‌നേഹിക്കുന്ന ആസ്വാദകവൃന്ദം സ്വീകരിച്ചത്. കാൽപനികം, പരിസ്ഥിതി, സാമൂഹ്യപരിഷ്‌കരണം എന്നീ മൂന്ന് റൗണ്ടുകളായിട്ടാണ് മത്സരം നടന്നത്. പ്രശസ്ത കവിയും ഗാന രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ആയിരുന്നു മുഖ്യ വിധികർത്താവ്. അമലേന്ദു.കെ, ഝാൻസി റാണി, ഗാഥ വിനുകുമാർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കവി ഏങ്ങണ്ടിയൂർ കാഷ് അവാർഡും, ട്രോഫിയും നൽകി. സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ, പ്രമോദ് ചന്ദ്രൻ, പി. എൻ. ബാബുരാജൻ, ഗോപാലകൃഷ്ണൻ, ദോഹ യൂണിറ്റ് പ്രസിഡന്റ് മനാഫ്, സെക്രട്ടറി സുഹാസ് പാറക്കണ്ടി, പ്രോഗ്രാം കോർഡിനേറ്റർ രാജീവ് രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.