ദോഹ: അന്തരിച്ച മഹാകവി ഒ.എൻ.വി യുടേയും, കലാഭവൻ മണിയുടേയും ദീപ്തമായ സ്മരണകൾ അലയടിച്ച വേദിയിൽ സംസ്‌കൃതി മൻസൂറ യൂണിറ്റ് അവതരിപ്പിച്ച 'നിശാഗന്ധി' ശ്രദ്ധേയമായി. കലാഭവൻ മണിയുടെ സഹോദരീപുത്രനും നാടൻപാട്ട് കലാകാരനുമായ പ്രവീൺ ദോഹ ഉദ്ഘാടനം ചെയ്തു. മൻസൂറ യൂണിറ്റ് പ്രസിഡന്റ് കെ.വി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ.ജലീൽ, വൈസ് പ്രസിഡന്റുമാരായ സന്തോഷ് തൂണേരി, എം ടി മുഹമ്മദാലി എന്നിവർ സംസാരിച്ചു. ഖത്തറിലെ മുപ്പതോളം ഗായകർ ഒ.എൻ.വി യുടേയും, കലാഭവൻ മണിയുടേയും ഗാനങ്ങൾ അവതരിപ്പിച്ചു.

ഒ.എൻ.വി യുടെ ''ഭൂമിക്കൊരു ചരമഗീതം'' ആസ്പദമാക്കി സംസ്‌കൃതി കളിക്കൂട്ടം പ്രവർത്തകരായ ആർഷ കൃഷ്ണൻ, സഞ്ജന സജീവ് എന്നിവർ അവതരിപ്പിച്ച സംഗീതശിൽപം ശ്രദ്ധേയമായി. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ പി.എച്ച്.ഡി നേടിയ ഡോ.എം.സി ഷൈനി, ബയോകെമിസ്ട്രിയിലെ മികച്ച ഗവേഷണ പ്രബന്ധത്തിന് 2016 ലെ 'ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ്' ലഭിച്ച മൻസൂറ യൂണിറ്റ് അംഗം ഗീതു സരുൺ മാണി, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷയിൽ അക്കൗണ്ടൻസിയിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച നമിത മോഹൻ എന്നിവരെ അനുമോദിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സരുൺ മാണി ആടുകാലിൽ, ഷംജിത്ത് മുണ്ടമേട്ട, ഗണേശ് ബാബു, മനീഷ് സാരംഗി, സുഹാസ് പാറക്കണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.