കൊച്ചി: സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ നായകനായ ആഫ്രിക്കൻ നടൻ സാമുവൽ റോബിൻസൺ രംഗത്ത്.പ്രൊഡ്യൂസർമാരിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്നും തുച്ഛമായ പ്രതിഫലമാണ് സിനിമയിലെ അഭിനയത്തിന് തനിക്ക് തന്നതെന്നും സാമുവൽ ആരോപിക്കുന്നു. സിനിമ വിജയമായാൽ കൂടുതൽ പണം നൽകാമെന്ന വാഗ്ദാനം നിർമ്മാതാക്കൾ പാലിച്ചില്ലെന്നും സാമുവൽ ആരോപിച്ചു.

കേരളത്തിൽ ചിത്രം സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കെയാണ് സിനിമക്കെതിരെ താരത്തിന്റെ വെളിപ്പെടുത്തൽ. നാട്ടിലേയ്ക്ക് തിരിച്ചുപോയ സാമുവൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നിർമ്മാതാക്കൾക്കെതിരേ ഗുരതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ചിത്രത്തിലെ മറ്റ് താരങ്ങളേക്കാളും വളരെ കുറഞ്ഞ തുകയാണ് തനിക്ക് പ്രതിഫലമായി നൽകിയത്. മറ്റ് യുവനടന്മാരെ കണ്ട് പ്രതിഫലത്തുകയെ കുറിച്ച് ഇക്കാര്യം സംസാരിച്ചപ്പോഴാണ് വിവേചനം മനസ്സിലായതെന്നും സാമുവൽ പറഞ്ഞു.

സാമുവലിന്റെ പോസ്റ്റ് ഇങ്ങനെ

എല്ലാവർക്കും ഹായ്..... പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

സുഡാനി ഫ്രം നൈജീരിയയുടെ നിർമ്മാതാക്കളിൽ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. ഞാൻ ക്ഷമ കാട്ടിയതുകൊണ്ടാണ് ഇക്കാര്യങ്ങളൊന്നും നേരത്തെ പറയാതിരുന്നത്. ഇപ്പോൾ എല്ലാം തുറന്നു പറയുകയാണ്. നാളെ കറുത്തവർഗക്കാരനായ മറ്റൊരു യുവനടനും ഇതു സംഭവിക്കരുത് എന്നു കരുതിയാണ് ഞാൻ ഇക്കാര്യം ഇപ്പോൾ പറയുന്നത്.

ഞാൻ കേരളത്തിൽ വംശീയവിവേചനത്തിന്റെ ഇരയായിരുന്നു. അത് നേരിട്ടൊരു ആക്രമണമോ അധിക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ അഭിനയിച്ചതിന്, എന്റെയത്ര പ്രശസ്തിയോ എന്റെ പകുതി കഴിവോ ഇല്ലാത്ത മറ്റ് ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ കുറഞ്ഞ പ്രതിഫലമാണ് എനിക്ക് നൽകിയത്. എന്റെ കഴിവും പ്രതിഭയും വച്ചു നോക്കുകയാണെങ്കിൽ പകുതി പ്രതിഫലമാണ് എനിക്ക് നൽകിയത്. മറ്റു യുവതാരങ്ങളുമായി പ്രതിഫലകാര്യം ചർച്ച ചെയ്തപ്പോൾ മാത്രമാണ് ഇക്കാര്യം എനിക്ക് മനസ്സിലായത്. ഞാൻ കറുത്ത നിറക്കാരനായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കകാർക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണയുള്ളതു കൊണ്ടുമാണ്
ഇത്തരത്തിൽ സംഭവിച്ചതെന്ന് ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാൻ ശ്രമിച്ചിരുന്നു. സക്കറിയ സ്‌നേഹമുള്ളയാളും കഴിവുള്ള സംവിധായകനുമാണ്. എന്നാൽ, ചിത്രത്തിന് പണം ചെലവാക്കുന്നത് അദ്ദേഹമല്ലല്ലോ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പരിമിതികളുണ്ടായിരുന്നു.

ചിത്രം ഹിറ്റായാൽ മെച്ചപ്പെട്ട പ്രതിഫലം നൽകാമെന്നാണ് ഷൂട്ടിങ് സമയത്ത് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഞാനിപ്പോൾ നൈജീരിയയിൽ തിരിച്ചെത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ്ങും പ്രമോഷൻ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള അഞ്ചു മാസം എന്നെ കേരളത്തിൽ തന്നെ പിടിച്ചു നിർത്താനുള്ള ലക്ഷ്യമായിരുന്നു ആ വാഗ്ദാനത്തിന് പിറകിലെന്നാണ് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നത്. പടം വൻ വാണിജ്യ വിജയം നേടിക്കൊണ്ടിരിക്കുകയാണ്.

ആരാധകർ നൽകിയ സ്‌നേഹത്തിന് അങ്ങേയറ്റത്തെ നന്ദിയുണ്ട്. ഇവിടുത്തെ ഊഷ്മളമായ സംസ്‌കാരം അനുഭവിക്കാനുള്ള സൗഭാഗ്യവും എനിക്കു ലഭിച്ചു. എന്നാൽ, എനിക്ക് ഇനിയും മൗനം അവലംബിക്കാൻ കഴിയില്ല. അടുത്ത തലമുറയിലെ കറുത്ത വർഗക്കാരായ നടന്മാർക്കെങ്കിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ, ഒരു കറുത്തവർഗക്കാരൻ എന്ന നിലയിൽ എനിക്ക് പ്രതികരിച്ചേ പറ്റൂ. വംശീയവും ജാതീയവുമായ വിവേചനങ്ങൾക്കുമെതിരേ നമുക്ക് അരുതെന്ന് പറയാം.

സാമുവൽ അബിയോള റോബിൻസൺ

ഇത് പൂർണമായി പ്രസിദ്ധീകരിക്കാനുള്ള അവകാശം ഞാൻ മാധ്യമങ്ങൾക്ക് നൽകുന്നു.