ബാംഗളൂർ: വ്യായാമം ചെയ്യാൻ പാർക്കിൽ എത്തിയ സിനിമാ നടിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. മോശം വസ്ത്രം ധരിച്ചെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് നടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കന്നട നടി സംയുക്ത ഹെഗ്‌ഡേയാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്എസ്ആർ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാർക്കിൽ വ്യായാമത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

ഹുലാ ഹൂപ്‌സ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് നടിയും സുഹൃത്തുക്കളും പാർക്കിൽ എത്തിയത്. സ്പോർട്സ് വേഷമാണ് നടി ധരിച്ചിരുന്നത്. ഇതോടെ അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടിയേയും സുഹൃത്തുക്കളേയും ഉപദ്രവിക്കാനും അവർ എത്തി. ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാൽ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവർ ബഹളം വച്ചതോടെ കുറേ ആളുകൾ കൂടാൻ തുടങ്ങി.

അതിനിടെ നടിക്ക് വിവാദമായിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നായി അവരുടെ ആരോപണം. പ്രശ്‌നം രൂക്ഷമായതോടെ പൊലീസ് എത്തിയെങ്കിലും താരത്തിന് എതിരെയുള്ള അധിക്ഷേപം തുടർന്നു. അതോടെ സംയുക്ത ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തു. തങ്ങളെ സഹായിക്കണമെന്നും അകാരണമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്. കൂടാതെ അസഭ്യം പറയുന്നവരേയും താരം വിഡിയോയിൽ കാണിക്കുന്നുണ്ട്. സംഭവങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും തടിച്ച് കൂടിയവരെ പ്രകോപിപ്പിച്ചു. നടിക്കും സുഹൃത്തുക്കൾക്കുമെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ നാട്ടുകാരെ ഒടുവിൽ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.

അതിന് പിന്നാലെ തങ്ങളെ ആദ്യം ഉപദ്രവിച്ച സ്ത്രീയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സംയുക്ത രംഗത്തെത്തി. കൂടാതെ നിരവധി വിഡിയോകളും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങളുൾപ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്.