തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയ നായികയാണ് സംയുക്താ വർമ്മ. ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം വീട്ടമ്മയായി ഒതുങ്ങിയ അവർ സിനിമയിലേക്ക് തിരിച്ചു വരില്ല എന്നു തീർത്തു പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള സൗകര്യങ്ങളിലും ജീവിതത്തിലും സന്തുഷ്ടയാണെന്നാണ് സംയുക്ത പറയുന്നത്. അതുകൊണ്ടു തന്നെയാണ് തൽക്കാലം സിനിമയിലേക്ക് ഇല്ലാത്തതെന്ന് സംയുക്ത പറയുന്നു.

ഇനി എപ്പോഴായിരിക്കും സിനിമയിലേക്ക് എത്തുക എന്ന് സംയുക്തയോട് അഭിമുഖങ്ങളിൽ ചോദിക്കാറുമുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണമെങ്കിൽ അത്രമാത്രം ഇഷ്ടപ്പെടുന്ന കഥയായിരിക്കണം. കഥാപാത്രം ആയിരിക്കണം എന്നാണ് സംയുക്ത മറുപടി പറയുന്നത്. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് സംയുക്ത വർമ്മ ഇക്കാര്യം പറയുന്നത്.

സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ലെന്ന് സംയുക്ത വർമ്മ പറയുന്നു. സിനിമ എനിക്ക് ഭഗവാനെപ്പോലെയാണ്. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നത്? ഒന്നുകിൽ അത്രമാത്രം ഇഷ്ടപ്പെടുന്ന കഥയായിരിക്കണം. കഥാപാത്രം ആയിരിക്കണം. ബിജു ഇപ്പോൾ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി ചെയ്ത് തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആകും. വീട്ടിൽ വന്നു കയറിയാൽ പരസ്പരം ചൊറിയേണ്ടി വരും. എനിക്കത് വയ്യ. ഇപ്പോൾ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖമായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നത് എന്നാണ് സംയുക്ത വർമ്മ പറയുന്നത്. അഭിനയിക്കുന്നതിന് ഒരു തടസ്സവും ബിജു മേനോൻ പറഞ്ഞിട്ടില്ലെന്നും സംയുക്ത വർമ്മ പറയുന്നു.

നല്ലൊരു അമ്മയായും ഭാര്യയായും മലയാളത്തിന്റെ പ്രിയ നായിക വീട്ടിൽ ഒതുങ്ങി കൂടുമ്പോൾ താൻ അത് ഏറെ ആസ്വദിക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് സംയുക്ത. മകൻ ദക്ഷിന്റെ കാര്യത്തിലും സംയുക്ത കർക്കശകാരിയായ അമ്മയാണ്, പക്ഷെ അവനു അവന്റെതായ സ്വാതന്ത്ര്യം താനിപ്പോൾ കൊടുക്കാറുണ്ടെന്നും സംയുക്ത പറയുന്നു.

'ബിജു ഏട്ടനെപ്പോലെ അവനെ വളരെ ഫ്രീയായി വിടാൻ കഴിയില്ല. നമ്മളൊന്ന് ഷേപ് ചെയ്തു കൊണ്ട് വരണ്ടേ ? പക്ഷെ അതിനു നിർബന്ധിക്കാനും വയ്യ. ഗെയിംസിൽ പോലുമുണ്ട് അഡൾട്ട് ഗെയിമുകൾ. അത് നോക്കാനുള്ള ടെൻഡൻസിയൊക്കെ അവനു ഉണ്ടാവില്ലേ? അതൊന്നും തടയാൻ പറ്റില്ല, തടയാൻ പാടില്ല, പിന്നെ ദക്ഷിനു അങ്ങനെയുള്ള ക്യൂരിയോസിറ്റിയൊന്നും തുടങ്ങിയിട്ടില്ല. അവനു 11 വയസ്സേ ആയിട്ടുള്ളൂ, നാളെ അവന്റെ കമ്പ്യൂട്ടറിൽ എന്തെങ്കിലും അഡൾട്ട്സ് ഓൺലി സൈറ്റ് കണ്ടാൽ ഞാൻ ഞെട്ടുകയൊന്നുമില്ല. അവനു കൗതുകം തോന്നിയിട്ടുണ്ടാകും നോക്കിയിട്ടുണ്ടാവുക. അവർ അത് അറിയണം, എനിക്കതിൽ പ്രശ്നമില്ല. പക്ഷെ ഞാൻ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് നിർബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാൽ ഞാൻ എന്തായാലും ചോദിക്കും, എന്തായിരുന്നു മോനെ അതിന്റെ ഫീലിങ്, അങ്ങനെ ഒരു അമ്മയാണ് ഞാൻ ' - സംയുക്ത പറയുന്നു.