കാലിഫോർണിയ: സാൻ ബർനാർഡിനൊ എലിമെന്ററി സ്‌കൂളിൽ നടന്ന വെടിവെയ്‌പ്പിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളുമായി പൊലീസ്. ഭാര്യ വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതാണ് പ്രതിയെ പ്രകോപിതാനാക്കിയതെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം.

നാലുവർഷത്തെ ഒരുമിച്ചുള്ള താമസത്തിനുശേഷം ജനുവരിയിലാണ് 53 വയസുള്ള സെഡ്രിക് ആന്റേഴ്സനും നോർത്ത് പാക്ക് എലിമെന്ററി സ്‌കൂളിലെ അദ്ധ്യാപികയായ ഇലയ്ൻ സ്മിത്തും വിവാഹിതരായത്. എന്നാൽ കുറച്ച് നാളായി ഇരുവരും വെവ്വേറെ താമസിക്കുവാനാരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ആന്റേഴ്സനുമായി ജീവിക്കുവാൻ സാധ്യമല്ല എന്നതാണ് ഇലയ്നെ വിവാഹ മോചനത്തിനു പ്രേരിപ്പിച്ചതെന്ന് ഡാൻ ബർനാർഡിനൊ പൊലീസ് ചീഫ് ജറോഡ് ബർഗൻ പറഞ്ഞു.

സംഭവ ദിവസം രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ എത്തിയ ആന്റേഴ്സൺ ഭാര്യക്ക് എന്തോ പാക്കറ്റ് നൽകാനുണ്ടെന്നാണ് അധികൃതരെ അറിയിച്ചത്. തുടർന്ന് ക്ലാസ് റൂമിലെത്തിയ ഉടനെ ഭാര്യക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ക്ലാസെടുത്തു കൊണ്ടിരുന്ന അദ്ധ്യാപിക സംഭവ സ്ഥലത്തു തന്നെ മരിച്ചുവീണു. ഒന്ന് മുതൽ 4 വരെയുള്ള ക്ലാസിൽ പതിനഞ്ചു കുട്ടികളാണുണ്ടായിരുന്നത്. വെടിവെപ്പിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതിൽ എട്ടു വയസുള്ള ജോനാഥൻ മാർട്ടിനസ് ആശുപത്രിയിൽ എത്തി ഏതാനും മണിക്കൂറുകൾക്കകം മരിച്ചു. ഒമ്പത് വയസുള്ള കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

വലിയ പ്രതീക്ഷകളോടെയാണ് മകൾ വിവാഹിതയായതെന്ന് മരിച്ച അദ്ധ്യാപികയുടെ മാതാവ് ഇർമ പറഞ്ഞു. പ്രതീക്ഷകൾ അസ്ഥാനത്തായെന്ന തോന്നലാണ് വിവാഹമോചനം ആവശ്യപ്പെടുന്നതിന് കാരണമായതെന്നും ഇവർ കൂട്ടിച്ചേർത്തു.