കാസർഗോഡ്: നാട് ഒന്നടങ്കം മൂന്നര വയസുകാരി സന ഫാത്തിമയ്ക്കു വേണ്ടി തെരച്ചിൽ തുടരുമ്പോഴും സമൂഹമാധ്യമങ്ങൾ വഴി മനസ്സാക്ഷിയില്ലാത്ത പ്രചാരണം അഴിച്ചു വിടുകയാണ് ഒരു സാമൂഹ്യവിരുദ്ധർ.

രാജപുരം പാണത്തൂരിൽ ഒഴുക്കിൽപ്പെട്ടുപോയെന്ന് സംശയിക്കുന്ന സനക്ക് വേണ്ടി പ്രാർത്ഥനയോടെ കുടുംബാംഗങ്ങളും നാട്ടുകാരും നടത്തുന്ന ശ്രമങ്ങൾക്ക് ഇതേത്തുടർന്ന് സംഭവിക്കുന്നത് ഒട്ടേറെ തടസങ്ങൾ.

വ്യാഴാഴ്ച വൈകിട്ടാണ് മൂന്നര വയസുകാരി സന ഫാത്തിമയെ കാണാതായത്. വീടിനു സമീപം വെള്ളം ഒഴുകി പോകുന്ന ഓടയിൽ കുട്ടി കാലിടറി വീണുപോയെന്നാണ് സംശയം. സനയുടെ ചെരിപ്പും കുടയും തോട്ടും കരയിൽ നിന്നും ലഭിച്ചതോടെ ആ സംശയം ബലപ്പെടുകയായിരുന്നു. അതോടെ വിവരമറിഞ്ഞ നാട്ടുകാർ ഓടയിലേക്കുള്ള പൈപ്പ് പൊട്ടിച്ചും പുഴയിൽ വടം കെട്ടിയും തെരച്ചിൽ ഊർജ്ജിതമായി നടത്തുകയാണ്.

അതിനിടയിലാണ് കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പെരുകിയത്. ആദ്യം കുട്ടിയെ കിട്ടിയതായി സന്ദേശം പ്രചരിച്ചു. അതോടെ തെരച്ചിൽ നടത്തിയിരുന്നവർ അതു നിർത്തി കരയിൽ കയറി. കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കുപ്രചാരണമാണെന്നും മനസിലായത്. കുട്ടിയുടെ കുടുംബത്തെ വിളിച്ചും ചിലർ ഇല്ലാത്ത കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇന്നലെ അരിപ്രോട് പുഴയിൽ കുട്ടിയെ കണ്ടെത്തിയെന്നായിരുന്നു മറ്റൊരു സന്ദേശം. അതോടെ അവിടേയും തെരച്ചിൽ നിലച്ചു. ഇവിയും നിജസ്ഥിതി മനസിലാക്കി വീണ്ടും തെരച്ചിലിന് ഇറങ്ങേണ്ടി വന്നു.

സോഷ്യൽ മീഡിയ വഴി ഇത്തരം സ്ഥിരീകരണം ഇല്ലാത്ത ഓരോ വിവരങ്ങൾ ലഭിക്കുമ്പോഴും നാട്ടുകാർ ഉത്ക്കണ്ഠയിലാണ്. മറ്റൊരിടത്തു നിന്നും കുട്ടിയുടെ മൃതദേഹം ലഭിച്ചെന്ന് സന്ദേശം വന്നിരുന്നു. അതോടെയും തെരച്ചിൽ പൂർണ്ണമായും നിർത്തി. ഒരു നാട് മുഴുവൻ കുട്ടിയെ കാണാതായതിന്റെ വേദനയിൽ ഉരുകുമ്പോഴാണ് സമൂഹ മാധ്യമങ്ങളിലൂടെ ക്രൂരമായ പ്രചാരണം അഴിച്ചു വിടുന്നത്.

വ്യാജപ്രചാരണങ്ങളിൽ പൊറുതിമുട്ടിയതോടെ ജില്ലാ കലക്ടർ ജീവൻ ബാബു ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോടാത്തു നിന്നും മറ്റൊരു സന്ദേശം കൂടി എത്തിയതോടെ വീട്ടുകാരും നാട്ടുകാരും പിന്നെ ആ വഴിക്കാണ് ആലോചിച്ചത്. ഒരു നാടോടി സംഘത്തിനൊപ്പം കുട്ടിയെ കണ്ടെന്നായിരുന്നു വിവരം. അതോടെ കർണ്ണാടകത്തിലും തമിഴ്‌നാട്ടിലുമുള്ള പൊലീസ് സ്റ്റേഷനുകളിൽ സന ഫാത്തിമയുടെ ഫോട്ടോയും വിവരങ്ങളും പൊലീസ് അയച്ചു കൊടുത്തു.

ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴയുമുണ്ട്. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമാംബികയും അധികൃതരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പൊലീസിനും ഫയർ ഫോഴ്സിനും ഒപ്പം നാട്ടുകാരും ചന്ദ്രഗിരി പുഴയുടെ ഓരോ ഇടങ്ങളിലും തിരച്ചിൽ തുടരുകയാണ്.