- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദൈവത്തിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്നസാക്ഷാത്കാരമാണ്; ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ; ആദ്യ ഹജ്ജിന്റെ അനുഭവങ്ങൾ പങ്കുവെച്ച് സനാ ഖാൻ; സന ഹജ്ജിനെത്തിയത് ഭർത്താവ് മുഫ്തി അനസ് സെയ്ദിനൊപ്പം
ജീവിതത്തിലെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങൾ പങ്കുവെച്ച് മുൻ അഭിനേത്രിയായിരുന്ന സനാ ഖാൻ. വികാരങ്ങൾ പങ്കുവെയ്ക്കാൻ വാക്കുകളില്ലെന്നും ഒരു പൂവു ചോദിച്ചപ്പോൾ ദൈവം ഒരു പൂക്കാലം തന്നുവെന്നും സനാ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഭർത്താവ് മുഫ്തി അനസ് സെയ്ദിനൊപ്പമാണ് സന തീർത്ഥാടനത്തിനെത്തയത്.
'ദൈവത്തിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്നസാക്ഷാത്കാരമാണ്. ഓരോരുത്തർക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. ദൈവത്തോട് ഞാനൊരു പൂവാണ് ചോദിച്ചത്. ദൈവം ഒരു പൂന്തോട്ടം തന്നെ തിരിച്ചുനൽകി. ക്ഷമയും ദൈവസമർപ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി.'-സന ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചു. ഇതോടൊപ്പം ഹജ്ജ് അനുഭവത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. മുംബൈയിൽ ജനിച്ചു വളർന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാർഹിക പീഡനം ആരോപിച്ച് 2020 ഫെബ്രുവരിയിൽ സന മെൽവിൻ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറിൽ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്യുകയും ചെയ്തു.