കോഴിക്കോട്: ഫറൂഖ് കോളേജിലെ അദ്ധ്യാപകൻ ജവഹർ മുനവർ വിദ്യാർത്ഥിനികൾക്കെതിരെ നടത്തിയ വത്തയ്ക്ക പരാമർശം വിവാദമായിരിക്കുകയാണ്.എന്നാൽ അദ്ധ്യാപകന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്തതാണെന്ന് വാദവുമായി വിദ്യാർത്ഥിനി രംഗത്തെത്തി. എംഎസ്എഫ് ഹരിത സ്റ്റേറ്റ് മീഡിയ വിങ് അംഗം സന മെഹ്‌റീനാണ് പ്രസ്താവനയിലൂടെ അദ്ധ്യാപകന് പിന്തുണ അറിയിച്ചത്. ജവഹർ മുനവർ മത നിയമങ്ങളെ പറ്റി ഒരു മത പ്രഭാഷണ വേദിയിൽ നടത്തിയതാണ് പ്രസംഗം. ഇതിന്റെ പേരിൽ കോളേജിൽ എസ്എഫ്‌ഐ നടത്തുന്ന ദുഷ്പ്രചാരണം അവസാനിപ്പിക്കണമെന്നും സന മെഹ്‌റീൻ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം:

ഫാറൂഖ് കോളേജിലെ ജൗഹർ മുനവ്വർ എന്ന അദ്ധ്യാപകൻ പറഞ്ഞതിൽ എന്താണ് ഇത്ര വലിയ തെറ്റ് എന്നും കോളേജിനെതിരെ sfi നടത്തുന്ന ദുഷ്പ്രചാരണം അവസാനിപ്പിക്കണം എന്നും msf ഹരിത സ്റ്റേറ്റ് മീഡിയ വിങ് അംഗം സന മെഹ്റിൻ പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തി എടുത്ത ചില മാധ്യമങ്ങളുടെ നടപടി ദൗർഭാഗ്യകരം ആണ്. അദ്ദേഹം മത നിയമങ്ങളെ പറ്റി ഒരു മത പ്രഭാഷണ വേദിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ കോളേജിലേക്ക് മാർച്ച് നടത്തുന്ന SFI നിലപാട് ശരിയല്ലെന്നും കേരളത്തിൽ അങ്ങോളമിങ്ങോളം വർഗീയ പ്രസംഗം നടത്തിയ ശശികല ടീച്ചർക്കെതിരെ ആരോപണങ്ങൾ വന്നപ്പോൾ വല്ലപ്പുഴ സ്‌കൂളിലേക്ക് SFI മാർച്ച് നടത്തിയത് കണ്ടില്ലല്ലോ എന്നും പ്രസ്താവനയിൽ ചോദിക്കുന്നു..