കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ നടി മഞ്ജു വാര്യരെ അപമാനിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ സനൽ കുമാർ ശശിധരൻ സ്‌റ്റേഷൻ ജാമ്യം നിഷേധിക്കുന്നത് പൊലീസിന് തലവേദനയാകും. സ്‌റ്റേഷൻ ജാമ്യം കൊടുക്കാവുന്ന കേസിൽ എന്തിനാണ് തന്നെ ക്രൂരമായി അറസ്റ്റു ചെയ്തതെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ മഞ്ജുവിന്റെ രക്ഷകനാണ് താനെന്ന ചിന്തയാണ് സനൽകുമാർ ശശിധരനുള്ളത്.

മഞ്ജുവിനെ നായികയാക്കി സനൽകുമാർ സംവിധാനം ചെയ്ത 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മഞ്ജുവിനെ ഇയാൾ തുടർച്ചയായി ഫോൺവിളിച്ചതനെത്തുടർന്ന് അവർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. എങ്കിലും ഇയാൾ വാട്‌സ്ആപ്പിലൂടെയും ഇ-മെയിലിലൂടെയും നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയാണുണ്ടായത്. ഇയാളെ നേരിട്ട് വിളിച്ചു താക്കീത് ചെയ്‌തെങ്കിലും ഇയാൾ പിന്മാറാൻ കൂട്ടാക്കാത്തിതിനെത്തുടർന്നാണ് തെളിവുകൾ സഹിതം സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകിയത്. രണ്ടാമത്തെ പരാതിയിലാണ് കേസെടുക്കൽ.

മഞ്ജു വാര്യരോടു പ്രണയാഭ്യർഥന നടത്തിയിരുന്നുവെന്നും അതു നിരസിച്ചപ്പോഴാണ് ശല്യം ചെയ്യൽ ആരംഭിച്ചതെന്നും പൊലീസ് പറയുന്നു. ഇതു വ്യക്തമാക്കുന്ന മൊബൈൽ സന്ദേശങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു. എന്നാൽ ഗുരുതര കുറ്റങ്ങൾ ചുമത്തേണ്ട തെളിവുകുളൊന്നും കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. പ്രണയാഭ്യർത്ഥനയിൽ ജാമ്യമില്ലാ കേസെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ചെറിയ കുറ്റങ്ങൾ ചുമത്തിയത്. അതിനിടെ താൻ മാത്രമേ മഞ്ജുവിനെ രക്ഷിക്കാനുള്ളൂവെന്ന തോന്നലാണ് സനൽകുമാർ ശശിധരനെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നതെന്ന വിലയിരുത്തലും ഉണ്ട്. തെറ്റായ ഈ തോന്നലാണ് ശല്യപ്പെടുത്തലായി മാറിയത്.

2019 ഓഗസ്റ്റ് മുതൽ മൊബൈൽ സന്ദേശങ്ങളിലൂടെയും ഇ-മെയിലിലൂടെയും ഇയാൾ പ്രണയാഭ്യർഥന നടത്തിയെന്നും ഇതു നിരസിച്ചതിലുള്ള വിരോധമാണ് പിന്തുടർന്ന് ശല്യം ചെയ്യാൻ കാരണമെന്നുമാണ് മഞ്ജുവാര്യർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു നൽകിയ പരാതിയിലുള്ളത്. ഇയാളെ പിടികൂടാനായി ഇന്നലെ രാവിലെ രാവിലെ സനൽ കുമാറിന്റെ പെരുംകടവിളയിലെ വീട്ടിലെത്തി എളമക്കര പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പാറശാലയിൽ ഉണ്ടെന്നു മനസിലാക്കിയ പൊലീസ് മഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തി മടങ്ങവേ പാറശാല പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഈ ക്ഷേത്രത്തിലും മഞ്ജു വാര്യർക്ക് വേണ്ടിയായിരുന്നു പൂജയെന്നാണ് സൂചന.

പൊലീസ് കസ്റ്റഡിയിൽ അകപ്പെട്ടുവെന്നു മനസിലാക്കിയ സനൽ കുമാർ ശശിധരൻ ബഹളം വയ്ക്കുകയും തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിക്കുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് അവിടെ സൃഷ്ടിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിൽ ഇയാളെ എത്തിച്ചു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് എളമക്കര പൊലീസ് ഇൻസ്‌പെക്ടർ സാബുജി പറഞ്ഞു. മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും അവർക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ നിയന്ത്രണത്തിലാണെന്നും മറ്റും ആരോപിച്ചു സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു.

മഞ്ജു വാര്യരെ തട്ടിക്കൊണ്ടുപോയതായി ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതുകണ്ട് അന്യ സംസ്ഥാനത്തുനിന്നുള്ള സിനിമാ പ്രവർത്തകർ അന്വേഷിച്ചു വിളിച്ചിരുന്നെന്നും ഇതു തനിക്കു മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും മഞ്ജു പരാതിയിൽ പറഞ്ഞു. തൊഴിലിനെ ബാധിക്കുന്ന രീതിയിൽ അപകീർപ്പെടുത്തുന്ന പ്രചാരണം ഇയാൾ നടത്തിയിരുന്നെന്നും പരാതിയിലുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.